ഒരു രാഷ്ട്രീയ പത്രസമ്മേളനത്തിന്റെ ശക്തി, അത് അവസാനിച്ച ശേഷവും പൊതുചർച്ചയിൽ സജീവമായി തുടരുന്ന ചോദ്യങ്ങളിലാണ് തെളിയുന്നത്. നവംബർ 28-ന് ന്യൂദൽഹിയിൽ രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനം അത്തരത്തിലൊന്നായിരുന്നു.

ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ അദ്ദേഹം ഒരൊറ്റ ചോദ്യത്തിനു മുന്നിൽ നിർത്തി. എന്തുകൊണ്ട് 850 സീറ്റുകൾ? പാർലമെന്റിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കാൻ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം ഇത്ര വിപുലമായി പുനർവരയ്ക്കേണ്ടത് എന്തിനാണ്?

ഭരണഘടനാ ഭേദഗതിയുടെ സാങ്കേതികതകൾക്കിടയിൽ മറഞ്ഞുപോകുമായിരുന്ന ഒരു യാഥാർഥ്യമാണ് രാഹുൽ ഗാന്ധി സാധാരണ വോട്ടർക്ക് മുന്നിൽ വരച്ചു കാട്ടിയത്. മണ്ഡലത്തിന്റെ അതിർത്തി മാറുമ്പോൾ സ്വന്തം വോട്ടിന്റെ രാഷ്ട്രീയ സ്വാധീനവും മാറാം.

പത്രപ്രവർത്തകർക്ക് മുന്നിൽ അതു ലളിതമായി അവതരണ മികവോടെ ബോധ്യപ്പെടുത്തി. 26 ലക്ഷം വോട്ടർമാരുള്ള ഒരു മണ്ഡലവും 19 ലക്ഷം വോട്ടർമാരുള്ള മറ്റൊരു മണ്ഡലവും സങ്കൽപ്പിച്ചുനോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

അതിർത്തി പുനർവരച്ച് ഏതാനും ലക്ഷം വോട്ടർമാർ താമസിക്കുന്ന പ്രദേശം മറ്റൊരു മണ്ഡലത്തോട് ചേർത്താൽ എന്തു സംഭവിക്കും? വോട്ടർമാർ അതേ വീടുകളിൽത്തന്നെ താമസിക്കും. അവരുടെ വോട്ടവകാശവും നിലനിൽക്കും.

പക്ഷേ, ആരോടൊപ്പം ചേർന്നാണ് അവർ തങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് എന്നതു മാറും. ഒരു ജനവിഭാഗത്തെ പല മണ്ഡലങ്ങളിലായി പിരിച്ച് ഓരോ മണ്ഡലത്തിലുമുള്ള അവരുടെ സ്വാധീനം കുറയ്ക്കാനാകും.

പല മണ്ഡലങ്ങളിൽ സ്വാധീനമുള്ള ഒരു വിഭാഗത്തെ ഒരൊറ്റ മണ്ഡലത്തിലേക്ക് ഒതുക്കാനും കഴിയും. ആദ്യ വോട്ട് രേഖപ്പെടുത്തും മുമ്പേ മത്സരത്തിന്റെ തുല്യതയെ ബാധിക്കാൻ മണ്ഡലാതിർത്തിയിലെ ഒരു വരയ്ക്കു കഴിയും. ലളിതമായ ആ ഉദാഹരണത്തിലൂടെ രാഹുൽ ഗാന്ധി വ്യക്തമാക്കിയത് ഈ അപകടമാണ്.

മണ്ഡല പുനർനിർണയത്തിന്റെ രാഷ്ട്രീയം

ഈ പശ്ചാത്തലത്തിലാണ് അസമിലെയും ജമ്മു കശ്മീരിലെയും മണ്ഡല പുനർനിർണയം രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്. അവിടെ മണ്ഡലങ്ങളുടെ അതിർത്തികൾ ബി.ജെ.പിക്ക് അനുകൂലമായി പുനർനിർണയിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

അതേ രീതിയിൽ രാജ്യവ്യാപകമായി മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ, ബി.ജെ.പിയെ എതിർക്കുന്ന ജനവിഭാഗങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കാനും പ്രമുഖ പ്രതിപക്ഷ നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെ വോട്ടർഘടന മാറ്റാനും ഭരണകക്ഷിക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം ഇഷ്ടാനുസരണം വരയ്ക്കാൻ ഒരു ‘വെള്ളക്കടലാസ്’ നൽകുന്നതുപോലെയാണ് ഈ നിർദേശമെന്ന് രാഹുൽ വിശേഷിപ്പിച്ചു.

സീറ്റുകൾ കൂടുമ്പോൾ കൂടുതൽ മണ്ഡലങ്ങളുടെ അതിരുകൾ പുതുതായി വരയ്ക്കേണ്ടിവരും. ആ അധികാരം ആർക്കാണ് നൽകുന്നത്, ഏതൊക്കെ മാനദണ്ഡങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായാണ് അത് വിനിയോഗിക്കുക എന്നതിലാണ് തർക്കത്തിന്റെ മർമം.

എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിരക്കിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന വ്യവസ്ഥ, ലോക്‌സഭയിൽ ഓരോ സംസ്ഥാനത്തിനുമുള്ള ആനുപാതിക വിഹിതത്തെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഒരു പരിധിവരെ മറുപടി നൽകുന്നു.

കേരളത്തിന് എത്ര സീറ്റുകൾ ലഭിക്കുമെന്ന് വ്യക്തമായാലും, ഏതൊക്കെ പഞ്ചായത്തുകൾ ഏതൊക്കെ മണ്ഡലങ്ങളുടെ ഭാഗമാകും എന്ന ചോദ്യം ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് മണ്ഡല പുനർനിർണയ കമ്മീഷന്റെ ഘടനയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വിമർശനം ഗൗരവത്തോടെ കാണേണ്ടത്.

കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പങ്കുണ്ടാകണമെന്ന അദ്ദേഹത്തിന്റെ നിർദേശം ചർച്ച ചെയ്യണം. ഒരു പ്രദേശത്തെ നിലവിലെ മണ്ഡലത്തിൽനിന്ന് മറ്റൊന്നിലേക്കു മാറ്റുമ്പോൾ അതിന്റെ കാരണം കമ്മീഷൻ പരസ്യമാക്കണം. ജനങ്ങളുടെ എതിർപ്പുകൾ കേൾക്കുകയും അന്തിമ തീരുമാനത്തിൽ അവ എങ്ങനെ പരിഗണിച്ചുവെന്ന് വ്യക്തമാക്കുകയും വേണം.

വനിതാ സംവരണവും സാമൂഹിക നീതിയും

വനിതാ സംവരണം നടപ്പാക്കാൻ ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ 850 ആയി ഉയർത്തണമെന്ന വാദമാണ് രാഹുൽ നേരിട്ട് ചോദ്യം ചെയ്തത്. മൂന്നിലൊന്ന് വനിതാ സംവരണത്തിന് 2023-ൽത്തന്നെ പാർലമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്.

അതിന്റെ നടപ്പാക്കൽ സെൻസസിനും തുടർന്നുള്ള മണ്ഡല പുനർനിർണയത്തിനുമായി ബന്ധിപ്പിച്ച വ്യവസ്ഥയിൽ ആവശ്യമായ ഭേദഗതി വരുത്തി, നിലവിലുള്ള 543 സീറ്റുകളിൽത്തന്നെ സംവരണം നടപ്പാക്കുക എന്നതാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന വഴി. വനിതാ സംവരണം വേഗത്തിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, ഈ നിർദേശത്തോട് സർക്കാർ പ്രതികരിക്കണം.

2011-ലെ സെൻസസ് കണക്കുകളെ ആശ്രയിച്ച് വരയ്ക്കുന്ന ഭൂപടം വരും പതിറ്റാണ്ടുകളിലെ പ്രാതിനിധ്യത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യവും രാഹുൽ ഗാന്ധി ഉയർത്തി.

പുതിയ സെൻസസും ജാതിവിവരങ്ങളും പരിഗണിക്കണമെന്നും വനിതാ സംവരണത്തിനുള്ളിൽ ഒ.ബി.സി സ്ത്രീകൾക്ക് ഉപസംവരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ പുതിയ ക്രമീകരണം എങ്ങനെ ബാധിക്കുമെന്ന് കണക്കുകൾ സഹിതം വിശദീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സീറ്റുകളുടെ എണ്ണം കൂടുമ്പോൾ ആ സീറ്റുകളിലേക്ക് ആർക്കൊക്കെ എത്താൻ കഴിയുമെന്നതും പാർലമെന്റ് പരിശോധിക്കണം.

പുതിയ തലമുറയോട് ‘850 എന്ന സംഖ്യ ഓർത്തുവയ്ക്കുക’ എന്ന് രാഹുൽ ആവർത്തിച്ചു. ‘ഇത് ഇന്ത്യൻ ജനാധിപത്യത്തെ കൊല്ലുന്ന നമ്പറാണ്’. വോട്ട് ചോരിയിലൂടെ തുടങ്ങിയത് ഇപ്പോൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ മാറ്റാൻ ശ്രമിക്കുകയാണ്. ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ഇന്ത്യയുടെ ഐക്യം തന്നെ അപകടത്തിലാകുമെന്ന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകുന്നു

‘എന്തുകൊണ്ട് 850?’ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും മണ്ഡലങ്ങളുടെ അതിരുകൾ നീതിപൂർവം വരയ്ക്കാനുള്ള ഉറപ്പും ലഭിക്കുംവരെ ഈ നിർദേശത്തിന് പാർലമെന്റ് അംഗീകാരം നൽകരുത്.

ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന രാജ്യത്ത്, ആരൊക്കെ ഒരുമിച്ച് വോട്ട് ചെയ്യുമെന്ന് തീരുമാനിക്കുന്ന അധികാരം പൊതുജനങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകണം.

Content Highlight: Why 850 seats?