തിരുവനന്തപുരം: അയ്യപ്പനെതിരായി പരാമര്‍ശം നടത്തിയെന്ന വിഷയത്തില്‍ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സണ്ണി എം. കപിക്കാടിന്റെ പരാമര്‍ശം വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അയ്യപ്പനെ അപമാനിക്കുന്നതാണെന്നും ബോര്‍ഡ് അംഗം പി.ഡി സന്തോഷ് കുമാര്‍ പറഞ്ഞു.

സണ്ണി എം. കപിക്കാടിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ജാതിഭേദമന്യേ എല്ലാ മനുഷ്യരുടെയും ആരാധനാ കേന്ദ്രമാണ് ശബരിമല.ആ വിശ്വാസത്തെയും അയ്യപ്പനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അപമാനകരമാണെന്നും പി.ഡി സന്തോഷ് കുമാര്‍ വ്യക്തമാക്കി.

ശബരിമല അയ്യപ്പനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സണ്ണി എം കപിക്കാടിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നല്‍കിയത്. ഹിന്ദു ഐക്യവേദിയും സണ്ണി എം കപിക്കാടിനെതിരെ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ശബരിമലയുമായി ബന്ധപ്പെട്ട് താന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ ഉപയോഗിച്ച ഒരു വാക്ക് തെറ്റായിപ്പോയെന്ന് സണ്ണി എം. കപിക്കാട് പിന്നീട് പറഞ്ഞിരുന്നു. അയ്യപ്പനെയോ മാളികപ്പുറത്തമ്മയെയോ താന്‍ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരു വാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നുവെന്ന് സണ്ണി എം. കപിക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ആ വാക്ക് ഉപയോഗിക്കുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ തനിക്കെതിരെ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തിരുന്നു.

 

Content Highlight: Derogatory remarks: Devaswom Board prepares to take legal action against Sunny M. Kapikad.