വാരാണസി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ജനങ്ങളെ സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി. വാരാണസിയില്‍ നടന്ന അഞ്ചാമത് കാശി തമിഴ് സംഗമത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ്യുടെ നടപടികള്‍ പ്രീണന രാഷ്ട്രീയത്തിന്റെ അങ്ങേയറ്റമാണെന്ന് മന്ത്രി വിമര്‍ശിച്ചു. ക്രിസ്തുമതത്തെ ഉദ്ദേശിച്ചാണോ ഈ പരാമര്‍ശമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ക്രിസ്തുമതത്തെയോ ഇസ്ലാമിനേയോ മാത്രം ഉദ്ദേശിച്ചല്ലെന്നും രാഷ്ട്രീയ ലാഭത്തിനായുള്ള ന്യൂനപക്ഷ പ്രീണനത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും ജോഷി പറഞ്ഞു.
മധുരയിലെ തിരുപ്പറങ്കുണ്ഡ്രം കുന്നിന് മുകളിലുള്ള ദീപസ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങളെയും കേന്ദ്രമന്ത്രി പരാമര്‍ശിച്ചു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ദീപം തെളിയിക്കുന്നതിന് മുന്‍പ് ഈ വിഷയത്തില്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.
നേരിട്ട് ക്ഷണിക്കുകയും ഓഫീസില്‍ നിന്ന് നിരന്തരം ബന്ധപ്പെടുകയും ചെയ്തിട്ടും കാശി തമിഴ് സംഗമത്തില്‍ നിന്ന് വിജയ് വിട്ടുനിന്നുവെന്നും ജോഷി പറഞ്ഞു. ക്ഷണിച്ചപ്പോള്‍ ‘നോക്കാം’ എന്ന മറുപടി മാത്രമാണ് മുഖ്യമന്ത്രി നല്‍കിയതെന്നും ബി.ജെ.പി അവകാശപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസ ഫണ്ട് ലഭിക്കുന്നതിനായി തമിഴ്നാട് ആദ്യം പി.എം ശ്രീ സ്കൂളുകള്‍ സ്ഥാപിക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ‘സ്കൂളുകള്‍ നിര്‍മിച്ചാല്‍ പണം നല്‍കാം’ എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Content Highlight: Vijay is trying to convert people to his own religion; he engages in the politics of appeasement: Pralhad Joshi
