കോഴിക്കോട്: വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ സംഘർഷത്തിൽ മഹല്ല് കമ്മറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്. വഖഫ് ബോർഡ് നിയമിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മഹല്ല് ഭാരവാഹികളും എതിർകക്ഷികളും ഈ മാസം എട്ടിന് നേരിട്ട് ഹാജരാകണമെന്നും അതുവരെ പള്ളി പരിപാലനത്തിന് മുതവല്ലിയെ ചുമതലപ്പെടുത്തിയെന്നും വഖഫ് ബോർഡ് അറിയിച്ചു.
പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാതെ വിഷയത്തെ പൊലീസ് നടപടിയിലേക്ക് എത്തിച്ചതിൽ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് പൊലീസ് സംഘർഷത്തിൽ കലാശിച്ചത്. മഹല്ല് കമ്മറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘർഷം. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം നേരത്തെ നിലനിന്നിരുന്നു. പള്ളിയിലെ ഖത്തീബിനെ മാറ്റണമെന്നായിരുന്നു ഒരു വിഭാഗക്കാരുടെ ആവശ്യം. പ്രശ്നപരിഹാരത്തിനായി പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജനചർച്ചയിൽ കഴിഞ്ഞ റമദാനിൽ ജുമുഅക്ക് മാത്രം അനുമതി നൽകിയിരുന്നു.
എന്നാൽ അബ്ദുറഹ്‌മാന്‍ ഫൈസി തന്നെ ഖത്തീബായി തുടര്‍ന്നതാണ് മഹല്ല് കമ്മറ്റിക്കുള്ളിലെ ഭിന്നതകൾക്ക് കാരണമായത്. നബിദിനത്തോടനുബന്ധിച്ച് നടന്ന മൗലീദ് പാരായണത്തിൽ നിലവിലെ ഖത്തീബ് തന്നെ നേതൃത്വം നൽകിയതാണ് സംഘർഷാവസ്ഥക്ക് കാരണമായത്. അബ്ദുറഹ്‌മാന്‍ ഫൈസിക്ക് ഇതിന് അനുമതിയില്ലെന്നുപറഞ്ഞു കൊണ്ട് ഒരു വിഭാഗം അദ്ദേഹത്ത പള്ളിയിൽനിന്നുമാറ്റാൻ ഒരു വിഭാഗം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ അബ്ദുറഹ്‌മാന്‍ ഫൈസി തന്നെ നേതൃത്വം നല്കാൻ മഹല്ല് കമ്മിറ്റി തീരുമാനിച്ചത് സംഘർഷത്തിൽ കലാശിച്ചു. സംഘർഷാവസ്ഥ രൂക്ഷമായതോടെ പോലീസ് ഇടപെട്ട് ലാത്തിവീശി. പള്ളിക്കുള്ളിൽ നമസ്ക്കാര പായയിൽ പൊലീസ് ബൂട്ടിട്ട് കയറിയത് വലിയ വിവാദമായതോടെ സംഭവത്തിൽ അഞ്ചു പൊലീസുകാരെ സ്ഥലം മാറ്റി.
ഭരണസമിതി ഏകപക്ഷീയമായും രാഷ്ട്രീയക്കാരെപോലെയുമാണ് പെരുമാറിയതെന്നും ഇടപെട്ടു പരിഹരിക്കാമായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചില്ലെന്നും വഖഫ് ബോർഡ് നിയമിയച്ച കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ ഭരണസമിതിയെ സസ്‌പെൻഡ് ചെയ്ത ബോർഡ് അഡ്വ. അബൂബക്കർ സിദ്ദീഖിനെ ഇടക്കാല മുത്തവല്ലിയായി ചുമതലപ്പെടുത്തി.
Content Highlight: Madakkara Mosque Conflict: Waqf Board suspends Mahal committee
