ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ആര്‍.സി.ബിക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഭുവനേശ്വര്‍ കുമാറിനെ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും 2027ലെ ഏകദിന ലോകകപ്പില്‍ യുവ പേസര്‍മാരെ വളര്‍ത്തിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ഭുവിയുടെ കരിയര്‍ ഏതാണ്ട് അവസാനിച്ചെന്നും ടി-20 ടീമില്‍ ഇടം നേടാനുള്ള നേരിയ സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതും ഇതുവരെ ഉണ്ടായില്ലെന്നും റായിഡു പറഞ്ഞു.

ഭുവനേശ്വർ കുമാർ

‘പരിചയസമ്പന്നരായ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് താത്പര്യമില്ലെന്ന് വ്യക്തമാണ്. ആര്‍.സി.ബിക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഭുവനേശ്വര്‍ കുമാറിനെ തുടര്‍ച്ചയായി അവഗണിക്കുന്നതാണ് നമ്മള്‍ കണ്ടത്. 2027ലെ ഏകദിന ലോകകപ്പിനായി യുവ പേസ് ബൗളിങ് നിരയെ വളര്‍ത്തിയെടുക്കാനാണ് സെലക്ടര്‍മാര്‍ ലക്ഷ്യമിടുന്നതെന്ന സൂചനകളുള്ളതിനാല്‍ ഭുവനേശ്വറിന്റെ അന്താരാഷ്ട്ര കരിയര്‍ ഏതാണ്ട് അവസാനിച്ചുവെന്ന് പറയാം.

ടി-20 ടീമില്‍ ഇടം നേടാനുള്ള നേരിയ സാധ്യതയെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അതും ഇതുവരെ സംഭവിച്ചിട്ടില്ല. ടി-20യിലും ഓരോ പരമ്പരയിലും ഏതാണ്ട് ഒരേ താരങ്ങളെ തന്നെയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് പരിഗണിക്കുന്നത്.

ഭുവനേശ്വർ കുമാർ

കഴിഞ്ഞ കാലത്ത് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും ടീമില്‍ ഇടം നേടാന്‍ കഴിയാത്തത് തീര്‍ച്ചയായും നിരാശാജനകമാണ്. അതിന് പുറമെ, അടുത്തിടെ ഐ.പി.എല്ലിലും ഭുവനേശ്വര്‍ മികച്ച ഫോമിലായിരുന്നു. എന്നിട്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ലെന്നത് വലിയ നിരാശ തന്നെയാണ്,’ അമ്പാട്ടി റായിഡു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം 2026 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്.

സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്. 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി 86 ടി-20 ഇന്നിങ്‌സുകള്‍ കളിച്ച ഭുവി 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ 2022 ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.

2027 ഏകദിന ലോകകപ്പില്‍ ഭുവി വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയണിയുമോയെന്ന് കണ്ടുതന്നെ അറിയണം. ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.

Content Highlight: Ambati Rayudu Supports Indian Pacer Bhuvaneshwar Kumar