Kerala
സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് തൂഫാന്റെ പേരില്‍ പി.ആര്‍ മഹാമഹം തീര്‍ക്കുന്നത്; ചെന്നിത്തലക്ക് മറുപടിയുമായി പിണറായി
തിരുവനന്തപുരം: സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോള്‍ ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ പി.ആര്‍ മഹാമഹം തീര്‍ക്കുന്നതെന്ന് പിണറായി വിജയന്‍. കഴിഞ്ഞ രണ്ട് എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് 500 ഗ്രാം എം.ഡി.എം.എ പോലും പിടിക്കാന്‍ കഴിഞ്ഞില്ലെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി ഈ കാര്യം പറഞ്ഞത്.
‘സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോള്‍ ‘ഓപ്പറേഷന്‍ തൂഫാ’ന്റെ പേരില്‍ പി.ആര്‍ മഹാമഹം തീര്‍ക്കുന്നത്. ഈ കാപട്യം തുറന്നുകാട്ടുമ്പോള്‍ അത് മയക്കുമരുന്നു വേട്ടക്കെതിരെയുള്ള ആക്ഷേപമാക്കി ചിത്രീകരിച്ച് യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണ് ആഭ്യന്തര വകുപ്പും മന്ത്രിയും ശ്രമിക്കുന്നത്,’ പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഓപ്പറേഷന്‍ തൂഫാന്‍ മയക്കുമരുന്നു വേട്ടയെ പ്രതിപക്ഷം ഒരിക്കലും എതിര്‍ത്തിട്ടില്ല. പൂര്‍ണ പിന്തുണയാണ് നല്‍കിയത്. എന്നാല്‍, മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പ്രതിയായ അന്താരാഷ്ട്ര എം.ഡി.എം.എ കേസ് അട്ടിമറിക്കാനുള്ള ഉന്നതതല ശ്രമങ്ങളെയാണ് ഞങ്ങള്‍ ചോദ്യം ചെയ്തതെന്നും പിണറായി വ്യക്തമാക്കി.
കാസര്‍ഗോഡ് കേസില്‍ ശാസ്ത്രീയ തെളിവെടുപ്പുകള്‍ നിര്‍ത്തിവയ്ക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദമുണ്ടായി. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാനോ ബംഗളൂരുവില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനോ തയ്യാറായില്ലെന്നും പിണറായി പറഞ്ഞു.
കാസര്‍ഗോഡ് കേസില്‍ ആഭ്യന്തര വകുപ്പിന് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദവും മന്ത്രിയുടെ നിസഹായാവസ്ഥയുമാണ് ഇത് വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രി വസ്തുതകള്‍ പരിശോധിച്ച് ഉത്തരവാദിത്വ ബോധത്തോടെ സംസാരിക്കും എന്ന് പ്രത്യാശിക്കുന്നുവെന്നും പിണറായി കുറിച്ചു.
എല്‍.ഡി.എഫ് കാലത്തെക്കുറിച്ച് രേവന്ത് റെഡ്ഡിയോട് ചോദിച്ചാല്‍ അറിയാമായിരുന്നു
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്തെ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് അറിയാന്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ചോദിച്ചാല്‍ മതിയെന്നും പിണറായി പറഞ്ഞു.
’10 വര്‍ഷം ഭരിച്ചിട്ട് 500 ഗ്രാം എം.ഡി.എം.എ പോലും പിടിക്കാന്‍ കഴിഞ്ഞില്ല എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന കണ്ടു. കുറഞ്ഞപക്ഷം തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കില്‍ ആഭ്യന്തര മന്ത്രിക്ക് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞേനെ,’ പിണറായി കുറിച്ചു.
