അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തില്‍ സഞ്ജു സാംസണൊപ്പം വൈഭവ് സൂര്യവംശി ഓപ്പണിങ് ജോഡിയെ പരീക്ഷിക്കാമെന്ന ആശയവുമായി മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. പരമ്പരയില്‍ അഭിഷേക്-സഞ്ജു സഖ്യം തന്നെ ഓപ്പണിങ്ങിനിറങ്ങണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ താരം, എന്നാല്‍ ഒരു പരീക്ഷണത്തിന് അനുയോജ്യമായ സമയമാണെന്നും ചൂണ്ടിക്കാട്ടി.
ഇതിനുമുമ്പ് അഭിഷേക്-വൈഭവ്, അഭിഷേക്-സഞ്ജു സഖ്യങ്ങള്‍ ഒന്നിച്ച് ഓപ്പണ്‍ ചെയ്തിട്ടുണ്ടെങ്കിലും സഞ്ജു സാംസണ്‍ – വൈഭവ് സൂര്യവംശി കൂട്ടുകെട്ട് ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീപ് ദാസ്ഗുപ്ത
കഴിഞ്ഞ ജൂലൈയില്‍ നടന്ന സിംബാബ്‌വേ പരമ്പരയില്‍ അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയുമായിരുന്നു ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്. ഈ പരമ്പരയില്‍ സഞ്ജു സാംസണ് വിശ്രമം അനുവദിച്ചിരുന്നു.
തന്റെ യൂട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് 49-കാരനായ ദീപ് ദാസ്ഗുപ്ത സഞ്ജുവിനെയും അഭിഷേകിനെയും പിന്തുണച്ചതിനൊപ്പം പുതിയ സാധ്യതകളും മുന്നോട്ടുവെച്ചത്.
സെപ്റ്റംബര്‍ 13, 15, 17 ദിവസങ്ങളില്‍ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും അരങ്ങേറുന്നത്.

അഫ്ഗാനിസ്ഥാന്‍. Photo: ACB/x.com
‘മുന്‍ മത്സരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സഞ്ജുവും അഭിഷേകും ആയിരുന്നു ഓപ്പണര്‍മാര്‍. പ്രമുഖ താരങ്ങളെല്ലാം ഉള്ളപ്പോഴും ഇവര്‍ തന്നെയാണ് കളിച്ചത്. എന്നാല്‍ സഞ്ജു-വൈഭവ് സഖ്യത്തെ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല. സഞ്ജുവും വൈഭവും ചേര്‍ന്നുള്ള സഖ്യം എന്ത് തരം പ്രകടനമാണ് പുറത്തെടുക്കുക എന്ന് പരീക്ഷിച്ചു നോക്കുന്നത് മോശം ആശയമല്ല.
ഇതിന്റെ പേരില്‍ ആരെയും ടീമില്‍ നിന്ന് ഒഴിവാക്കണം എന്നല്ല ഞാന്‍ പറയുന്നത്. 2028ലെ ടി-20 ലോകകപ്പിന് മുന്നോടിയായി ഓരോ വ്യക്തിക്കും ഓരോ കൂട്ടുകെട്ടിനും വ്യക്തമായ അവസരങ്ങളും മതിയായ ഗെയിം ടൈമും നല്‍കി ഏതൊക്കെ കോമ്പിനേഷനുകളാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കുക എന്നതാണ് ആശയം,’ അദ്ദേഹം പറഞ്ഞു.
സമീപകാലങ്ങളില്‍ ആരെയും ടീമില്‍ നിന്ന് പൂര്‍ണമായി പുറത്താക്കുകയോ ടീമിലേക്ക് തിരിച്ചെത്തുകയോ ചെയ്തിട്ടില്ലെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ആരും ടീമിലേക്ക് പൂര്‍ണമായി തിരിച്ചെത്തിയിട്ടുമില്ല, ആരെയും ടീമില്‍ നിന്ന് പുറത്താക്കിയിട്ടുമില്ല. 20-25 കളിക്കാര്‍ മാറിമാറി കളിക്കും. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിന് രണ്ടു മൂന്ന് മാസം മുമ്പ് മികച്ചൊരു ടീമിനെ കണ്ടെത്തുക എന്നതാണ് ലക്ഷ്യം.

ഇന്ത്യ. Photo: BCCI/x.com
ഒരു വര്‍ഷത്തിനിടെ എത്ര മത്സരങ്ങളുണ്ടെന്ന് കണക്കാക്കി എല്ലാ കളിക്കാര്‍ക്കും കോമ്പിനേഷനുകള്‍ക്കും തുല്യമായ മത്സരപരിചയം നല്‍കാനാണ് ഞാന്‍ ശ്രമിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
Content Highlight: Former star Deep Dasgupta on India’s opening pair in IND-AFG T20 series
