നീറ്റ് പ്രതിഷേധം; കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; യഥാര്‍ത്ഥ നീതി ലഭിച്ചെന്ന് ദീപ്‌കെ
India
നീറ്റ് പ്രതിഷേധം; കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; യഥാര്‍ത്ഥ നീതി ലഭിച്ചെന്ന് ദീപ്‌കെ
റെന്വര്‍ പി
Tuesday, 1st September 2026, 11:28 pm

ഛത്രപതി സംഭാജിനഗര്‍: നീറ്റ് ക്രമക്കേടിനെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ഈ വിഷയത്തില്‍ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യഥാര്‍ത്ഥ നീതി ലഭിച്ചെന്നും ദീപ്‌കെ പറഞ്ഞു.

സുപ്രീം കോടതിയുടെ തീരുമാനത്തിന് നന്ദി പറയുന്നതായും ദീപ്‌കെ വ്യക്തമാക്കി. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകാരണം മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ കാര്യത്തിലും യത്ഥാര്‍ത്ഥ നീതി നടപ്പാക്കപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നീറ്റ് പരീക്ഷയില്‍ ആത്മഹത്യ ചെയ്ത കുട്ടികള്‍ക്കായി ജന്തര്‍ മന്തറില്‍ സമരം ചെയ്ത എല്ലാവര്‍ക്കും ഇന്ന് യഥാര്‍ത്ഥ നീതി ലഭിച്ചതില്‍ ഞാന്‍ കോടതിയോട് വളരെയധികം നന്ദി പറയുന്നു. ഇന്ന്, ചോദ്യപേപ്പര്‍ ചോര്‍ച്ച മൂലം കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളെ സംബന്ധിച്ചും യഥാര്‍ത്ഥ നീതി നടപ്പാക്കപ്പെട്ടു,’ ദീപ്‌കെ പറഞ്ഞു.

നീറ്റ് ക്രമക്കേടിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്ട്രര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ സുപ്രീം കോടതി ഇന്ന് (സെപ്റ്റംബര്‍ ഒന്ന്, ചൊവ്വ) റദ്ദാക്കിയിരുന്നു. ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമുള്ള സമ്പൂര്‍ണ അധികാരങ്ങള്‍ വിനിയോഗിച്ചായിരുന്നു കോടതി എഫ്.ഐ.ആറുകള്‍ റദ്ദാക്കിയത്.

എഫ്.ഐ.ആറുകള്‍ റദ്ദാക്കിയതോടെ ഈ മാസം അഞ്ചിന് പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി പിന്‍വലിച്ചതായി സി.ജെ.പി അറിയിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പാലിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സി.ജെ.പി പ്രതിഷേധം പ്രഖ്യാപിച്ചത്.

നീറ്റ് ക്രമക്കേടിനെതിരെ ദല്‍ഹി ജന്തര്‍ മന്തറില്‍ അടക്കം പ്രതിഷേധിച്ചവരുടെയും അവരെ സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണച്ചവരുടെയും വിജയമാണ് കോടതി ഉത്തരവെന്ന് ദീപ്‌കെ അഭിപ്രായപ്പെട്ടു. കോടതി വിധിക്ക് ശേഷം ഛത്രപതി സംഭാജി നഗറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജന്തര്‍ മന്തറില്‍ മാത്രമല്ല, രാജ്യമെമ്പാടുമുള്ള ഈ പ്രതിഷേധത്തിനിടെ തെരുവിലിറങ്ങിയ ഓരോ വ്യക്തിക്കും ഇതൊരു വിജയമാണ്. തെരുവിലിറങ്ങിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കും ഇതൊരു വിജയമാണിത്. വാട്ട്സ്ആപ്പില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്തവര്‍ക്കും ഇത് ഒരു വിജയമാണ്,’ അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ എങ്ങനെ ശബ്ദം ഉയര്‍ത്തിയെന്നത് പ്രശ്‌നമല്ല. നിങ്ങള്‍ ശബ്ദം ഉയര്‍ത്തിയാല്‍ അത് ഒരു വിജയമാണ്. അതിനാല്‍, ഇത് നിങ്ങളുടെ എല്ലാവരുടെയും വിജയമാണ്.

നിങ്ങളെല്ലാവരും ശബ്ദമുയര്‍ത്തിയില്ലായിരുന്നെങ്കില്‍, ഇത് സാധ്യമാകുമായിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു,’ ദിപ്‌കെ കൂട്ടിച്ചേര്‍ത്തു.

ഭീഷണികള്‍ക്കും ലാത്തി ചാര്‍ജുകള്‍ക്കും ഇടയില്‍ നിന്ന് ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്ന ഇന്ത്യക്കാരുടെ വിജയമാണ് കോടതി വിധി. നീതി ആവശ്യപ്പെടുന്നതില്‍ നിന്ന് ആളുകള്‍ അന്ന് പിന്മാറാതിരുന്നെന്നും ദീപ്‌കെ ചൂണ്ടിക്കാട്ടി.

‘ശബ്ദമുയര്‍ത്തിയ എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് ഒരു വിജയമാണ്, നിരവധി ഭീഷണികളും ലാത്തി ചാര്‍ജുകളും ഉണ്ടായിട്ടും, നിങ്ങള്‍ പറയുന്നത് നിര്‍ത്തിയില്ല. നിങ്ങള്‍ ഭയപ്പെട്ടില്ല, നിങ്ങള്‍ പിന്മാറിയില്ല.; ഈ വിജയം നിങ്ങളുടേതാണ്,’ അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷാ ക്രമക്കേട് കാരണം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളായ ആകാംക്ഷ, കഹന്‍ പട്ടേല്‍, പ്രദീപ് മേഘ്വാള്‍, റിയ താപ്പ എന്നിവരുടെയടക്കം കുടുംബാംഗങ്ങളെ താന്‍ കണ്ടതായും അനുശോചനം അറിയിച്ചതായും ദീപ്്‌കെ പറഞ്ഞു. കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം സര്‍ക്കാരിന്റെ പരാജയങ്ങളാണെന്നും ദീപ്‌കെ ചൂണ്ടിക്കാട്ടി.

‘ഇന്ന് ഈ കുടുംബങ്ങളോടെല്ലാം ഞാന്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നു: നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളെ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ക്ക് വളരെ ഖേദമുണ്ടെന്നും അത് അവരുടെ തെറ്റല്ലെന്നും. ആ കുട്ടികള്‍ തെറ്റുകാരല്ല.

അവര്‍ വളരെ കഠിനാധ്വാനം ചെയ്തു, അവര്‍ വളരെ ഉത്സാഹത്തോടെ പഠിച്ചു, അവര്‍… ഡോക്ടര്‍മാരാകാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു. നിങ്ങളുടെ കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുത്തിയത് സര്‍ക്കാരിന്റെ പരാജയമാണ്,’ ദീപ്‌കെ പറഞ്ഞു.

Content Highlight: ‘True justice’: CJP’s Dipke welcomes Supreme Court’s decision to quash all FIRs against protesters

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.