മലയാള സിനിമയില്‍ ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന യുവ അഭിനേതാക്കളിലൊരാളാണ് സംഗീത് പ്രതാപ്. ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയില്‍ മലയാള സിനിമയില്‍ താരം തന്റെ സ്ഥാനം കണ്ടെത്തുകയായിരുന്നു. എഡിറ്ററായി സിനിമയില്‍ കരിയര്‍ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറില്‍ വലിയ ബൂസ്റ്റായിരുന്നു നല്‍കിയത്.

സംഗീത് പ്രതാപ്. Photo: Youtube.com
പിന്നാലെ സത്യന്‍ അന്തിക്കാട് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തില്‍ മോഹന്‍ലാലുമൊത്തുള്ള താരത്തിന്റെ കോമ്പിനേഷനും വലിയ കൈയടി ലഭിച്ചിരുന്നു. 320 കോടി നേടി വന്‍ ഹിറ്റായി നില്‍ക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയലായുള്ള പെര്‍ഫോമന്‍സിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ സഹനടന്‍ റോളുകളില്‍ നിന്നും മാറി നായകനായി സംഗീത് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍.
എങ്കിലും താരത്തിന്റെ കരയറില്‍ വലിയ ആരാധക പിന്തുണയുള്ളത് പ്രേമലുവിലെ അമല്‍ ഡേവിസിന് തന്നെയാണ്. ഇപ്പോഴിതാ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിന്റെ റീച്ച് എത്രത്തോളമാണെന്ന് തെളിയിക്കുന്ന സംഭവത്തിനാണ് മലയാള സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. അമല്‍ ഡേവിസിനെ അവതരിപ്പിച്ച താരത്തെ കാണാനായി ഒഡീഷയില്‍ നിന്നും കേരളത്തിലെത്തിയ യുവാവിന്റെയും പിന്നാലെ സംഗീത് ഇയാളെ കാണുന്നതുമായ വീഡിയോ ആണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പ്രേമലുവിലെ താരത്തിന്റെ ഫോട്ടോസിന്റെ പ്രിന്റെടുത്തു കൊണ്ടാണ് സംഗീതിനെ കാണാനായി യുവാവ് എത്തിയിരിക്കുന്നത്. വൈപ്പിന്‍ ജങ്കാറില്‍ നിന്നും യുവാവിനെ കണ്ടുമുട്ടിയ മലയാളി ചെറുപ്പക്കാരനാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. രണ്ട് ദിവസമായി പരിസരത്ത് സംഗീതിനെ കാണാനായി ചുറ്റിത്തിരികയാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
Sangeeth Prathap fan from Odisha 🔥 https://t.co/Gt28ULH89W
— Film Wood Fiscal (@FilmWoodFiscal) November 29, 2026
പിന്നീട് സംഗീത് നേരിട്ടെത്തി യുവാവിനെ കാണുന്നതും ഒപ്പം ഫോട്ടോ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നേരത്തേ തമിഴ് സൂപ്പര്‍ താരം വിജയിയെ കാണാനായി തമിഴ്‌നാട്ടിലേക്ക് കാല്‍നടയായി പോയ ഉണ്ണിക്കണ്ണനുമായി താരതമ്യപ്പെടുത്തിയാണ് സംഗീതിന്റെ ആരാധകനെ പലരും ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
Content Highlight: A fan of Malayalam Actor Sangeeth Prathap travels all the way from Odisha to meet him
