പനാജി: ഗോവയിൽ നടന്ന 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) സമാപനച്ചടങ്ങിൽ ‘റഹ്മ’ എന്ന ചിത്രത്തിന് ലഭിച്ച ഐസി.എഫ്‌.ടി-യുനെസ്കോ ഗാന്ധി മെഡൽ ഗസയിലെ കുട്ടികൾക്ക് സമർപ്പിച്ച് തുർക്കി സംവിധായകൻ ഫൈസൽ സോയ്‌സൽ.

ഗസയിൽ കുട്ടികൾ പട്ടിണി മൂലം മരിക്കുകയും ആശുപത്രികൾ ബോംബാക്രമണത്തിൽ തകരുകയും ചെയ്യുന്ന സാഹചര്യം ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്നും രാഷ്ട്രീയ നേതാക്കൾ മൗനം പാലിക്കുകയാണെന്നും സോയ്‌സൽ സന്ദേശത്തിൽ പറഞ്ഞു.

ശനിയാഴ്ച നടന്ന സമാപനച്ചടങ്ങിൽ ഫൈസൽ സോയ്‌സലിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ സുഹൃത്ത് എമ്രെ പെക്ചാകിറാണ് സന്ദേശം വായിച്ചത്. മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്ത സോയ്‌സൽ, പുരസ്കാരം ഫലസ്തീനിനും ഗസയിലെ കുട്ടികൾക്കും സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെ സദസിൽ നിന്ന് കൂവലുയർന്നു.

‘ചരിത്രത്തിലുടനീളം അടിച്ചമർത്തലുകളെ ചെറുക്കാൻ നല്ല മനുഷ്യർ പ്രതീക്ഷയോടെ ഒന്നിച്ചതുകൊണ്ടാണ് മാനവികത ഇരുണ്ട കാലഘട്ടങ്ങളെ അതിജീവിച്ചത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഗസയിൽ നമ്മുടെ കൺമുന്നിൽ നടക്കുന്ന വംശഹത്യയ്ക്ക് മുന്നിൽ ലോകം ഇത്രയധികം നിസഹായത അനുഭവിച്ചിട്ടില്ല.

ഭയവും സ്വാർത്ഥതാത്പ്പര്യങ്ങളും കാരണം രാഷ്ട്രീയക്കാർ മൗനം പാലിക്കുമ്പോഴും മനസാക്ഷിയുള്ള ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. ഫലസ്തീനിൽ നമുക്ക് നഷ്ടപ്പെട്ട മാനവികതയുടെ പുനർജന്മത്തിനും, പ്രത്യേകിച്ച് ഇപ്പോഴും ജീവിച്ചിരിക്കുന്നവരും പ്രതീക്ഷ കൈവിടാത്തവരുമായ ഗസയിലെ കുട്ടികൾക്കും അവരുടെ ഭാവിക്കുമായി ഞാൻ ഈ ഗാന്ധി മെഡൽ സമർപ്പിക്കുന്നു’ സോയ്‌സൽ സന്ദേശത്തിൽ വ്യക്തമാക്കി.

അതേസമയം, പുരസ്കാരം ഫലസ്തീന് സമർപ്പിച്ച നടപടിക്കെതിരെ മിഡ്-വെസ്റ്റ് ഇന്ത്യയിലെ ഇസ്രഈൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് രൂക്ഷമായി പ്രതികരിച്ചു.

അവാർഡ് ചടങ്ങ് ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിതെന്നും പ്രശസ്തമായ സിനിമാ വേദിയെ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഭിന്നത സൃഷ്ടിക്കാനും ഇന്ത്യ-ഇസ്രഈൽ ബന്ധത്തെ ദുർബലപ്പെടുത്താനുമുള്ള ഗൂഢലക്ഷ്യത്തോടെയാണ് ഈ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ഇന്ത്യയും ഇസ്രഈലും ഭീകരവാദത്തിന്റെ ഇരകളാണ്. എന്നാൽ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്ന ഒരു രാജ്യവുമായി തുർക്കി സഹോദരബന്ധമാണ് പുലർത്തുന്നത്. ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകൾ ഇന്ത്യ-ഇസ്രഈൽ സൗഹൃദത്തെ ബാധിക്കില്ല. അന്താരാഷ്ട്ര സാംസ്കാരിക പരിപാടിയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെതിരെ ഇന്ത്യൻ ചലച്ചിത്ര ലോകം ശബ്ദമുയർത്തണം’ യാനിവ് റെവാച്ച് പ്രസ്താവനയിൽ പറഞ്ഞു.

വിദേശത്ത് വാടക ഗർഭധാരണത്തിന് (സറോഗസി) തയ്യാറെടുക്കുന്ന, കുട്ടികളില്ലാത്ത ഒരു പുരാവസ്തു ഗവേഷകയുടെ കഥയാണ് ‘റഹ്മ’ പറയുന്നത്. ഒരു സിറിയൻ അഭയാർത്ഥി കുട്ടിയെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Content Highlight:Turkish director dedicates Gandhi Medal to children in Gaza; met with jeers at IFFI venue.