മലയാള സിനിമയ്ക്ക് കിട്ടിയ അതുല്യ കലാകാരന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. 2002ല്‍ പുറത്തിറങ്ങിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ താരം അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവിലാണ് താരം തന്റെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്. കുറഞ്ഞ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന തരത്തില്‍ നായകനടനായും വില്ലനായും താരം അരങ്ങ് തകര്‍ക്കുകയായിരുന്നു.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലൂടെയും ലോകേഷ് കനകരാജ് ചിത്രം വിക്രമിലൂടെയും പാന്‍ ഇന്ത്യന്‍ തലത്തിലും താരം തന്റെതായ സ്ഥാനം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ലഭിച്ച സ്വീകാര്യത തുടരാന്‍ ഫഹദിന് സാധിച്ചിരുന്നില്ല. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ട്രോള്‍ മെറ്റീരിയലാകുകയും അടുത്തിടെ പുറത്തിറങ്ങിയ ഇദയം മുരളിയില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോകുകയും ചെയ്തതോടെ വലിയ വിമര്‍ശനം താരത്തിന് നേരിടേണ്ടി വന്നിരുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ ഓടും കുതിര ചാടും കുതിരയും പേട്രിയറ്റും പരാജയമായതും ഫഹദിന് തിരിച്ചടിയായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ് . Photo: X.com

എന്നാല്‍ താരത്തിന് പ്രശംസയറിയിച്ച് കൊണ്ടുള്ള ചില സിനിമാ പേജുകളുടെ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫഹദ് ഫാസില്‍ കൂടെ ഉടമയായ ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 200 കോടിയും പിന്നിട്ട് വലിയ വിജയം സ്വന്തമാക്കിയതോടെയാണ് ഫഹദ് എന്ന നിര്‍മാതാവിനെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയത്.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് എന്നിവരുടെ ഉടമസ്ഥയിലുള്ള ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച്ചയോടടുക്കുമ്പോഴും മികച്ച മുന്നേറ്റമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെക്കുന്നത്. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഗിരീഷ് എ.ഡിയ്‌ക്കൊപ്പമുള്ള ഭാവന സ്റ്റുഡിയോസിന്റെ മറ്റൊരു വലിയ വിജയമാണ്. 2024ല്‍ പുറത്തിറങ്ങിയ പ്രേമലു 150 കോടിയോളം നേടി ഹിറ്റടിച്ചിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ് . Photo: District

ഫഹദ് തന്നെ നായകനായി 2024 ല്‍ പുറത്തിറങ്ങിയ ആവേശമായിരുന്നു താരത്തിന് വലിയ ലാഭം നല്‍കിയ മറ്റൊരു ചിത്രം. 157 കോടിയോളം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയ ചിത്രം അന്‍വര്‍ റഷീദിനൊപ്പമായിരുന്നു ഫഹദ് പ്രൊഡ്യൂസ് ചെയ്തത്. അന്യഭാഷയില്‍ പോയി സഹനടനായി വേഷങ്ങള്‍ ചെയ്ത് പണമുണ്ടാക്കുന്ന ഫഹദ് ആ പണം നല്ല മലയാളം ചിത്രങ്ങള്‍ക്കായി ചിലവഴിച്ച് കോടികള്‍ സമ്പാദിക്കുകയാണെന്നും താരത്തിന് നന്നായി ബിസിനസ് അറിയാമെന്നുമാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Content Highlight: Fahadh Fazil gets appreciation as producer in view of Bethlehem Kudumba unit’s box office hit