1988ൽ പുറത്തിറങ്ങിയ പടിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് ചുവട് വെച്ച നടനാണ് വിനീത് കുമാർ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ചന്തുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതിന് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചിരുന്നു. ഭരതം, മിഥുനം, ദേവദൂതൻ, റൈഫിൾ ക്ലബ്ബ് തുടങ്ങിയവയാണ് താരം അഭിനയിച്ചിട്ടുള്ള മറ്റ് സിനിമകൾ.
സിനിമ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് സംസാരിക്കവെയാണ് താരം നടി സുകുമാരിയെ കുറിച്ചുള്ള ഒരനുഭവം പങ്കു വെച്ചത്. സുകുമാരിയെ പോലെയുള്ളൊരു അഭിനേത്രിയെ സിനിമ കരിയറിൽ താനിത് വരെ കണ്ടിട്ടില്ലെന്നും ഒരു ദിവസം അപ്രതീക്ഷിതമായി തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചതിനെക്കുറിച്ചും വിനീത് സംസാരിച്ചു. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
‘സുകുമാരിയമ്മയുടെ ആ ഒരു വേഴ്സാറ്റാലിറ്റിയും റേഞ്ചും ഉള്ള ഒരു നടിയെയും എന്റെ ഒബ്സർവേഷനിൽ ഞാൻ കണ്ടിട്ടില്ല. അങ്ങനെ വേറെ നടിമാർ ഉണ്ടായിരിക്കാം, എന്നാൽ ഞാൻ കണ്ടിട്ടില്ല. സുകുമാരിയമ്മയുടെ കൂടെ ഒരു വടക്കൻ വീരഗാഥയിൽ അഭിനയിക്കുമ്പോൾ അന്നൊന്നും എനിക്ക് ഇത്രയും വലിയൊരു ആർട്ടിസ്റ്റിന്റെ കൂടെയാണ് അഭിനയിക്കുന്നത് എന്ന ധാരണയൊന്നും ഇല്ലായിരുന്നു.

വിനീത് കുമാർ.Photo. Screen Grab/Facebook.com
പക്ഷേ എന്നെ സർപ്രൈസാക്കിയൊരു കാര്യം, ഒരു സുപ്രഭാതത്തിൽ എനിക്കൊരു കോൾ വന്നു. വീട്ടിലെ ഫോണിലേക്കാണ് കോൾ വന്നത്. സുകുമാരിയമ്മക്ക് എന്നോടൊന്ന് സംസാരിക്കണം എന്ന് പറഞ്ഞ് ഒരു പ്രൊഡക്ഷൻ കൺട്രോളറായിരുന്നു വിളിച്ചത്.
‘മോനെ എന്റെ സെറ്റിൽ പ്രകാശ് രാജുണ്ട്. അദ്ദേഹം തമിഴിൽ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. അപ്പോൾ നായകനാക്കാൻ പറ്റിയൊരു ആളുണ്ടോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. മോന്റെ മുഖമാണ് എനിക്കാദ്യം ഓർമ വന്നത്. അപ്പോൾ മോന്റെ നമ്പർ ഞാൻ പ്രകാശ് രാജിന് കൊടുക്കുന്നുണ്ട്. മോന്റെ നമ്പർ ഒന്ന് പറഞ്ഞേ,’ എന്നാണ് അമ്മ പറഞ്ഞത്.
താൻ ആ സമയത്തൊന്നും അവരുടെ കൂടെ അഭിനയിച്ചിട്ടില്ലെന്നും അതുകൊണ്ട് എത്രയോ കാലത്തിന് ശേഷം തന്നെ ഓർത്തുവെന്ന് അല്ലെങ്കിൽ തന്റെ മുഖം മനസിലേക്ക് വന്നുവെന്ന് പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നിയെന്നും വിനീത് പറഞ്ഞു. അന്നാണ് താൻ ആദ്യമായും അവസാനമായും അമ്മയോട് ഫോണിൽ സംസാരിക്കുന്നതെന്നും പിന്നീട് ഫോണിൽ സംസാരിക്കേണ്ട ഒരു അവസരം ഉണ്ടായിട്ടില്ലെന്നും നടൻ വ്യക്തമാക്കി.
Content Highlight: Vineeth Kumar says Sukumari is the best actor in malayalam film industry
