2026ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് കേരളം. കേരളത്തിന്റെ ആദ്യ മത്സരം വിദര്‍ഭയോടാണ്. നാളെ (നവംബര്‍ 30ന്) വി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ വമ്പന്‍ കുതിപ്പാണ് കേരളം കാഴ്ചവെക്കുന്നത്.

മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഹിമാചല്‍ പ്രാദേശിനെതിരെ 67 റണ്‍സിനാണ് സഞ്ജു സാംസണും സംഘവും വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 268 റണ്‍സാണ് എതിരാളികള്‍ക്ക് നേരെ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ പ്രദേശിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടാനേ സാധിച്ചുള്ളു.

ഹിമാചല്‍ പ്രാദേശിനെതിരെയുള്ള മത്സരത്തില്‍ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. കേരളത്തിനായി 44 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സഞ്ജു തിളങ്ങിയത്. 21 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് സഞ്ജു 44 റണ്‍സ് നേടിയത്. 209.52 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ്.

വരാനിരിക്കുന്ന മത്സരങ്ങളിലും സഞ്ജുവിന്റെ ബാറ്റില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ ഉണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടി-20 ചരിത്രത്തിലെ ഒരു വമ്പന്‍ റെക്കോഡിനടുത്ത് എത്തിയിരിക്കുകയാണ് സഞ്ജു. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളുടെ രണ്ടാമനാവാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. നിലവില്‍ 371 മത്സരത്തിലെ 354 ഇന്നിങ്സില്‍ നിന്ന് 456 സിക്‌സറുകളാണ് സഞ്ജു നേടിയത്.

ഈ നേട്ടത്തിന്റെ പട്ടികയില്‍ വിരാട് കോഹ്‌ലിയെ മറികടക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. വിരാട് കോഹ്‌ലി 430 മത്സരങ്ങളിലെ 413 ഇന്നിങ്‌സില്‍ നിന്ന് 460 സിക്‌സറാണ് നേടിയത്. വരും മത്സരത്തില്‍ അഞ്ച് സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ ഈ റെക്കോഡില്‍ വിരാടിനെ മറികടക്കാന്‍ സഞ്ജുവിന് സാധിക്കും. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. 568 സിക്‌സറാണ് രോഹിത്തിന്റെ പേരിലുള്ളത്.

ടി-20യില്‍ ഇന്ത്യ, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി, ചെന്നൈ സൂപ്പര്‍ കിങ്സ്, കേരളം എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ഇത്രയധികം സിക്‌സുകള്‍ അടിച്ചുകൂട്ടിയത്.

Content Highlight: Sanju Samson Need Five Sixes To Surpass Virat Kohli In Great Record Achievement