4 ഇന്നിങ്‌സ്, 200 റണ്‍സുമില്ല! നാണംകെട്ട് പാകിസ്ഥാന്‍; ഇങ്ങനെ തോറ്റാല്‍ കോച്ചിനെ തെറിപ്പിക്കാതെ പിന്നെ!
Sports News
4 ഇന്നിങ്‌സ്, 200 റണ്‍സുമില്ല! നാണംകെട്ട് പാകിസ്ഥാന്‍; ഇങ്ങനെ തോറ്റാല്‍ കോച്ചിനെ തെറിപ്പിക്കാതെ പിന്നെ!
ആദർശ് എം.കെ.
Tuesday, 1st September 2026, 1:50 pm

 

 

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ അവസാനിച്ചപ്പോള്‍ തന്നെ സന്ദര്‍ശകര്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരികമായി വിജയിച്ചാണ് മൂന്നാം മത്സരത്തിന് മുമ്പ് തന്നെ പാകിസ്ഥാനെ വീഴ്ത്തി ത്രീ ലയണ്‍സ് പരമ്പര സ്വന്തമാക്കിയത്.

ഹെഡിങ്‌ലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 194 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ തോറ്റു എന്നതിനേക്കാളുപരി എങ്ങനെ തോറ്റു എന്നതാണ് പാക് ആരാധകരെ നിരാശരാക്കുന്നത്. രണ്ട് ടെസ്റ്റുകളിലായി നാല് ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്തപ്പോള്‍ ഒന്നില്‍പ്പോലും 200 റണ്‍സ് തികച്ചെടുക്കാന്‍ പാകിസ്ഥാന്‍ ടീമിന് സാധിച്ചില്ല.

ഹെഡിങ്‌ലിയില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 171 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സിനിറങ്ങിയ 409 റണ്‍സ് അടിച്ചെടുത്തു.

ലീഡ് നേടാനുറപ്പിച്ച് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ യാത്ര വെറും 135 റണ്‍സിലൊതുങ്ങി. 41 റണ്‍സടിച്ച മുഹമ്മദ് റിസ്വനാണ് ടോപ്പ് സ്‌കോറര്‍.

ആതിഥേയര്‍ ഉയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാനോ ലീഡ് ഉയര്‍ത്താനോ സാധിക്കാതെ പോയതോടെ പാക് പട ഇന്നിങ്‌സ് തോല്‍വി വഴങ്ങി.

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനായിരുന്നു ആദ്യ ബാറ്റിങ്. പാകിസ്ഥാനായി മുഹമ്മദ് അബ്ബാസും മുഹമ്മദ് അലിയും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചതോടെ 290 റണ്‍സ് മാത്രമാണ് ആതിഥേയര്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

എന്നാല്‍ അവസരം മുതലാക്കാന്‍ ശ്രമിക്കാതെ പാകിസ്ഥാന്‍ താരങ്ങള്‍ നിരാശരാക്കാന്‍ മത്സരിച്ചു. രണ്ടേ രണ്ട് താരങ്ങള്‍ മാത്രം പാക് നിരയില്‍ ഇരട്ടയക്കം കണ്ടപ്പോള്‍ ബാബറിന്റെയും സംഘത്തിന്റെയും ഒന്നാം ഇന്നിങ്‌സ് 110ലൊതുങ്ങി.

180 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 208 റണ്‍സിലൊതുങ്ങി. അഞ്ച് വിക്കറ്റുമായി മുഹമ്മദ് അബ്ബാസാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 389 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 194ന് പുറത്തായി. 98 റണ്‍സ് നേടിയ സൗദ് ഷക്കീല്‍ മാത്രമാണ് പാകിസ്ഥാനായി ചെറുത്തുനില്‍ക്കാനെങ്കിലും ശ്രമിച്ചത്.

മൂന്നാം ടെസ്റ്റില്‍ മുഖം രക്ഷിക്കാനെങ്കിലും പാകിസ്ഥാന് മികച്ച പ്രകടനം പുറത്തെടുക്കണം.

അതേസമയം, മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമര്‍ ഗുല്‍ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കുകയും, ഏഴ് പ്രമുഖ താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരിക്കുകയാണ്.

സര്‍ഫറാസ് അഹമ്മദിന് പകരം വൈറ്റ്‌ബോള്‍ പരിശീലകനായ മൈക്ക് ഹെസ്സണ്‍ ചുമതലയേറ്റു. ഉമര്‍ ഗുല്ലിന് പകരം മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ആഷ്‌ലി നോഫ്‌കെയെയാണ് പാകിസ്ഥാന്‍ നിയമിച്ചിരിക്കുന്നത്.

സീനിയര്‍ താരം മുഹമ്മദ് റിസ്‌വാന്‍, ഓപ്പണര്‍ ഇമാം ഉള്‍ ഹഖ്, മുന്‍ ടെസ്റ്റ് നായകന്‍ സല്‍മാന്‍ അലി ആഘ, ഓള്‍റൗണ്ടര്‍ ആമിര്‍ ജമാല്‍, ഖുറാം ഷെഹ്‌സാദ്, അലി ഉസ്മാന്‍, മുഹമ്മദ് അവൈസ് സഫര്‍ എന്നിവരെയാണ് സ്‌ക്വാഡില്‍ നിന്ന് പുറത്താക്കി നാട്ടിലേക്ക് തിരിച്ചയച്ചത്. ഇവര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Content  Highlight: ENG vs PAK: Pakistan failed to score 200 runs in all 4 innings

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.