കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിന് യു.എസും ചൈനയും ഇന്ത്യയും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍. ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങളായതിനാല്‍ ഈ മൂന്ന് രാജ്യങ്ങള്‍ക്കും നേപ്പാളിന് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുണ്ടെന്നും ഖനാല്‍ അഭിപ്രായപ്പെട്ടു.
നേപ്പാള്‍ വളരെ കുറച്ച് ഹരിതഗൃഹ വാതകങ്ങള്‍ മാത്രമേ പുറത്ത് വിടുന്നുള്ളൂ. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെയും പരിണിത ഫലങ്ങളുടെ ഒരു വലിയ പങ്ക് നേപ്പാള്‍ അനുഭവിക്കുകയാണെന്നും ശിശിര്‍ ഖനാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
‘ഞങ്ങള്‍ സൃഷ്ടിക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ ആത്യന്തിക വിലയാണ് ഞങ്ങള്‍ നല്‍കുന്നത്. മഞ്ഞുപാളികള്‍ വേഗത്തില്‍ ഉരുകുന്നതും, വലിയ നാശമുണ്ടാക്കുന്ന ഈ പര്‍വത സുനാമികളും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള അനന്തരഫലങ്ങളാണ്,’ നേപ്പാള്‍ മന്ത്രി പറഞ്ഞു.
സഹായം ചോദിക്കുക എന്നതില്‍ നിന്ന് നീതിയും നഷ്ടപരിഹാരവും ആവശ്യപ്പെടുക എന്നതിലേക്ക് നേപ്പാളിന്റെ നയതന്ത്ര സമീപനം മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ദാനധര്‍മത്തിന്റെ കാര്യമല്ല, നിയമപരവും ധാര്‍മികവുമായ ബാധ്യതയുടെ കാര്യമാണ്. അന്താരാഷ്ട്ര വേദികളില്‍ നേപ്പാള്‍ ഈ വിഷയം ഉന്നയിക്കുമെന്നും ഖനാല്‍ കൂട്ടിച്ചേര്‍ത്തു.
ഹരിത ഗൃഹ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറത്ത് വിടുന്ന മൂന്ന് രാജ്യങ്ങളാണ് ചൈനയും യു.എസും ഇന്ത്യയും. ഇതിനാല്‍ നേപ്പാള്‍ പോലുള്ള ദുര്‍ബല രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം ഈ മൂന്ന് രാജ്യങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ ഹിമാലയന്‍ മഞ്ഞുപാളികള്‍ അപ്രത്യക്ഷമായാല്‍ ദക്ഷിണേഷ്യയില്‍ ഗംഗ, ത്രിശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന രണ്ട് ബില്യണിലധികം ജനങ്ങളുടെ ജലസുരക്ഷയെ ബാധിക്കും. നേപ്പാളിനുവേണ്ടി മാത്രമല്ല, ദക്ഷിണേഷ്യന്‍ സമൂഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ് ഞങ്ങള്‍ വാദിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രളയത്തിന് ശേഷം തങ്ങള്‍ക്ക് സഹായം നല്‍കിയതിന് ഇന്ത്യയും ചൈനയും അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ക്ക് നന്ദി പറയുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ പറഞ്ഞു. ചൊവ്വാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ശിശിര്‍ ഖനാലിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രി ചൈനക്കും ഇന്ത്യക്കും നന്ദി പറഞ്ഞത്.
ഓഗസ്റ്റ് 26 നാണ് നേപ്പാളില്‍ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ 1,127 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ ഏകദേശം 4,900 പേരെ ഇനിയും കണ്ടെത്താനുണ്ട്. മധ്യ നേപ്പാളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വലിയ നാശ നഷ്ടത്തിനും പ്രളയം കാരണമായി.
ഹിമാലയത്തിലെ ഒരു ഐസ് പാറ ഇടിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞതായി പ്രധാനമന്ത്രി ബലേന്ദ്ര ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവുമായുള്ള ബന്ധം അന്താരാഷ്ട്ര സമൂഹത്തില്‍ ശക്തമായി ഉന്നയിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘റസുവ ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഹിമാലയത്തിലെ ഒരു ഐസ് പാറയുടെ മഞ്ഞ് ഇളകിയതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം പര്‍വതപ്രദേശങ്ങളിലെ ജനങ്ങള്‍ നേരിടേണ്ടി വരുന്ന വര്‍ദ്ധിച്ചുവരുന്ന അപകടസാധ്യതയാണ് ഈ സംഭവം തുറന്നു കാണിക്കുന്നത്,’ ബലേന്ദ്ര ഷാ പറഞ്ഞു.
Content Highlight: Nepal demands compensation from India, China, US over floods
