ചെന്നെ: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാനുളള പാര്‍ട്ടി തീരുമാനത്തെ ന്യായീകരിച്ച് ഡി.എം.കെ നേതാവ് കനിമൊഴി കരുണാനിധി. പാര്‍ലമെന്റില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ഡി.എം.കെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കനിമൊഴി പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിന് ശേഷമാണ് ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കനിമൊഴിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ കണ്ട് പാര്‍ട്ടിയുടെ പ്രമേയം കൈമാറി.
2011ലെ സെന്‍സസിന് പകരം 1971ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും ഡി.എം.കെ നേതാവ് പറഞ്ഞു.
നേരത്തെയുള്ള നിര്‍ദേശം നടപ്പായിരുന്നെങ്കില്‍ തമിഴ്നാടിന്റെ ലോക്സഭാ സീറ്റുകള്‍ 39-ല്‍ നിന്ന് 32 ആയി കുറയുമായിരുന്നുവെന്ന് കനിമൊഴി പറഞ്ഞു. പുതുക്കിയ ബില്ലനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 50 ശതമാനം വര്‍ധനവുണ്ടാകും. ഇതോടെ തമിഴ്നാടിന്റെ ലോക്സഭാ സീറ്റുകളുടെ എണ്ണം 39-ല്‍ നിന്ന് 59 ആയി ഉയരും. നിലവിലുള്ള 7.2 ശതമാനം പ്രാതിനിധ്യം ഇതിലൂടെ നിലനിര്‍ത്താനാകും.
സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പാര്‍ലമെന്ററി പ്രാതിനിധ്യത്തിന്റെ അനുപാതം 2051 വരെ (അടുത്ത 25 വര്‍ഷത്തേക്ക് കൂടി) നിലനിര്‍ത്തണമെന്ന ആവശ്യവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലിനെ പിന്തുണയ്ക്കുമ്പോഴും, ഡീലിമിറ്റേഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഡി.എം.കെ പ്രതിനിധി സംഘം അമിത് ഷായ്ക്ക് നിവേദനം നല്കി. മൂന്നംഗ കമ്മീഷനില്‍ അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഡി.എം.കെയുടെ നിലപാട് മാറ്റത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും, മുന്‍ സഖ്യകക്ഷികളായ വി.സി.കെ ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരും വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഒരിക്കലും മണ്ഡല പുനര്‍നിര്‍ണയത്തെ പൂര്‍ണമായി എതിര്‍ത്തിട്ടില്ലെന്നും ‘നീതിയുക്തമായ പുനര്‍നിര്‍ണയമാണ്’ ആവശ്യപ്പെട്ടതെന്നും കനിമൊഴി മറുപടി നല്കി. ബില്ലിനെ പിന്തുണയ്ക്കുന്നത് ബി.ജെ.പിയുമായുള്ള രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ലെന്നും അവര്‍ കനിമൊഴി പറഞ്ഞു.
ഭരണഘടന (132ാം ഭേദഗതി) ബില്ലും ഡീലിമിറ്റേഷന്‍ (രണ്ടാം) ബില്ലും നാളെ (നവംബര്‍ 30) ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. ഭരണഘടനാ ഭേദഗതിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാല്‍ ഡി.എം.കെയുടെ 22 ലോക്സഭാ എംപിമാരുടെയും എട്ട് രാജ്യസഭാ എം.പിമാരുടെയും പിന്തുണ നിര്‍ണായകമാണ്.
Content Highlight: Not for an alliance with the BJP, but solely to protect Tamil Nadu’s interests: Kanimozhi justifies the decision to support the delimitation exercise.
