നെപ്പോട്ടിസം കൊടികുത്തി വാഴുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് നാനി. രാജമൗലിയുടെ അസിസ്റ്റന്റായി കരിയറാരംഭിച്ച നാനി ചെറിയ വേഷങ്ങളിലൂടെയാണ് മുന്‍നിരയിലേക്കെത്തിയത്. ആക്ഷന്‍ ഹീറോയായി വേഷമിട്ട് ടോപ് ലീഗിലേക്ക് കയറാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും നാനി പിന്മാറാന്‍ കൂട്ടാക്കുന്നില്ല.

സാഹോ, ഓ.ജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുജീത് സംവിധാനം ചെയ്യുന്ന ബ്ലഡി റോമിയോ വന്‍ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വന്‍ ഹൈപ്പിലൊരുങ്ങുന്ന ചിത്രത്തിലെ സര്‍പ്രൈസ് നാനി പുറത്തുവിട്ടതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. താരം നിര്‍മിക്കുന്ന അലിയാസ് രുക്മിണിയുടെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞദിവസം ഹൈദരബാദില്‍ വെച്ച് നടന്നിരുന്നു.

നാനി Photo: Screen grab/ YouWe Media

ചടങ്ങിനിടയില്‍ ചിത്രത്തിലെ ഛായാഗ്രഹകന്‍ ജോമോന്‍ ടി. ജോണിനെക്കുറിച്ച് സംസാരിക്കവെയാണ് നാനി സര്‍പ്രൈസ് എലമെന്റ് പുറത്തുവിട്ടത്. മലയാളിയായ ജോമോനെ താരം ഒരുപാട് പ്രശംസിച്ചു. മലയാളി ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും നാനി പറഞ്ഞു.

‘ഈ സിനിമയുടെ അവസാന നിമിഷം ക്രൂവില്‍ ജോയിന്‍ ചെയ്തയാളാണ് ജോമോന്‍. വളരെ നല്ല രീതിയില്‍ അദ്ദേഹം ഈ സിനിമക്കായി ഫ്രെയിമുകള്‍ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് എപ്പോഴും ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ പൃഥ്വിയുടെ കൂടെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്,’ നാനി പറഞ്ഞു.

നാനിക്കൊപ്പം ശക്തമായ വേഷമാണ് പൃഥ്വിരാജ് ബ്ലഡി റോമിയോയില്‍ അവതരിപ്പിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ വളരെ രഹസ്യമായി വെച്ച സര്‍പ്രൈസ് പൊതുവേദിയില്‍ വെച്ച് നാനി പുറത്തുവിട്ടത് പലരെയും അത്ഭുതപ്പെടുത്തി. കുറച്ചുകാലമായി ബ്ലഡി റോമിയോയില്‍ പൃഥ്വിയുടെ സാന്നിധ്യത്തെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.

പവന്‍ കല്യാണിനെയും പ്രഭാസിനെയും ഏറ്റവും സ്റ്റൈലിഷായി അവതരിപ്പിച്ച സുജീത്തിന്റെ കൈയില്‍ പൃഥ്വിയെയും നാനിയെയും കിട്ടുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. 2027 പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാരണാസിക്ക് ശേഷം പൃഥ്വി ഭാഗമാകുന്ന തെലുങ്ക് ചിത്രം കൂടിയാണ് ബ്ലഡി റോമിയോ. ധുരന്ധറിന്റെ സംഗീതമൊരുക്കിയ ശാശ്വത് സച്ച്‌ദേവാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Nani reveals the surprise that Prithviraj is a part of Bloody Romeo movie