ന്യൂദൽഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് രണ്ട് എൻ.സി.പി.എസ്.പി നേതാക്കൾ രാജിവെച്ചു.
പാർട്ടിയുടെ സോഷ്യൽ മീഡിയ സെല്ലിന്റെ മഹാരാഷ്ട്ര ജനറൽ സെക്രട്ടറിയായ രാമേശ്വർ ഖാംകറും മാൻ ഖട്ടാവ് നിയമസഭ മണ്ഡലം പ്രഡിഡന്റും നാഷണൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഭയ് സിങ് ജഗ്താപുമാണ് രാജിവെച്ചത്.
രാമേശ്വർ ഖാംകാറാണ് ആദ്യം രാജിവെച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഭാരവാഹിത്വവും അദ്ദേഹം ഉപേക്ഷിച്ചു. മണ്ഡല പുനർനിർണയ ബില്ലിൽ ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള പാർട്ടിയുടെ നീക്കം അംബേദ്കർ ആശയങ്ങൾ പിന്തുതുടരുന്ന ഒരാൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിട്ടുവീഴ്ചകൾ ഉണ്ടാകാമെന്നും എന്നാൽ എല്ലാ വിട്ടുവീഴ്ചകൾക്കും ആശയപരമായ പിന്തുണ നൽകാൻ കഴിയില്ലെന്നും ആരോടുമുള്ള വിദ്വേഷം കൊണ്ടല്ല മറിച്ച് സ്വന്തം മനസാക്ഷിക്ക് അനുസരിച്ചാണ് ഈ തീരുമാനമെടുത്തതെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.
അഭയ് സിങ് ജഗ്താപ് സംസ്ഥാന പ്രസിഡന്റ് ശശികാന്ത് ഷിണ്ഡെയ്ക്കാണ് രാജിക്കത്ത് അയച്ചത്. പ്രതിപക്ഷത്തെ രാജ്യത്ത് നിന്നും പൂർണമായി ഇല്ലാതാക്കാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുമ്പോൾ എൻ.സി.പി ഇതിനെ പിന്തുണയ്ക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് അഭയ് സിങ് ജഗ്താപ് പറഞ്ഞു.
അതേസമയം ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ച് നിലപാടിലുറച്ചു നിന്നു. തമിഴ്നാടിന് നേട്ടമാകുന്ന ബില്ലാണിതെന്നും നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, എം.എ. ബേബി എന്നിവരടക്കം രാജ്യത്തെ പ്രധാനപ്പെട്ട 14 നേതാക്കളാണ് ചെന്നൈയിലെ സ്റ്റാലിന്റെ വസതിയിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കനിമൊഴിയും ഉദയനിധിയും ഡി.എം.കെ നേതാവ് തിരുച്ചി ശിവയും ചർച്ചയിൽ ഉണ്ടായിരുന്നു.
അതേസമയം തമിഴ്നാടിനെ നിയന്ത്രിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ബി.ജെ.പിയുടെ വികാരം തമിഴ്നാടിന് എതിരാണെന്നും ബി.ജെ.പിയുടെ തന്ത്രത്തിൽ വീഴരുതെന്നും കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് രാഹുൽ ഗാന്ധി പറഞ്ഞു.
Content Highlight: Support for constituency delimitation bill; two NCP(SP) leaders resign in protest against party stance.
