അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങുകയും മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ താരം തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. മണിരത്നത്തിന്റെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വനിലൂടെ തമിഴ്നാട്ടിലും ഐശ്വര്യ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഐശ്വര്യ ലക്ഷ്മി. Photo: IMDB

താരത്തിന്റേതായി തമിഴില്‍ പുറത്തിറങ്ങി വലിയ വിജയമായ ചിത്രമായിരുന്നു ഗാട്ടാ ഗുസ്തി. വിഷ്ണു വിശാല്‍ നായകനായ ചിത്രത്തില്‍ ഗുസ്തിക്കാരിയായ കീര്‍ത്തി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി വേഷമിട്ടത്. സ്‌പോര്‍ട്‌സ് കോമഡി ഡ്രാമയായിട്ടായിരുന്നു സംവിധായകന്‍ ചെല്ലാ അയ്യാവു ചിത്രം ഒരുക്കിയിരുന്നത്. ഇപ്പോഴിതാ ഐശ്വര്യ മലയാളത്തില്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ ആശ റിലീസിനൊരുങ്ങുകയാണ്.

ജോജു ജോര്‍ജുവും ഉര്‍വശിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം സെപ്റ്റംബര്‍ 4നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. സഫര്‍ സനല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഐശ്വര്യയുടെ ചിത്രങ്ങളെല്ലാം കണ്ടിട്ടുണ്ടെന്നും ഗാട്ടാ ഗുസ്തിയിലെ ആക്ഷന്‍ രംഗങ്ങള്‍ കണ്ടതിന് ശേഷം താന്‍ ശ്രദ്ധയോടെയാണ് ഐശ്വര്യയ്‌ക്കൊപ്പം അഭിനയിച്ചതെന്നും ഉര്‍വശി തമാശയോടെ പറയുന്നു.

ആശ. Photo: X.com

‘ടൊവിനോയ്‌ക്കൊപ്പമുള്ള കാണെ കാണെ, പൊന്നിയന്‍ സെല്‍വന്‍, ഗാട്ടാ ഗുസ്തി തുടങ്ങി ഐശ്വര്യയുടെ ചിത്രങ്ങളെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. ഗാട്ടാ ഗുസ്തി കണ്ടതിന് ശേഷം ചെറിയ ഒരു പേടിയുണ്ട്. അത് കണ്ടതിന് ശേഷമാണ് ഈ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചത്. അതുകൊണ്ട് ചെറിയ ഒരു പേടിയുണ്ട്. കുറച്ചൊന്ന് നോക്കിയിട്ടേ നില്‍ക്കുള്ളൂ. കാരണം നമ്മുടെ ആരോഗ്യം നമ്മള്‍ തന്നെ നോക്കണമല്ലോ. നല്ല ആര്‍ടിസ്റ്റാണ് ഐശ്വര്യ. നല്ല ഒരു കോമ്പിനേഷന്‍ ഇല്ലെങ്കില്‍ എങ്ങനെ നമ്മള്‍ അഭിനയിക്കും.നമ്മള്‍ മാത്രം അഭിനയിച്ചിട്ട് കാര്യമില്ലല്ലോ. എനിക്ക് ഒരുപാട് ഇഷ്ടമുള്ള അഭിനേത്രിയാണ് ,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi talks about Actress Aishwarya Lakshmi