ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഐ.എസ്.എല്‍ ക്ലബ്ബുകള്‍. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഒക്ടോബര്‍ 10ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യം വെക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ടീമായ കേരള ബ്ലാസ്റ്റേഴ്‌സും താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ്. നിലവില്‍ ടീമുമായി വെറും പതിമൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് കരാര്‍ ഉള്ളത്. ബാക്കിയുണ്ടായിരുന്ന താരങ്ങളെല്ലാം ക്ലബ്ബ് വിട്ട് പോയിട്ടുണ്ട്.

ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ട്രാന്‍സ്ഫറിനെ സംബന്ധിച്ചുള്ള ഒരു വമ്പന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മലയാളി താരം മുഹമ്മദ് സനാനെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

2023 മുതല്‍ ജംഷഡ്പൂര്‍ എഫ്.സിയുടെ താരമാണ് സനാന്‍. സാമ്പത്തിക ബാധ്യതകള്‍ കാരണം ജംഷഡ്പൂര്‍ എഫ്.സി ഇന്ത്യന്‍ ഫുട്ബോളിനോട് വിടപറഞ്ഞിരുന്നു. ജംഷഡ്പൂരുമായി കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് സനാന്‍ കേരളത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.

സനാന്‍ ഇന്ത്യയിലെ വമ്പന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ രാജ്യത്തെ ഏറ്റവും മികച്ച താരത്തിനുള്ള എഫ്.പി.എ.ഐ അവാര്‍ഡ് സ്വന്തമാക്കിയത് സനാന്‍ ആയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ അടുത്ത വലിയ ടാലന്റ് ആവുമെന്ന് പല ഫുട്‌ബോള്‍ നിരീക്ഷകരും വിശേഷിച്ച താരമാണ് സനാന്‍. മലപ്പുറം സ്വദേശിയായ താരം ഇന്ത്യന്‍ അണ്ടര്‍ 20 ടീമിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

സെപ്റ്റംബര്‍ 15 വരെയാണ് ഇന്ത്യന്‍ ഫുട്ബോളിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് നിലവിലുള്ളത്. ഇതിനുള്ളില്‍ ബ്ലാസ്റ്റേഴ്സ് ട്രാന്‍സ്ഫര്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കി വമ്പന്‍ താരങ്ങളെ ടീമിലെത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ആഷ്ലി വെസ്റ്റ് വുഡിന്റെ കീഴിലായിരിക്കും ഇത്തവണയും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്.

 

Content Highlight: Report says Kerala Blasters want sign Muhammed Sanan