അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും ലയണല്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി ഇതിഹാസ പരിശീലകന്‍ ജോസെ മൗറീന്യോ. അടുത്ത കോപ്പ അമേരിക്കയും ലോകകപ്പും ഇതുപോലെ ആയിരിക്കില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

മെസി പങ്കുവെച്ച വൈകാരിക കുറിപ്പിന് കമന്റായാണ് മൗറീന്യോ മെസിക്ക് ആശംസകളര്‍പ്പിച്ചത്.

ജോസെ മൗറീന്യോ

‘അതിമനോഹരവും ആര്‍ക്കും ഒരിക്കലും മറക്കാന്‍ സാധിക്കാത്തതുമായ അന്താരാഷ്ട്ര കരിയറിന് അഭിനന്ദനങ്ങള്‍. അടുത്ത കോപ്പ അമേരിക്കയും ലോകകപ്പും ഒരിക്കലും ഇതുപോലെ ആയിരിക്കില്ല,’ അദ്ദേഹം കുറിച്ചു.

2005 ഓഗസ്റ്റില്‍ ഹംഗറിക്കെതിരെയാണ് ഒരു കൗമാരതാരമായിരിക്കെ മെസി അരങ്ങേറ്റം കുറിച്ചത്. രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഐതിഹാസിക രാജ്യാന്തര കരിയറിനാണ് മെസി കഴിഞ്ഞ ദിവസം ഫുള്‍സ്‌റ്റോപ്പിട്ടത്.

2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ കളത്തിലിറങ്ങി. 125 ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചു. ആല്‍ബിസെലസ്റ്റിനെ 2022 ലോകകപ്പ് ചൂടിച്ച മെസി 2026ല്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങള്‍ക്ക് ഫുട്‌ബോള്‍ ലോകം സാക്ഷിയായി. ഫൈനലില്‍ സ്‌പെയ്‌നിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളില്‍ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.

അതേസമയം, മെസിക്ക് ശേഷം ആര് അര്‍ജന്റീനയെ നയിക്കും എന്ന ചോദ്യത്തിന് ഉത്തരമായിക്കഴിഞ്ഞു. ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റൈന്‍ ടീമിന്റെ ക്യാപ്റ്റന്‍ കുപ്പായം അണിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മെസിക്കും നിക്കോളാസ് ഒട്ടമെന്‍ഡിക്കും ശേഷം അര്‍ജന്റീനയുടെ മൂന്നാം ക്യാപ്റ്റനായിട്ടായിരുന്നു റൊമേറോ പ്രവര്‍ത്തിച്ചിരുന്നത്.

2026 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നലെ ഒട്ടമെന്‍ഡി അര്‍ജന്റൈന്‍ ദേശീയ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മെസി കൂടി പടിയിറങ്ങിയതോടെയാണ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരത്തെ തേടി ഈ വലിയ ചുമതല എത്തിയത്.

 

Content Highlight: Jose Mourinho on Lionel Messi’s retirement