ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. ഇന്ത്യയില്‍ വിജയിക്കുക എന്നത് ഞങ്ങള്‍ക്ക് എപ്പോഴും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാല്‍ അടുത്ത കാലത്ത് ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയും ഇന്ത്യയില്‍ വിജയിച്ചത് ഓസീസിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണെന്നും പോണ്ടി പറഞ്ഞു.

മാത്രമല്ല സ്വന്തം നാട്ടില്‍ പിച്ചുകള്‍ തയ്യാറാക്കുന്ന രീതിയില്‍ ഇന്ത്യ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും സ്പിന്നിനെ കൂടുതല്‍ അനുകൂലിക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പോലും നന്നായി കളിക്കാന്‍ സാധിക്കുന്നില്ലെന്നും പോണ്ടിങ് പറഞ്ഞു.

ഇന്ത്യ

‘ഇന്ത്യയില്‍ വിജയിക്കുക എന്നത് ഞങ്ങള്‍ക്ക് എപ്പോഴും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മറ്റ് ചില ടീമുകള്‍ ഇന്ത്യയിലെത്തി ഇന്ത്യയെ സ്വന്തം മണ്ണില്‍ തോല്‍പ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയും അതിന് മികച്ച ഉദാഹരണങ്ങളാണ്. അതില്‍ നിന്ന് ഓസ്‌ട്രേലിയക്ക് കുറച്ചെങ്കിലും ആത്മവിശ്വാസം നേടാനാകും.

സ്വന്തം നാട്ടില്‍ കൂടുതല്‍ മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ പിച്ചുകള്‍ തയ്യാറാക്കുന്ന രീതിയില്‍ ഇന്ത്യ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. സ്പിന്നിനെ അമിതമായി സഹായിക്കുന്ന പിച്ചുകള്‍ ഒരുക്കുന്നതില്‍ ഇന്ത്യ ഒരുപാട് മുന്നോട്ടുപോയി. അതിന്റെ ഫലമായി ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പോലും അത്തരം പിച്ചുകളില്‍ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. പലപ്പോഴും എതിര്‍ ടീമുകള്‍ ഇന്ത്യയില്‍ ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കളിക്കുന്ന സാഹചര്യമുണ്ടായിട്ടുമുണ്ട്,’ പോണ്ടിങ് പറഞ്ഞു.

ഓസ്‌ട്രേലിയ

ഇത്തവണ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയിലാണ് നടക്കുക. 2027 ജനുവരിയില്‍ നാഗ്പൂരിലാണ് പരമ്പയിലെ ആദ്യ മത്സരം. മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിലും സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലും ചരിത്ര തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. സ്പിന്‍ ബൗളിങ്ങിന് പ്രാധാന്യം നല്‍കി ഒരുക്കിയ പിച്ചുകളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ഷെഡ്യൂള്‍ (മത്സരം, വേദി, തിയ്യതി എന്ന ക്രമത്തില്‍)

ഒന്നാം ടെസ്റ്റ് – നാഗ്പൂര്‍ – ജനുവരി 21-25

രണ്ടാം ടെസ്റ്റ് – ചെന്നൈ – ജനുവരി 29 – ഫെബ്രുവരി 2

മുന്നാം ടെസ്റ്റ് – ഗുവാഹത്തി – ഫെബ്രുവരി 11-15

നാലാം ടെസ്റ്റ് – റാഞ്ചി – ഫെബ്രുവരി 19-23

അഞ്ചാം ടെസ്റ്റ് – അഹമ്മദാബാദ് – ഫെബ്രുവരി 27- മാര്‍ച്ച് 3

Content Highlight: Rickey Ponting Warns India Ahead Border-Gavaskar Trophy