തിരുവന്തപുരം: ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഡി.എം.കെയുടെ നിലപാടിനെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഒരിക്കലും ഡി.എം.കെ ബി.ജെ.പിയെ പിന്തുണച്ചിട്ടില്ലെന്നും ബി.ജെ.പിയുടെയും ഡി.എം.കെയുടെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ യോജിച്ചുപോകില്ലെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
രാജ്യത്തിന്റെ ഭാവി തന്നെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഈ നീക്കം അംഗീകരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് യാതൊരു സ്വാധീനവും ചെലുത്താനാകില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടിക്ക് ബി.ജെ.പിക്കൊപ്പം പോകാനാകില്ല. ഡി.എം.കെ സ്വീകരിച്ച നടപടി വിഡ്ഢിത്തമാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ പാര്‍ട്ടി നേരിടേണ്ടിവരും. ബി.ജെ.പിയെ പിന്തുണച്ചതിലൂടെ ഡി.എം.കെ വലിയ രാഷ്ട്രീയ മണ്ടത്തരമാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മോദി ഭരണകൂടത്തിന്റെ പരിഷ്‌കരിച്ച മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി.എം.കെ പിന്തുണയക്കാന്‍ തീരുമാനിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എം.പിമാരുടെ പ്രമേയവും ഡി.എം.കെ പാസാക്കിയിട്ടുണ്ട്. തുടക്കം മുതല്‍ ബില്ലിനെ എതിര്‍ത്ത പാര്‍ട്ടി അധ്യക്ഷന്‍ ചുവട് മാറ്റിയിരിക്കുകയാണ്.
ഡി.എം.കെ ഉന്നയിച്ച രണ്ട് പ്രധാന ആവശ്യങ്ങള്‍ പുതുക്കിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന ന്യായമാണ് എം.കെ സ്റ്റാലിന്‍ മുന്നോട്ട് വെക്കുന്നത്. ബില്ല് പാസാക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന് കുറഞ്ഞത് മൂന്നില്‍ രണ്ട് എം.പിമാരുടെ പിന്തുണ ആവശ്യമായതിനാല്‍ ഡി.എം.കെയുടെ ഈ തീരുമാനം ഏറെ നിര്‍ണായകമാണ്.
പാര്‍ട്ടിക്ക് 22 ലോക്‌സഭാ എം.പിമാരാണുള്ളത്. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകമായേക്കാം. നേരത്തെ തന്നെ ഡി.എം.കെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിച്ചതായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു.
ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയം പാര്‍ലമെന്റില്‍ തങ്ങളുടെ പ്രാതിനിധ്യം ദുര്‍ബലപ്പെടുത്തിയേക്കാമെന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഡി.എം.കെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
Content Highlight: Ramesh Chennithala Criticize D.M.K For Supporting B.J.P
