കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ അംഗീകൃത മദ്രസകളില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുവന്നിരുന്ന വെള്ളിയാഴ്ചകളിലെ പ്രതിവാര അവധി ഒഴിവാക്കാന്‍ ഉത്തരവിട്ട് സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ്. പകരം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമാനമായി ഞായറാഴ്ച മാത്രം പ്രതിവാര അവധി നല്‍കാനാണ് നിര്‍ദേശം.
നവംബര്‍ 27ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ അംഗീകൃത മദ്രസകളുടെ ദൈനംദിന അക്കാദമിക്, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനായി 2026-ലെ അക്കാദമിക് കലണ്ടര്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാ സ്ഥാപന മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും.
ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കുന്നതിനായി പല മദ്രസകളും വെള്ളിയാഴ്ച അവധി നല്‍കുകയും പകരം ഞായറാഴ്ച പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഞായറാഴ്ച ഒഴികെയുള്ള മറ്റ് പ്രവൃത്തിദിനങ്ങളിലെ പ്രതിവാര അവധി പൂര്‍ണമായും നിര്‍ത്തലാക്കി.
പാഠ്യപദ്ധതി പരിഷ്കാരങ്ങള്‍, സ്കൂള്‍ ഫീസ് ഘടനകളിലെ പരിഷ്കാരങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള വസ്ത്രധാരണ നിയന്ത്രണങ്ങള്‍, ബയോമെട്രിക് ഹാജര്‍ ഏര്‍പ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നിരവധി നടപടികള്‍ക്കിടയിലാണ് ഈ നീക്കം.
ഞായറാഴ്ചകളിലെ പ്രതിവാര അവധിക്ക് പുറമെ, സംസ്ഥാന സര്‍ക്കാരോ ബോര്‍ഡോ പ്രഖ്യാപിക്കുന്ന പൊതുഅവധികള്‍, ദേശീയ ദിനങ്ങള്‍, മതപരമായ വിശേഷ ദിവസങ്ങള്‍ എന്നിവയിലെ അവധികള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
സുവേന്ദു അധികാരി മുഖ്യമന്ത്രിയായതിന് പിന്നാലെ മദ്രസകളില്‍ നിരന്തരം പരിശോധന നടത്തുന്നുണ്ട്. സെപ്റ്റംബറില്‍, സംസ്ഥാനത്തെ 22 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 252 അനധികൃത മദ്രസകള്‍ അടച്ചുപൂട്ടാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു. മതിയായ രേഖകളുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അപര്യാപ്തത, സാമ്പത്തിക ധനസഹായ സ്രോതസുകളിലെ പൊരുത്തക്കേടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദിഷ്ട മാനദണ്ഡങ്ങളുടെ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഒക്ടോബറില്‍ 206 അംഗീകൃത മദ്രസകളുടെ വെള്ളിയാഴ്ച അവധികള്‍ റദ്ദാക്കിയ ഉത്തരാഖണ്ഡ് സര്‍ക്കാരും സമാന തീരുമാനം നടപ്പിലാക്കിയിരുന്നു.
Content Highlight: End to Friday holidays in Madrasas; Suvendu Sarkar designates Sunday as the weekly holiday.
