ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ എതിര്‍ക്കണമെന്ന, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയുമായി എം.കെ. സ്റ്റാലിന്‍. സ്റ്റാലിനെ സഹോദരനെന്ന് വിശേഷിപ്പിച്ചുകൊണ്ട് രാഹുല്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനാണ് സ്റ്റാലിന്‍ മറുപടി നല്‍കിയത്.

തമിഴ്‌നാടിന്റെ താത്പര്യങ്ങളെ മുന്‍ നിര്‍ത്തി മാത്രമേ തന്റെ പാര്‍ട്ടി എല്ലാ കാലത്തും തീരുമാനമെടുത്തിട്ടുള്ളൂ എന്ന് സ്റ്റാലിന്‍ രാഹുലിന്‍ മറുപടി നല്‍കി. ഈ പാതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഒറ്റുകാരായ എട്ടപ്പന്‍മാരല്ല ധീരരായ പോരാളികളായ കട്ടബൊമ്മന്‍മാരാണ് തങ്ങളെന്നും സ്റ്റാലിന്‍ അവകാശപ്പെട്ടു. ആദ്യ ഘട്ടത്തില്‍ മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ എതിര്‍ത്തിരുന്ന ഡി.എം.കെ ഈ ബില്ലിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സ്റ്റാലിന്‍ ഈ കാര്യം അവകാശപ്പെട്ടത്.

‘ഭരണഘടനയെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതില്‍ ഡി.എം.കെ വഹിച്ച ചരിത്രപരമായ പങ്കിനെ അംഗീകരിച്ചതിന് സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് ഹൃദയംഗമമായ നന്ദി.

തമിഴ്നാടിന്റെയും അവിടുത്തെ തമിഴ് ജനതയുടെയും താത്പര്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുമാത്രമേ ഞങ്ങള്‍ എക്കാലത്തും തീരുമാനങ്ങള്‍ എടുത്തിട്ടുള്ളൂ.

ഈ പാതയില്‍ ഞങ്ങള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ചരിത്രം ഞങ്ങളെ എട്ടപ്പന്മാരായി അല്ല, മറിച്ച് കട്ടബൊമ്മന്മാരായി അടയാളപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.,’ സ്റ്റാലിന്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരെ ഉറച്ചുനിന്ന ചരിത്രമാണ് സ്റ്റാലിനെന്നും രാജ്യത്തിന്റെയും തമിഴ്നാടിന്റെയും ഭരണഘടനയുടെയും താത്പര്യം സംരക്ഷിക്കാന്‍ ഈ ബില്ലിനെ എതിര്‍ക്കേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ടുള്ളതാണ് രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യ മുന്നണി നേതാക്കള്‍ സ്റ്റാലിനെയും മറ്റ് ഡി.എം.കെ നേതാക്കളെയും സന്ദര്‍ശിക്കുമെന്നും രാഹുല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

‘ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളോടൊപ്പം, മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകളെ എതിര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോവുകയാണ്. അവിടെ വെച്ച് ഞങ്ങള്‍ ശ്രീ. എം.കെ. സ്റ്റാലിനെയും ഡി.എം.കെ. നേതൃത്വത്തെയും നേരില്‍ കാണും.

തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരെ ഒരു പാറപോലെ ഉറച്ചുനിന്ന ചരിത്രമാണ് സഹോദരന്‍ സ്റ്റാലിന്റേത്. രാജ്യത്തിന്റെ താത്പര്യത്തിനായും, തമിഴ്‌നാടിന്റെ താത്പര്യത്തിനായും, ഭരണഘടനയെ സംരക്ഷിക്കുന്നതിനായുമാണ് നാം ഒത്തുചേര്‍ന്ന് ഈ ബില്ലിനെ പരാജയപ്പെടുത്തേണ്ടത്,’ രാഹുല്‍ പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഡി.എം.കെ നേതാവ് ഉയനിധി സ്റ്റാലിനും സൂചന നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ഉദയനിധി പറഞ്ഞു. പിതാവ് എം.കെ. സ്റ്റാലിനാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം എന്ത് തീരുമാനം എടുത്താലും കൂടെ നില്‍ക്കുമെന്നും ഉധയനിധി വ്യക്തമാക്കി.

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാനുളള പാര്‍ട്ടി തീരുമാനത്തെ ഡി.എം.കെ നേതാവ് കനിമൊഴി കരുണാനിധി ന്യായീകരിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ഡി.എം.കെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കനിമൊഴി പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിന് ശേഷമാണ് ബില്ലിനെ പിന്തുണയ്ക്കാന്‍ ഡി.എം.കെ തീരുമാനിച്ചത്. തുടര്‍ന്ന് കനിമൊഴിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ കണ്ട് പാര്‍ട്ടിയുടെ പ്രമേയം കൈമാറുകയും ചെയ്തിരുന്നു.

Content Highlight: history will judge us as Kattabommans and not Ettappans- MK Stalin to Rahul Gandhi on Delimitation Bill