2024 ജൂലൈയില്‍ തൃശൂരില്‍ പിടികൂടിയ 2.4 കിലോ എം.ഡി.എം.എയുടെ ഉറവിടം തേടിയെത്തിയ കേരള പൊലീസ്, ഹൈദരാബാദ് കുക്കട്പള്ളിയില്‍ സിനിമാ നിര്‍മാതാവ് നടത്തിവന്ന അന്താരാഷ്ട്ര ലഹരിനിര്‍മാണ ലാബ് കണ്ടെത്തി പൂട്ടിച്ചു. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ രാസവസ്തുക്കളും പിടിച്ചെടുത്തു. സംസ്ഥാനം ഭരിക്കുന്ന രേവന്ത് റെഡ്ഡിക്ക് സാധിക്കാത്ത കാര്യമാണ് കേരള പൊലീസ് അവിടെ നടപ്പിലാക്കിയതെന്നും പിണറായി പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു എന്ന് പാര്‍ലമെന്റിലെ കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 2025 ഫെബ്രുവരി മൂന്നിന് ലോക്‌സഭയില്‍ കേന്ദ്ര ധനമന്ത്രി നല്‍കിയ മറുപടി പ്രകാരം, 2022 മുതല്‍ മയക്കുമരുന്നിനെതിരെ ഏറ്റവും ശക്തമായ നടപടിയെടുക്കുന്നത് കേരളമാണ്. ലഹരിക്കേസുകളില്‍ രണ്ടാമതുള്ള സംസ്ഥാനത്തേക്കാള്‍ മൂന്നിരട്ടി അറസ്റ്റുകളാണ് കേരളത്തില്‍ നടന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് ഉപയോഗത്തില്‍ വളരെ പിന്നിലാണെങ്കിലും, ലഹരിവ്യാപനം തടയുന്നതില്‍ കേരളത്തിന്റെ പ്രതിരോധം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2022 ഡിസംബര്‍ 22 ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടി പ്രകാരം, കേരളത്തില്‍ എന്‍.ഡി.പി.എസ് കേസുകളിലെ ശിക്ഷാ നിരക്ക് 98 ശതമാനത്തിലേറെയായിരുന്നു. ദേശീയ ശരാശരി 78 ശതമാനമായപ്പോഴാണ് കേരളം അന്ന് ഈ നേട്ടം കൈവരിച്ചത്. തെലങ്കാനയില്‍ ഇത് 25 ശതമാനം മാത്രമായിരുന്നു.
‘2021 മുതല്‍ 2025 വരെ കേരള പൊലീസ് മാത്രം 1,26,855 എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണിശമായ നിരീക്ഷണവും ഓപ്പറേഷന്‍ ഡി-ഹണ്ട് പോലുള്ള ശക്തമായ ഇടപെടലുകളുമാണ് കേസ് രജിസ്‌ട്രേഷനില്‍ 538 ശതമാനം വര്‍ധനവുണ്ടാക്കിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് എക്‌സൈസ് വകുപ്പ് 41,946 എന്‍.ഡി.പി.എസ് കേസുകളും 4,18,403 സി.ഒ.പി.ടി.എ കേസുകളും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് വകുപ്പ് മന്ത്രി എം. ലിജു 2026 ജൂണ്‍ 23 ന് യു.ആര്‍. പ്രദീപ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. 17,587.4335 കിലോ ഗ്രാം കഞ്ചാവ്, 33,419.996 ഗ്രാം എം.ഡി.എം.എ, 65,943.8254 ഗ്രാം ഹാഷിഷ്, 1,60,597.093 കിലോ ഗ്രാം സി.ഒ.പി.ടി.എ ഉല്പന്നങ്ങള്‍ എന്നിവ അഞ്ചുവര്‍ഷം കൊണ്ട് എക്‌സൈസ് പിടിച്ചെടുത്തതിന്റെ കണക്കും മന്ത്രി ഇതേ ചോദ്യത്തിന് മറുപടിയായി നല്‍കിയിട്ടുണ്ട്,’ പിണറായി കുറിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ നേട്ടങ്ങളെ ആഭ്യന്തരമന്ത്രി വിലകുറഞ്ഞ രീതിയില്‍ വിമര്‍ശിക്കുകയാണെന്നും പിണറായി അഭിപ്രായപ്പെട്ടു. 2023 ല്‍ ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്ന് കേരള എക്‌സൈസ് വകുപ്പ് 80 കിലോ എം.ഡി.എം.എ പിടികൂടിയതും 2018 ലെ കൊച്ചിയിലെ അഞ്ച് കിലോ എം.ഡി.എം.എ വേട്ടയും 2022-2025 കാലത്തെ ഓപ്പറേഷന്‍ ഡി-ഹണ്ട് ഉള്‍പ്പെടെയുള്ള എക്‌സൈസിന്റെ വന്‍ ലഹരിപിടിത്തങ്ങളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Pinarayi Vijayan Against Remarks of Ramesh Chennithala against Previous LDF Government on NDPS Cases
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.