ന്യൂദല്‍ഹി: മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ എം.കെ. സ്റ്റാലിന്‍ അടക്കമുള്ള ഡി.എം.കെ നേതാക്കളെ കാണാന്‍ ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കള്‍ക്കൊപ്പം താന്‍ ചെന്നൈയിലേക്ക് പോവുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് രാഹുല്‍ ഈ കാര്യം അറിയിച്ചത്.
തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരെ ഉറച്ചുനിന്ന ചരിത്രമാണ് സ്റ്റാലിനെന്നും രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും ഭരണഘടനയുടെയും താത്പര്യം സംരക്ഷിക്കാന്‍ ഈ ബില്ലിനെ എതിര്‍ക്കേണ്ടതുണ്ടെന്നും രാഹുല്‍ പോസ്റ്റില്‍ കുറിച്ചു. സ്റ്റാലിനെ സഹോദരന്‍ എന്ന് ചേര്‍ത്താണ് ഈ പോസ്റ്റില്‍ രാഹുല്‍ വിശേഷിപ്പിച്ചത്.
‘ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളോടൊപ്പം, മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകളെ എതിര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോവുകയാണ്. അവിടെ വെച്ച് ഞങ്ങള്‍ ശ്രീ. എം.കെ. സ്റ്റാലിനെയും ഡി.എം.കെ. നേതൃത്വത്തെയും നേരില്‍ കാണും.
തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരെ ഒരു പാറപോലെ ഉറച്ചുനിന്ന ചരിത്രമാണ് സഹോദരന്‍ സ്റ്റാലിന്റേത്. രാജ്യത്തിന്റെ താല്‍പ്പര്യത്തിനായും, തമിഴ്നാടിന്റെ താത്പര്യത്തിനായും, ഭരണഘടനയെ സംരക്ഷിക്കുന്നതിനായുമാണ് നാം ഒത്തുചേര്‍ന്ന് ഈ ബില്ലിനെ പരാജയപ്പെടുത്തേണ്ടത്,’ രാഹുല്‍ പറഞ്ഞു.
സീറ്റുകളുടെ എണ്ണം 850-ആയി വര്‍ദ്ധിപ്പിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കും. ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടിന്, ഇന്ത്യയുടെ മുഴുവന്‍ തിരഞ്ഞെടുപ്പ് ഭൂപടവും അവര്‍ക്ക് അനുകൂലമായ രീതിയില്‍ മാറ്റി വരയ്ക്കാന്‍ ഇത് പരിധിയില്ലാത്ത അവസരം നല്‍കുമെന്നും മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെക്കുറിച്ച് രാഹുല്‍ പറഞ്ഞു.
നാളെ (നവംബര്‍ 30) ആരംഭിക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിലാണ് മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നത്. ബില്ലിന് അനുകൂലമായി ഡി.എം.കെ വോട്ട് ചെയ്യുമെന്ന് സ്റ്റാലിന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സ്റ്റാലിന് പുറമെ ബില്ലിനെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച എന്‍.സി.പി നേതാവ് ശരത് പവാറിനെയും ഇന്ത്യ സഖ്യത്തിലെ നേതാക്കളുടെ സംഘം സന്ദര്‍ശിക്കും. രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, സ്വതന്ത്ര എം.പി കപില്‍ സിബല്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസ് മുഖ്യമനന്ത്രിമാരായ ഡി.കെ. ശിവകുമാര്‍, വി.ഡി. സതീശന്‍, രേവന്ത് റെഡ്ഡി, സുഖ്വിന്ദര്‍ സിംഗ് സുഖു എന്നിവര്‍ അടങ്ങിയ സംഘമാണ് സ്റ്റാലിനെയും പവാറിനെയും സന്ദര്‍ശിക്കുക.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈയിലെത്തുന്ന സംഘം എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അന്ന് വൈകുന്നേരം അവര്‍ മുംബൈയിലേക്ക് യാത്ര തിരിക്കും.
മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയക്കാന്‍ തീരുമാനിച്ച് ഡി.എം.കെ എം.പിമാര്‍ ഇന്നലെ പ്രമേയം പാസാക്കിയിരുന്നു. നേരത്തെ ഈ ബില്ലിനെ എതിര്‍ത്ത ഡി.എം.കെ ഇപ്പോള്‍ നിലപാട് മാറുകയായിരുന്നു.
ഡി.എം.കെ ഉന്നയിച്ച രണ്ട് പ്രധാന ആവശ്യങ്ങള്‍ പുതുക്കിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന ന്യായമാണ് എം.കെ സ്റ്റാലിന്‍ മുന്നോട്ട് വെക്കുന്നത്. ബില്ല് പാസാക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന് കുറഞ്ഞത് മൂന്നില്‍ രണ്ട് എം.പിമാരുടെ പിന്തുണ ആവശ്യമായതിനാല്‍ ഡി.എം.കെയുടെ ഈ തീരുമാനം ഏറെ നിര്‍ണായകമാണ്.
പാര്‍ട്ടിക്ക് 22 ലോക്സഭാ എം.പിമാരാണുള്ളത്. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകമായേക്കാം. നേരത്തെ തന്നെ ഡി.എം.കെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിച്ചതായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു.
Content Highlight: Rahul Gandhi to MK Stalin: Request to oppose the delimitation Constitutional amendment bills
