1984 ൽ പുറത്തിറങ്ങിയ ‘പൂച്ചക്കൊരുമൂക്കുത്തി’ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് പ്രിയദർശൻ സിനിമയിലേക്കെത്തുന്നത്. മോഹൻലാലിനെ നായകനാക്കിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളൊക്കെ ഇന്നും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. 45 ഓളം സിനിമകൾ ഇരുവരുടേതുമായി പുറത്തിറങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള സിനിമാ അനുഭവത്തെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയദർശൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹൈവാന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരിന്നു പ്രിയദർശന്റെ പ്രതികരണം.

പ്രിയദർശൻ. Photo. Screen Grab/ Youtube
തന്റെ നൂറാമത്തെ സിനിമയെ കുറിച്ചും മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ചും പ്രിയദർശൻ സംസാരിച്ചു.
‘എന്റെ നൂറാമത്തെ ചിതം മോഹൻലാലുമായിട്ടാണ്. ലോകത്ത് വേറെ എവിടെയെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്റെ ആദ്യ പടത്തിലെയും നൂറാമത്തെ പടത്തിലെയും നായകൻ ഒരാൾ തന്നെയാണ്. ഹൈവാനിലും അദ്ദേഹം ഒരു കാമിയോയിൽ എത്തുന്നുണ്ട്,’ പ്രിയദർശൻ പറഞ്ഞു.
മോഹൻലാലുമായുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ചും പ്രിയദർശൻ സംസാരിച്ചു. ഇരുവരും ഒരുമിച്ച് വളർന്നവരാണെന്നും സിനിമയിൽ എത്തണമെന്ന ആഗ്രഹവുമായി ഒരേ കാലഘട്ടത്തിൽ മദ്രാസിലേക്ക് പോയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞങ്ങൾ ഒരുമിച്ച് വളർന്നവരാണ്. അദ്ദേഹം എനിക്ക് ജൂനിയറായിരുന്നു. പക്ഷേ സിനിമാ മേഖലയിലേക്ക് എങ്ങനെ എത്തിപ്പെടാം എന്ന് നോക്കുന്നതിനായി ഞങ്ങൾ ഒരുമിച്ച് മദ്രാസിലേക്ക് പോയവരാണ്. അന്ന് എങ്ങനെയാണ് സിനിമാ ഇൻഡസ്ട്രിയിൽ പ്രവേശിക്കാൻ കഴിയുക എന്നതായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഏക പ്രതിസന്ധി,’ പ്രിയദർശൻ പറഞ്ഞു.
മോഹൻലാൽ വളരെ പെട്ടെന്ന് തന്നെ ഒരു താരമായി മാറിയത് തന്റെ സിനിമാ യാത്രയ്ക്കും ഗുണകരമായെന്ന് പ്രിയദർശൻ പറയുന്നു. മോഹൻലാൽ ഒരു വലിയ താരമായി മാറിയതോടെ തനിക്ക് ഒരു സംവിധായകനായി സിനിമയിലേക്ക് പ്രവേശിക്കാൻ കൂടുതൽ എളുപ്പമായെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹൻലാൽ. Photo. Screen Grab/ Youtube
‘ഞാൻ വളരെ ഭാഗ്യവാനായിരുന്നു. അദ്ദേഹം ഒരു താരമായി മാറി. അതുകൊണ്ടുതന്നെ എനിക്ക് വളരെ എളുപ്പത്തിൽ ഒരു സംവിധായകനാകാൻ കഴിഞ്ഞു. അത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്,’ പ്രിയദർശൻ വ്യക്തമാക്കി.
‘ഒപ്പം’ സിനിമയുടെ റീമേക് ആയി കൊണ്ടാണ് ഹൈവാൻ സിനിമ പുറത്തിറങ്ങുന്നത്. പ്രിയദർശൻ തന്നെയാണ് ഹൈവാനും സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാർ, സൈഫ് അലി ഖാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം സെപ്തംബർ 11 ന് തിയേറ്ററുകളിലെത്തും.
Content Highlight: Director Priyadarshan Talks about mohanlal
