മാഡ്രിഡ്: സ്‌പെയിന്‍ പൊതു തെരഞ്ഞെടുപ്പില്‍ ജനം ഇന്ന് (നവംബര്‍ 29, ഞായര്‍) വിധിയെഴുതും. 1975ലെ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ മരണത്തെത്തുടര്‍ന്ന് ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടതിനു ശേഷം ആദ്യമായി സ്‌പെയിനില്‍ ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടി അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള തെരഞ്ഞെടുപ്പാണിത്.

സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും (പി.എസ്.ഒ.ഇ) ആല്‍ബെര്‍ട്ടോ നൂനെസ് ഫെയ്ജൂവിന്റെ നേതൃത്വത്തിലുള്ള വലത് പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടിയും (പി.പി) തമ്മിലാണ് പ്രധാന മത്സരം. തീവ്ര വലത് പാര്‍ട്ടിയായ വോക്‌സുമായി സഖ്യമുണ്ടാക്കി പീപ്പിള്‍സ് പാര്‍ട്ടി ഇത്തവണ അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ 38.6 ദശലക്ഷത്തിലധികം സ്പാനിഷ് പൗരന്മാര്‍ക്ക് വോട്ട് ചെയ്യാം. രണ്ടാഴ്ച നീണ്ടുനിന്ന തീവ്രമായ പ്രചാരണത്തിന് ശേഷം, പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന മത്സരാര്‍ത്ഥികള്‍ ശനിയാഴ്ച റാലികളും രാഷ്ട്രീയ പരിപാടികളും ഒഴിവാക്കി, പരമ്പരാഗതമായ ‘ചിന്താദിനം’ ആചരിക്കുകയാണ്.

പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യായാമം ചെയ്തും കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചുമാണ് ചിന്താ ദിനം ചെലവഴിച്ചത്. അതേസമയം, ആല്‍ബെര്‍ട്ടോ നൂനെസ് ഫെയ്ജൂ സ്യൂട്ടയിലേക്ക് യാത്ര തിരിച്ചു. അവിടെ അദ്ദേഹത്തിന് മറ്റ് രാഷ്ട്രീയ പരിപാടികളൊന്നുമില്ല.

നേരത്തേ നടക്കുന്ന തെരഞ്ഞടുപ്പ്

2027ലായിരുന്നു സ്‌പെയിനിലെ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ സ്ഥാനമൊഴിയേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുന്നതിനായി സാഞ്ചസ് സര്‍ക്കാര്‍ അവതരിപ്പിച്ച അടിയന്തര നിയമനിര്‍മ്മാണത്തെ, വലതുപക്ഷ, തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പരാജയപ്പെടുത്തിയതിനെത്തുടര്‍ന്ന്, ഒക്ടോബറില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ മാഡ്രിഡില്‍ മരിയ ഡെല്‍ കാര്‍മെന്‍ അബാസ്‌കല്‍ എന്ന 87 വയസ്സുകാരിയെ വാടക വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തെത്തുടര്‍ന്നാണ് സാഞ്ചസ് സര്‍ക്കാര്‍ അടിയന്തര നിയമ നിര്‍മാണത്തിന് ശ്രമിച്ചത്. 230 ശതമാനം വാടക വര്‍ധിപ്പിച്ചപ്പോള്‍ അത് നല്‍കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നാണ് അവരെ ഒഴിപ്പിച്ചത്. ഇത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.

രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, പാര്‍പ്പിട ലഭ്യത മെച്ചപ്പെടുത്തുന്നതിനായി സാഞ്ചസിന്റെ ന്യൂനപക്ഷ സഖ്യസര്‍ക്കാര്‍ ചില നടപടികള്‍ ആവിഷ്‌കരിച്ചു. 2030 വരെ ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുന്നത് തടയുന്നതും, താല്‍ക്കാലിക വാടക കരാറുകളും മുറികള്‍ വാടകയ്ക്ക് നല്‍കുന്നതും നിയന്ത്രിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്‌സ്, കാറ്റലന്‍ രാഷ്ട്രവാദി പാര്‍ട്ടിയായ ജന്റ്‌സ് എന്നിവര്‍ ചേര്‍ന്ന് സാഞ്ചസിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ തള്ളിയിരുന്നു. ഇതോടെ സാഞ്ചസ് തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചു. അപ്രതീക്ഷിത നീക്കങ്ങളിലൂടെ രാഷ്ട്രീയമായി അതിജീവനം നടത്തി ശീലമുള്ള നേതാവാണ് സാഞ്ചസ്. പാര്‍പ്പിട മേഖലയിലെ പരിഷ്‌കാരങ്ങള്‍ തടയാനുള്ള എതിരാളികളുടെ തീരുമാനം തനിക്ക് തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന് കണക്കുകൂട്ടിക്കൊണ്ട് ഇത്തവണയും സമാനമായ അപ്രതീക്ഷിത നീക്കം നടത്തുകയായിരുന്നു.

