ഇടുക്കി: ഇടമലക്കുടിയില്‍ രോഗിയുമായി ആശുപത്രിയിലേക്ക് വീണ്ടും ദുരിതയാത്ര. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 58കാരനെ നാട്ടുകാര്‍ നാല് കിലോമീറ്ററോളം ചുമന്നാണ് വാഹനസൗകര്യമുള്ള സ്ഥലത്തെത്തിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.

കൂടല്ലാര്‍കുടി സ്വദേശിയായ ശിവദാസനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് കൂടല്ലാര്‍കുടിയില്‍ നിന്ന് ആനക്കുളം വരെ ചുമന്നുകൊണ്ടുപോയത്. കമ്പില്‍ തുണി കെട്ടി അതില്‍ കിടത്തിയായിരുന്നു യാത്ര. വഴിയിലെ പുഴകളും തോടുകളും തടിപ്പാലങ്ങളും കടന്ന് കൊടുങ്കാട്ടിലൂടെ ഏറെ പ്രയാസപ്പെട്ടാണ് രോഗിയെ പുറത്തെത്തിച്ചത്.

ആനക്കുളത്ത് നിന്നാണ് ശിവദാസനെ വാഹനത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇടമലക്കുടിയില്‍ നിന്ന് പുറംലോകത്തെത്താന്‍ 14 കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടതുണ്ട്. മുമ്പും രോഗികളെ കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെങ്കിലും രാത്രിയില്‍ കൊടുങ്കാട്ടിലൂടെ രോഗിയെ ചുമന്നുകൊണ്ടുപോകുന്നത് ആദ്യമായാണെന്ന് നാട്ടുകാര്‍ പറയുന്നു.

കൂടല്ലാര്‍കുടിയില്‍ നിന്ന് ആനക്കുളത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ ഗതാഗതസൗകര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. നിലവില്‍ മതിയായ വഴിയില്ലാത്തതിനാല്‍ അടിയന്തര ചികിത്സ ആവശ്യമായ രോഗികളെപ്പോലും ഇത്തരത്തില്‍ ചുമന്നാണ് പുറത്തെത്തിക്കുന്നത്.

Content Highlight: Another arduous journey from Edamalakkudy to the hospital with a patient