ഏഴ് മില്യണ്‍ വ്യൂസുമായി സാത്തുക്കുടി പ്രണയം, നന്ദന്‍ ജീയ്ക്ക് ജോയലും ജസ്റ്റിനും വാഷിങ് മെഷീന്‍ കൊടുത്തുകാണുമോയെന്ന് ട്രോളന്മാര്‍
Malayalam Cinema
ഏഴ് മില്യണ്‍ വ്യൂസുമായി സാത്തുക്കുടി പ്രണയം, നന്ദന്‍ ജീയ്ക്ക് ജോയലും ജസ്റ്റിനും വാഷിങ് മെഷീന്‍ കൊടുത്തുകാണുമോയെന്ന് ട്രോളന്മാര്‍
അമര്‍നാഥ് എം.
Tuesday, 1st September 2026, 6:55 pm

മലയാളസിനിമയില്‍ ഇന്നേവരെ കാണാത്ത മാര്‍ക്കറ്റിങ് പരിപാടികളാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. ചിത്രത്തില്‍ അങ്ങിങ്ങായി കാണിച്ച ഷോര്‍ട്ട് ഫിലിമിന്റെ ഭാഗങ്ങള്‍ ചിരിയുണര്‍ത്തിയിരുന്നു. സിനിമയുടെ റിലീസിന് ശേഷം ഷോര്‍ട്ട് ഫിലിം പുറത്തുവിട്ടിരിക്കുകയാണ് ബെത്‌ലഹേം ടീം.

സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയല്‍ എന്ന കഥാപാത്രം അണിയിച്ചൊരുക്കിയ സോള്‍മേറ്റ്‌സ്, എ സാത്തുക്കുടി പ്രണയം എന്ന ഷോര്‍ട്ട് ഫിലിം ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ടിരിക്കുകയാണ്. സമീപകാലത്ത് ഹിറ്റായ പല ഷോര്‍ട്ട് ഫിലിമുകളുടെയും സ്പൂഫായാണ് സാത്തുക്കുടി പ്രണയം അണിയിച്ചൊരുക്കിയത്. ബെത്‌ലഹേം കുടുംബ യൂണിറ്റുമായി കണക്ട് ചെയ്യുന്ന രംഗങ്ങളും ചിരിയുണര്‍ത്തുന്നുണ്ട്.

കഴിഞ്ഞദിവസം പുറത്തുവിട്ട സോള്‍മേറ്റ്‌സ് ഇതിനോടകം ഏഴ് മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ സാത്തുക്കുടി പ്രണയമാണ് ഇപ്പോള്‍ ട്രോള്‍ പേജുകളിലെ പ്രധാന ചര്‍ച്ച. ഷോര്‍ട്ട് ഫിലിമിലെ ഓരോ സീനിനെക്കുറിച്ചും ട്രോള്‍ പേജുകള്‍ പങ്കുവെച്ച പോസ്റ്റ് ചിരിയുണര്‍ത്തുകയാണ്.

അത്തരത്തിലൊന്നാണ് ഷോര്‍ട്ട് ഫിലിമിലെ നായകനായ നന്ദന്‍ വെങ്കിടങ്ങിന്റെ (വിനീത് വിശ്വം) പ്രതിഫലം. ജോയലും സംഘവും ആദ്യം നായകനാക്കാന്‍ തീരുമാനിച്ച സൗരവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതോടെ നായകനെ മാറ്റുകയായിരുന്നു. പകരം സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന നന്ദനെ നായകനാക്കുകയും ചെയ്തു.

‘നന്ദന് എത്ര രൂപ കൊടുക്കേണ്ടി വരും’ എന്ന് നിര്‍മാതാവായ ജസ്റ്റിന്‍ ചോദിക്കുമ്പോള്‍ ‘ഏയ്, പൈസയൊന്നും വേണ്ടെന്ന് നന്ദന്‍ ജീ പറഞ്ഞു. അടുത്ത മാസം പുള്ളിയുടെ വീടിന്റെ പാലുകാച്ചാണ്. അതിന് ഒരു വാഷിങ് മെഷീന്‍ കൊടുത്താല്‍ മതി’ എന്നാണ് ജോയല്‍ പറഞ്ഞത്. ഷോര്‍ട്ട് ഫിലിം ഹിറ്റായതോടെ നന്ദന്‍ വെങ്കിടങ്ങിന് വാഷിങ് മെഷീന്‍ കൊടുത്തുകാണുമോ എന്നാണ് പലരുടെയും ചോദ്യം.

നന്ദന് ജോയലും ജസ്റ്റിനും വാഷിങ് മെഷീന്‍ സമ്മാനിക്കുന്ന എ.ഐ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അതിനൊപ്പം രസകരമായ കമന്റുകളും ട്രോളന്മാര്‍ പങ്കുവെക്കുന്നുണ്ട്. നന്ദന് പ്രതിഫലം കൊടുത്തോ ഇല്ലയോ എന്ന് അറിയില്ലെന്നും സംവിധായകന്‍ ആ ഷോര്‍ട്ട് ഫിലിമിലെ നായികയെ കല്യാണം കഴിച്ചെന്നുമാണ് പ്രധാന കമന്റുകള്‍. ബെത്‌ലഹേമിനൊപ്പം സാത്തുക്കുടി പ്രണയവും ചര്‍ച്ചയാവുകയാണ്.

Content Highlight: Discussions about short film shown in Bethlehem Kudumba Unit movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം