ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരിച്ച് മുന്‍ താരം ഹനുമ വിഹാരി. നിലവിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് സിറാജെന്നും സിറാജിനെ കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ടീമില്‍ പോലും ഉള്‍പ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിറാജ് പ്ലെയിങ് ഇലവനില്‍ ഇല്ലെങ്കില്‍ ന്യൂസിലാന്‍ഡിനാണ് ഏറ്റവും കൂടുതല്‍ സന്തോഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നിലവിലെ സൈക്കിളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സിറാജ്. ഇംഗ്ലണ്ടില്‍ 180ലധികം ഓവറുകളും ഓസ്‌ട്രേലിയയില്‍ 150ലധികം ഓവറുകളും അദ്ദേഹം എറിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു വര്‍ക്ക്‌ഹോഴ്സാണ് സിറാജ്.

സിറാജിനെ കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ടീമില്‍ പോലും ഉള്‍പ്പെടുത്തരുത്. ബൗളിങ് നിരയില്‍ ആദ്യം ബുംറയുടെ പേരും തൊട്ടുപിന്നാലെ സിറാജിന്റെ പേരുമാണ് എഴുതേണ്ടത്.

നെറ്റ്‌സിലെ പ്രകടനത്തിന്റെയോ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഫോമിന്റെയോ അടിസ്ഥാനത്തിലാണ് ടെസ്റ്റ് മത്സരങ്ങളില്‍ താരങ്ങളെ കളിപ്പിക്കുന്നതെങ്കില്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിനകം കഴിവ് തെളിയിച്ച താരങ്ങള്‍ പിന്നെ എന്താണ് ചെയ്യേണ്ടത്? സിറാജ് പ്ലെയിങ് ഇലവനില്‍ ഇല്ലെങ്കില്‍ ന്യൂസിലാന്‍ഡ് ടീമിനായിരിക്കും ഏറ്റവും കൂടുതല്‍ സന്തോഷം,’ ഹനുമ വിഹാരി

അതേസമയം ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ഹേഗ്‌ലി ഓവലില്‍ നടക്കുകയാണ്. നിലവില്‍ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 246 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കേര്‍ നേടിയത് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്ത ധ്രുവ് ജുറേലാണ്. 170 പന്തില്‍ 88 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നില്ല.

കിവീസിന് വേണ്ടി കൈല്‍ ജാമിസണ്‍ നാല് വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ മാറ്റ് ഹെന്റി, നഥാന്‍ സ്മിത്, ജേക്കബ് ഡഫി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് 356 റണ്‍സാണ് നേടിയത്. 89 റണ്‍സ് നേടിയ ടോം ബ്ലണ്ടലാണ് കിവീസിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്.

ക്യാപ്റ്റന്‍ ടോം ലാതം 128 പന്തില്‍ 59 റണ്‍സും 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സും സ്‌കോര്‍ ഉയര്‍ത്തി.

Content Highlight: Hanuma Vihari Talking About Indian Pacer Mohammed Siraj