സൗദി പ്രോ ലീഗില്‍ അല്‍ ഹസെമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അല്‍ നസര്‍. ശനിയാഴ്ച ബുറൈദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ലീഗിലെ പതിമൂന്നാം റൗണ്ട് മത്സരത്തില്‍ ആതിഥേയരെ തോല്‍പ്പിച്ചതോടെ അല്‍ നസര്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്.

ഒന്നാമതുള്ള അല്‍ ഖദിസിയയുമായി പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമാണ് അല്‍ നസ്ര്‍. ഇരു ടീമുകള്‍ക്കും 31 പോയിന്റ് വീതമാണുള്ളത്.

26ാം മിനിട്ടില്‍ മധ്യനിരതാരം സാമു കോസ്റ്റ നേടിയ ഗോളാണ് അല്‍ നസറിന് മൂന്ന് പോയിന്റുകള്‍ നേടിക്കൊടുത്തത്. ജാവോ ഫെലിക്‌സിന്റെ ക്രോസ് എതിര്‍ടീം ഗോള്‍കീപ്പര്‍ തട്ടിയകറ്റിയതിനെത്തുടര്‍ന്ന് ബോക്‌സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ കോസ്റ്റയുടെ കാലില്‍ കിട്ടിയ പന്ത് താരം വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിലെ ഗോളോടെ അല്‍ നസ്ര്‍ ലീഗില്‍ മറ്റൊരു റെക്കോഡുമിട്ടു. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി 100 മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ ടീമായി അല്‍ നസര്‍ മാറി.

പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫികയും അര്‍ജന്റൈന്‍ ക്ലബ് റിവര്‍പ്ലേറ്റും തുടര്‍ച്ചയായ 93 മത്സരങ്ങളില്‍ ഗോള്‍ നേടിയിട്ടുണ്ട്.

2023 ഡിസംബറില്‍ അല്‍ റിയാദിനെതിരെയാണ് അല്‍ നസ്ര്‍ ഗോള്‍വേട്ട ആരംഭിച്ചത്. അതിന് ശേഷം തുടര്‍ച്ചയായ 100 മത്സരത്തിലും ടീം ഗോള്‍ കണ്ടെത്തി. ലീഗിലെ മറ്റൊരു ക്ലബ്ബിനും ഈ നേട്ടത്തിനടുത്ത് എത്താനായിട്ടില്ല. അല്‍ ഹിലാല്‍ തുടര്‍ച്ചയായി 88 മത്സരങ്ങളില്‍ ഗോള്‍ നേടിയിട്ടുണ്ട്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജാവോ ഫെലിക്‌സ്, സാഡിയോ മാനെ എന്നിവരടങ്ങുന്ന ആക്രമണ നിര തന്നെയാണ് അല്‍ നസറിന്റെ കരുത്ത്.

തന്റെ കരിയറിലെ ആയിരാമത് ഗോളെന്ന ചരിത്രനേട്ടത്തിന് തൊട്ടടുത്തുള്ള ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മത്സരത്തില്‍ സ്‌കോര്‍ ചെയ്യാനാവില്ല. 1000 ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡിലെത്താന്‍ റോണോയ്ക്ക് ഇനി വെറും 13 ഗോളുകള്‍ മതി.

ഈ സീസണിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒമ്പത് ഗോളുകളുമായി റൊണാള്‍ഡോ രണ്ടാമത്. 14 ഗോളുകളുമായി അല്‍ അഹ്‌ലിയുടെ ഐവാന്‍ ടോണിയാണ് ഒന്നാമത്.

Content Highlight: Ronaldo’s Al Nassr FC becomes first team in football  history to score in  100 consecutive matches