സാധ്യത വലത് സഖ്യത്തിന്

രാജ്യത്ത് ഈ തെരഞ്ഞെടുപ്പില്‍ സാഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് വിജയിക്കാന്‍ പ്രയാസമായിരിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പീപ്പിള്‍സ് പാര്‍ട്ടിക്കാണ് അഭിപ്രായ സര്‍വേകളില്‍ മേല്‍ക്കൈ. ഈ പാര്‍ട്ടിയുമായുള്ള അന്തരം മൂന്ന് ശതമാനത്തില്‍ താഴെയായി കുറയ്ക്കാന്‍ സാഞ്ചസിന്റെ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. എന്നാലും തീവ്ര വലതുപക്ഷവുമായി സഖ്യമുണ്ടാക്കി വലതുപക്ഷം തന്നെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

പീപ്പിള്‍സ് പാര്‍ട്ടി ഒന്നാമതെത്തുമെന്നും എന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും തുടര്‍ച്ചയായി നടന്ന പല സര്‍വേകളും പ്രവചിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വോക്‌സ് പാര്‍ട്ടിയുമായി ധാരണയിലെത്തേണ്ടി വരും. കോണ്‍ഗ്രസ് ഓഫ് ഡെപ്യൂട്ടീസ് എന്ന 350 അംഗ സ്പാനിഷ് പാര്‍ലമെന്റില്‍ 176 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇത് നേടാന്‍ പീപ്പിള്‍സ് പാര്‍ട്ടി – വോക്‌സ് സഖ്യത്തിന് കഴിയുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ പറയുന്നു.

അവസാന നിമിഷം സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി മുന്നേറ്റം നടത്തി ഒന്നാമതെത്തിയാല്‍ പോലും മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ക്ക് പ്രയാസമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇടതുപക്ഷമായ ബ്രോഡ് ഫ്രണ്ട് സഖ്യത്തിലെ കക്ഷികളുടെയും പ്രാദേശിക ദേശീയവാദ പാര്‍ട്ടികളുടെയും പിന്തുണയാണ് സാഞ്ചസിന്റെ പാര്‍ട്ടിക്ക് ലഭിക്കാന്‍ സാധ്യതയുള്ളത്.

സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ എട്ടു വര്‍ഷത്തെ ഭരണത്തെക്കുറിച്ച് രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയിന്‍ സാമൂഹിക പുരോഗതിയുടെ കേന്ദ്രവും, സാമ്പത്തിക വളര്‍ച്ചയില്‍ മന്ദഗതിയിലായ യൂറോപ്പില്‍ ഒരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ശക്തിയുമായി മാറിയിരിക്കുന്നു എന്നാണ് സാഞ്ചസിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ വര്‍ഷങ്ങളായുള്ള അഴിമതിയും അവസരവാദവുമാണ് സ്‌പെയിനിലെന്നും ഇതില്‍ നിന്ന് മാറ്റം വേണമെന്നുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതീക്ഷ കൈവിടാതെ സാഞ്ചസ്

അതേസമയം, പ്രതികൂലമായ പ്രവചനങ്ങള്‍ക്കിടയിലും, വലതുപക്ഷ മുന്നേറ്റത്തെ തടയാന്‍ ഇടതുപക്ഷ ചിന്താഗതിക്കാരായ വോട്ടര്‍മാര്‍ തന്നെ പിന്തുണക്കുമെന്ന് സാഞ്ചസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ‘നമ്മള്‍ പരാജയപ്പെടുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല,’ എന്ന് വെള്ളിയാഴ്ച ഒരു റേഡിയോ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ഈ തിരഞ്ഞെടുപ്പ് ഒരേയൊരു കാര്യത്തെക്കുറിച്ചാണ്. സ്‌പെയിന്‍ മുന്നോട്ട് പോകുമോ അതോ പിന്നോട്ട് പോകുമോ എന്നതിനെക്കുറിച്ച്,’ എന്ന് മാഡ്രിഡില്‍ നടന്ന അവസാന പ്രചാരണ റാലിയിലും സാഞ്ചസ് പറഞ്ഞു. രാജ്യം ഇപ്പോള്‍ ഏറ്റവും മികച്ച അവസ്ഥയിലാണെന്നും സാഞ്ചസ് പറഞ്ഞു. 54-കാരനായ സാഞ്ചസാണ് 2018 മുതല്‍ സ്‌പെയിനില്‍ അധികാരത്തില്‍.

2023ലെ തെരഞ്ഞെടുപ്പില്‍ സാഞ്ചസിന്റെ പാര്‍ട്ടി രണ്ടാം സ്ഥാനത്തായിരുന്നു. തുടര്‍ന്ന് ഇടതുപക്ഷ പാര്‍ട്ടികളുടെയും കാറ്റലന്‍, ബാസ്‌ക് വിഭാഗങ്ങളുടെയും പിന്തുണയോടെ സാഞ്ചസ് വീണ്ടും അധികാരത്തുകയായിരുന്നു.

യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ വലതുപക്ഷം അധികാരം നേടുന്ന കാലഘട്ടത്തില്‍ യൂറോപിലെ പുരോഗമനവാദികള്‍ക്കിടയില്‍ സാഞ്ചെസ് ഒരു ജനപ്രിയ വ്യക്തിയായി മാറിയിരിക്കുന്നു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തെ വംശഹത്യ എന്ന് വിശേഷിപ്പിക്കാന്‍ മടി കാണിക്കാതിരുന്ന നേതാവാണ് സാഞ്ചസ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹം പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. പ്രതിരോധ ചെലവ് അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്ന നാറ്റോ അംഗരാജ്യങ്ങളുടെ ആവശ്യം സാഞ്ചസ് അംഗീകരിച്ചിരുന്നില്ല.

Content Highlight: Spain to vote in election that could put far right in power