എം.എല്‍.എസ് കപ്പ് നിലനിര്‍ത്താനുള്ള ഇന്റര്‍ മയാമിയുടെ മോഹങ്ങള്‍ക്ക് പ്ലേ ഓഫിലെ ആദ്യ റൗണ്ടില്‍ തന്നെ തിരിച്ചടി. ഇഞ്ചുറി ടൈമില്‍ സാന്റിയാഗോ റോഡ്രിഗസ് നേടിയ ഗോളില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയെ 1-0ന് കൊളംബസ് ക്രൂ തോല്‍പ്പിച്ചു. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ മയാമി എം.എല്‍.എസ് കപ്പ് പ്ലേ ഓഫിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി.

വെള്ളിയാഴ്ച നടന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റിലാണ് റോഡ്രിഗസ് വിജയഗോള്‍ നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ആദ്യ റൗണ്ടില്‍ കൊളംബസ് 2-0ന് മുന്നിലെത്തി. ഫ്‌ലോറിഡയില്‍ നടന്ന ആദ്യ മത്സരത്തില്‍ 3-0നായിരുന്നു കൊളംബസിന്റെ അട്ടിമറി ജയം.

ഡേവിഡ് ബെക്കാം സഹ ഉടമയായുള്ള മയാമി ഫ്രാഞ്ചൈസിക്ക് ഈ സീസണിലെ നിരാശകള്‍ക്ക് ആശ്വാസം കണ്ടെത്താനുള്ള അവസാന അവസരമായിരുന്നു എം.എല്‍.എസ് കപ്പ് കിരീടം നിലനിര്‍ത്തുക എന്നത്. ടീം കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന്റെ പ്രീക്വാര്‍ട്ടറിലും ലീഗ്‌സ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പുറത്തായിരുന്നു.

ഈ സീസണില്‍ മയാമിയുടെ ട്രോഫി ഷെല്‍ഫിലെത്തിയ ഏക കിരീടം കാംപിയോണസ് കപ്പായിരുന്നു. എം.എല്‍.എസിലെയും മെക്‌സിക്കന്‍ ലീഗിലെയും ചാമ്പ്യന്മാര്‍ തമ്മില്‍ വര്‍ഷംതോറും നടക്കുന്ന മത്സരമാണിത്.

റെഗുലര്‍ സീസണില്‍ എം.എല്‍.എസിലെ ടോപ് സ്‌കോററായ മെസ്സിക്ക് ഇത് മറ്റൊരു നിരാശയായി. തുടര്‍ച്ചയായി മൂന്നാം തവണയും എം.വി.പി പുരസ്‌കാരം നേടാനുള്ള സാധ്യതയുള്ള താരം കളിച്ച മൂന്ന് എംഎല്‍എസ് കപ്പ് പ്ലേ ഓഫുകളില്‍ രണ്ടാമത്തെ തവണയാണ് ആദ്യ റൗണ്ടില്‍ത്തന്നെ പുറത്താവുന്നത്.

2024ല്‍ അറ്റ്‌ലാന്റ യുണൈറ്റഡിനോടായിരുന്നു മയാമിയുടെ ആദ്യ റൗണ്ട് തോല്‍വി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ടീം ആദ്യമായി എം.എല്‍.എസ് കപ്പ് കിരീടം സ്വന്തമാക്കി.

മെസ്സിക്കൊപ്പം ലൂയിസ് സുവാരസ്, കാസെമിറോ, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ വമ്പന്‍ താരങ്ങളടങ്ങിയ മയാമിക്ക് ഒഹായോയിലെ സ്‌കോട്ട്‌സ് മിറാക്കിള്‍ ഗ്രോ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു.

മത്സരം അവസാനിക്കാന്‍ ആറു മിനിറ്റ് മാത്രം ശേഷിക്കെ ജര്‍മന്‍ ബെര്‍ട്ടറാമെയ്ക്ക് ലഭിച്ച സുവര്‍ണാവസരം പാഴായി. തൊട്ടടുത്തുനിന്നുള്ള താരത്തിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പുറത്തുപോയി.

ഇഞ്ചുറി ടൈം അവസാനിക്കാനിരിക്കെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മൊറോക്കന്‍ താരം അനസ് സറൂരിയുടെ ക്രോസ് ബോക്‌സിനുള്ളില്‍ നിയന്ത്രിച്ച റോഡ്രിഗസ് മയാമി പ്രതിരോധത്തെ മറികടന്ന് കനേഡിയന്‍ ഗോള്‍കീപ്പര്‍ ഡെയ്ന്‍ സെന്റ് ക്ലെയറിനെ കീഴടക്കി പന്ത് വലയിലെത്തിച്ചു.

മയാമിയുടെ പുറത്താകലോടെ എം.എല്‍.എസിലെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് കിരീടം നിലനിര്‍ത്താനാകാത്ത പതിവ് തുടരുകയാണ്. 2012ല്‍ ലോസ് ആഞ്ചലസ് ഗാലക്‌സിക്കുശേഷം ഒരു ടീമിനും തുടര്‍ച്ചയായി കിരീടം നിലനിര്‍ത്താനായിട്ടില്ല.

Content Highlight: MLS Cup Playoffs: Defending champions Inter Miami, featuring Messi, are out.