ഒട്ടാവ: കാനഡയിലെ ക്യൂബെക് പ്രവിശ്യയില്‍ പൊതുമേഖലാ ജീവനക്കാര്‍ ജോലി സമയത്ത് ഹിജാബ് ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ധരിക്കുന്നത് വിലക്കുന്ന വിവാദ നിയമം (ബില്‍ 21) ശരിവെച്ച് കനേഡിയന്‍ സുപ്രീം കോടതി. അധ്യാപകര്‍, പൊലീസ്, ജഡ്ജിമാര്‍, മറ്റ് നിയമവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വിലക്ക് ബാധകം. ക്യൂബക്ക്, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളിലെ ഭരണത്തലവന്മാര് ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഏഴംഗ ബെഞ്ചില്‍ 6-1 ഭൂരിപക്ഷത്തിലാണ് കോടതി ബില്‍ 21 ശരിവെച്ചത്. കനേഡിയന്‍ ഭരണഘടനയിലെ ‘നോട്ട് വിത്ത്സ്റ്റാന്ഡിങ്ങ് ക്ലോസ്’ (Section 33) ഉപയോഗിച്ച് മൗലികാവകാശ വെല്ലുവിളികളില്‍ നിന്ന് ഈ നിയമത്തെ സംരക്ഷിക്കാന്‍ ക്യൂബെക്കിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം, നിയമസഭാംഗങ്ങള്‍ മുഖം മറയ്ക്കരുതെന്ന വ്യവസ്ഥ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഏകകണ്ഠമായി റദ്ദാക്കി.
കൂടാതെ, പ്രവിശ്യാ സര്‍ക്കാരുകള്‍ ‘നോട്ട് വിത്ത്സ്റ്റാന്ഡിങ്ങ് ക്ലോസ്’ ഉപയോഗിച്ചാലും, അത് മൗലികാവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അക്കാര്യത്തില്‍ പ്രസ്താവനകള്‍ നടത്താനും കോടതികള്‍ക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിയമം മുസ്ലിം സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്ന വാദം 4-3 എന്ന നേരിയ ഭൂരിപക്ഷത്തോടെ കോടതി തള്ളിക്കളഞ്ഞു. എന്നാല്‍, ഈ നിയമം ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗസമത്വ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് വിയോജനക്കുറിപ്പ് എഴുതിയ മൂന്ന് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.
2019 ജൂണില്‍ ക്യൂബെക് സര്‍ക്കാര്‍ നടപ്പിലാക്കിയ ബില്‍ 21 പ്രകാരം, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന പൊതുമേഖലാ ജീവനക്കാര്‍ക്ക് ജോലി സമയത്ത് മതചിഹ്നങ്ങള്‍ ധരിക്കാന്‍ അനുവാദമില്ല. ഹിജാബ്, തലപ്പാവ്, കിപ്പ, കുരിശ് തുടങ്ങിയവയെല്ലാം നിരോധനത്തിന്റെ പരിധിയില്‍ വരും.
എന്നാല്‍, 2019 മാര്‍ച്ചിന് മുമ്പ് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നിലവിലെ തസ്തികയില്‍ തുടരുന്നിടത്തോളം കാലം ഈ നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധി കാനഡയില്‍ വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
പ്രവിശ്യയുടെ മതേതരത്വ മൂല്യങ്ങളും സ്വത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രപരമായ വിധിയാണിതെന്ന് ക്യൂബെക് രാഷ്ട്രീയ നേതാക്കള്‍ സ്വാഗതം ചെയ്തു. എന്നാല്‍ വിധി ന്യൂനപക്ഷങ്ങളെ പാര്ശ്വവത്ക്കരിക്കുന്നതാണെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസ്, കനേഡിയന്‍ സിവില്‍ ലിബര്‍ട്ടീസ് അസോസിയേഷന് , വേള്‍ഡ് സിഖ് ഓര്ഗനൈസേഷന് തുടങ്ങിയ സംഘടനകള്‍ വിമര്‍ശിച്ചു.
വിശ്വാസത്തിനും ജോലിക്കും ഇടയില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് ഇതെന്നും അവര്‍ പറയുന്നു. സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാര്‍ വിശദമായി പഠിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
2019ല്‍ നിയമം കൊണ്ടുവന്നതിനുശേഷം മതാചാരങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരുന്നു. 2026 ഏപ്രിലില്‍ പൊതുസര്‍വകലാശാലകള്‍, സര്‍ക്കാര്‍ നസഹായം ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മതാചാരങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. റോഡുകളിലും പാര്‍ക്കുകളിലും കൂട്ടമായി മതാചാരങ്ങള്‍ നടത്തുന്നതിനും വിലക്കുണ്ട്.
ഒക്ടോബറില്‍ അധികാരത്തിലെത്തിയ പാര്‍ട്ടി ക്യൂബെക്കോയിസ് സര്‍ക്കാര്‍ മതപരമായ ശിരോവസ്ത്രങ്ങള്ക്കുള്ള വിലക്ക് പ്രാഥമിക വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Content Highlight: No hijabs or religious symbols in the public sector; Supreme Court upholds controversial Quebec government law
