മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേതാവാണ് ധ്യാൻ ശ്രീനിവാസൻ. അതുല്യ കലാകാരൻ ശ്രീനിവാസന്റെ മകനെന്ന ലേബലിൽ സിനിമയിലെത്തിയ ധ്യാൻ കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2019-ൽ ലൗ ആക്ഷൻ ഡ്രാമ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ധ്യാൻ ഒട്ടനവധി ചിത്രങ്ങളിലാണ് നായകനായി പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പരാജയപ്പെട്ടെങ്കിലും, ഇവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ നൽകിയ അഭിമുഖങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഇത്തരത്തിൽ ധ്യാനിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇന്ന് വലിയ കാൻവാസിൽ കോടികൾ മുടക്കി എടുക്കുന്ന സിനിമകൾ പലപ്പോഴും പ്രേക്ഷകർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറയുകയാണ് ധ്യാൻ. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു നടൻ.

ധ്യാൻ ശ്രീനിവാസൻ. Photo. Screen grab/ Youtube

‘ഇന്ന് സിനിമ ചെയ്യുന്നവർക്ക് നല്ല രീതിയിൽ അതിനെക്കുറിച്ച് ഒരു ബോധം വേണം. എന്ത് കഥയെടുത്ത് സിനിമ ചെയ്യണം, അല്ലെങ്കിൽ ഇപ്പോൾ എന്റെ അടുത്ത് സിനിമ ചെയ്യാൻ വരുന്നവർക്ക് എന്നെ വെച്ച് സിനിമ ചെയ്യാനാകുമോ എന്നൊക്കെ ചിന്തിക്കണം.

കാരണം ചില ആളുകൾക്ക് വലിയ കാൻവാസിൽ ബഹളങ്ങളൊക്കെ ആയിട്ടുള്ള സിനിമകൾ ചെയ്യാൻ ആണ് താത്പര്യം. പക്ഷേ അത് ഗ്രൗണ്ടഡ് ആയിട്ട് നിൽക്കുന്ന ഓഡിയൻസിന് പലപ്പോഴും മനസിലാകുന്നില്ല എന്നതാണ് പ്രശ്നം. ഒരു 50 കോടിയുടെയോ 100 കോടിയുടെയോ ഒക്കെ ഒരു പടം ചെയ്തിട്ട് ഇത് ഏതാണ് ലോകം, ഇതിൽ ആരാണ് കഥാപാത്രങ്ങൾ എന്നൊക്കെ ആളുകൾക്ക് കൺഫ്യൂഷൻ വരികയാണ്,’ നടൻ പറഞ്ഞു.

പ്രേക്ഷകർക്ക് മനസിലാവുന്നതും റിലേറ്റ് ചെയ്യാൻ പറ്റുന്നതുമായ കഥകളുള്ള സിനിമകൾ എന്നും വിജയിക്കുമെന്നും ധ്യാൻ പറയുന്നു. അതിന്റെ ഉദാഹരണങ്ങളാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്, വാഴ, ഓം ശാന്തി ഓശാന എന്നീ സിനിമകളെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘ഇത്രയൊന്നും ചെലവില്ലാതെ ഈ അടുത്തിറങ്ങിയ ബെത്‌ലഹേം വലിയ വിജയമാണ് നേടിയത്. ഇത്തരത്തിൽ മനുഷ്യന്മാർക്ക് മനസിലാകുന്ന, റിലേറ്റ് ചെയ്യാൻ പറ്റുന്ന, നേറ്റിവിറ്റിയുള്ള സിനിമകൾ എന്നും വിജയിക്കും. റൂട്ടഡ് ആയി നിന്ന് കഥ പറയുക എന്നത് വളരെ പ്രധാനമാണ്. പടത്തിന്റെ വലുപ്പത്തിലല്ല കാര്യം.

ധ്യാൻ ശ്രീനിവാസൻ. Photo. Screen grab/ Youtube

ഉദാഹരണത്തിന് വാഴ, ഓം ശാന്തി ഓശാന പോലെയുള്ള സിനിമകളുടെ കഥയെടുത്ത് ഒരു പത്തു കൊല്ലത്തിനുശേഷം പുതിയ കുപ്പിയിലാക്കിയാലും അന്നും ഈ സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആയിരിക്കും.

ആ വേൾഡ് കുറച്ച് മാറ്റുക, നമുക്ക് ഇൻട്രസ്റ്റിംങ്‌ ആയിട്ടുള്ള കഥാപാത്രങ്ങളെ വെക്കുക എന്നതാണ് കാര്യം. കാരണം നമ്മൾ ഈ സിനിമ എത്തിക്കുന്ന പ്രേക്ഷകർക്ക് അത് മനസിലാവുക എന്നത് വളരെ പ്രധാനമാണ്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Dhyan Sreenivasan talks about the need to make  movies that are relatable to the audience