കൊച്ചി: താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ സോഷ്യല്‍ മീഡിയ കാര്‍ഡുകളില്‍ പ്രചരിപ്പിക്കുന്നതായി എഴുത്തുകാരനും ഗവേഷകനുമായ ടി.എസ്. ശ്യാം കുമാര്‍. ‘താന്‍ മരിക്കും മുമ്പ് കേരളത്തിലെ ഹിന്ദുക്കളുടെ പൂര്‍ണ നാശം കാണാന്‍ കഴിയും എന്നാണ് പ്രതീക്ഷ,’ എന്ന് ടി.എസ് ശ്യാംകുമാര്‍ പറഞ്ഞുവെന്ന തരത്തില്‍ ഒരു സോഷ്യല്‍ മീഡിയ കാര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരിലാക്കി ചിലര്‍ വ്യാജ കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നതായി ശ്യാം കുമാര്‍ ചൂണ്ടിക്കാട്ടി.
മൂന്ന് ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ശ്യാം കുമാര്‍ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പറയുന്നത്. സംഘപരിവാരുകാര്‍ ആയിരക്കണക്കിന് പ്രൊഫൈലുകളിലൂടെ വ്യാജ പ്രചാരണവും തന്നെ ആക്രമിക്കാനുള്ള ആഹ്വാനവും നടത്തുന്നതായി ശ്യാം കുമാര്‍ ഈ ഫേസ്ബുക്ക് പോസ്റ്റുകളിലൊന്നില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
‘ഇത്തരം വ്യാജകാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുക,’ എന്ന് തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാംകുമാര്‍ തന്നെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. വ്യാജ പ്രൊഫൈലുകളിലൂടെ തന്നെ തെറിവിളിക്കുന്നവരുടെ മറ്റൊരു പ്രചാര വേലയാണ് ഇത്തരം വ്യാജ കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്തെങ്കിലും എനിക്ക് പറയാനുണ്ടെങ്കില്‍ അത് പ്രഭാഷണങ്ങളിലൂടെയോ ലേഖനത്തിലൂടെയോ വ്യക്തമായി പറയുന്നതാണ്. ഫേസ്ബുക്കില്‍ ഈ പ്രൊഫൈലിലൂടെയാണ് സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ പ്രതികരിക്കാറുള്ളതും.
അതുകൊണ്ട് തന്നെ ഞാന്‍ പറയാത്തതായ കാര്യങ്ങള്‍ വ്യാജകാര്‍ഡുകളിലൂടെ പ്രചരിപ്പിക്കുന്നവര്‍ ലക്ഷ്യമിടുന്നതെന്തെന്ന് വ്യക്തമാണ്. ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകളിലൂടെ സംവദിക്കാന്‍ ശേഷിയില്ലാതെ തെറിവിളിക്കുന്നവരുടെ മറ്റൊരു പ്രചാരവേലയാണ് ഇത്തരം വ്യാജങ്ങള്‍ പ്രചരിപ്പിക്കുന്നതും,’ ശ്യാം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇതിന് പിന്നാലെ മറ്റ് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലും ശ്യാം കുമാര്‍ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് സംസാരിച്ചു.
ശിവകൃഷ്ണ എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇതില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ശ്യാം കുമാര്‍ പറഞ്ഞു. ആയിരക്കണക്കിന് പ്രൊഫൈലുകളില്‍നിന്ന് ആക്രമിക്കാനുള്ള ആഹ്വാനവും വ്യാജപ്രചാരണവും പരിവാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പോസ്റ്റില്‍ ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടി.
‘ശിവ ദാസന്‍’ എന്ന പേരിലുള്ള പ്രൊഫൈലില്‍ വന്ന വ്യാജ പോസ്റ്ററിന്റെ സ്‌ക്രീന്‍ ഷോട്ടാണ് അടുത്ത പോസ്റ്റില്‍ ശ്യാം കുമാര്‍ പങ്കുവച്ചിട്ടുള്ളത്. ‘അടുത്ത വ്യാജ കാര്‍ഡ്’ എന്ന് പറഞ്ഞാണ് അദ്ദേഹം സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. ‘ഇതിനിവര്‍ക്ക് ദിവസക്കൂലിയോ അതോ മാസക്കൂലിയോ’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശ്യാംകുമാര്‍ ചോദിച്ചു.
Content Highlight: TS Shyam Kumar Against Social Media Propaganda targeting Himself
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.