തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമയിൽ പൊലീസ് വേഷം ചെയ്തുകൊണ്ട് അഭിനയത്തിലേക്ക് എത്തിയ നടനാണ് പ്രകാശ് വർമ. സിനിമക്ക് മുന്നേ തന്നെ പരസ്യ സംവിധാന രംഗത്തും നടൻ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തുടരും സിനിമയുടെ വൻ വിജയത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന സിനിമയിൽ വീണ്ടും പൊലീസ് വേഷത്തിൽ താരം എത്തുകയാണ്.

ഒരു ഇടവേളക്ക് ശേഷം രഞ്ജിത്ത് സംവിധാന രംഗത്തേക്ക് എത്തുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്. എന്നാൽ തന്റെ ആദ്യകാല പരസ്യ ചിത്രീകരണത്തെ കുറിച്ചും ഷാരുഖ് ഖാന്റെ ഒപ്പം പ്രവർത്തിച്ചതിന്റെ അനുഭവവും തുറന്ന് പറയുകയാണ് പ്രകാശ് വർമ. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

പ്രകാശ് വർമ, Photo.Screen Grab/ Youtube

ഹ്യൂണ്ടായ് സാൻട്രോയുടെ പരസ്യത്തിൽ മോഡലായി ഷാരുഖ് ഖാനെ അഭിനയിപ്പിക്കേണ്ടത് അത് വലിയൊരു പ്രോജക്ടായിരുന്നു. സാധാരണ രീതിയിൽ ചെയ്യാമായിരുന്നെങ്കിലും താൻ അതിന് വേറിട്ടൊരു വഴിയാണ് തിരഞ്ഞെടുത്തതെന്ന് സംവിധായകൻ പ്രകാശ് വർമ പറഞ്ഞു.

‘ബെംഗളൂരുവിലെ ഹൊസൂർ ഭാഗത്ത് ഒരു സ്വകാര്യ എയർസ്ട്രിപ്പുണ്ട്. അവിടെ പ്രൈവറ്റ് ജെറ്റ് ഇറക്കാൻ സാധിക്കും. മുംബൈയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് ഷാരുഖ് ഖാൻ അവിടേക്ക് എത്തിയത്. അന്ന് അത്രയും വലിയൊരു താരത്തെ അങ്ങനെ കൊണ്ടുവന്ന് പരസ്യം ചിത്രീകരിക്കുന്നത് ചെറിയ കാര്യമല്ലായിരുന്നു,’ പ്രകാശ് വർമ പറയുന്നു.

ആഴ്ചകൾ നീണ്ടുനിൽക്കേണ്ടിയിരുന്ന പരസ്യചിത്രീകരണം മൂന്ന് ദിവസംകൊണ്ട് മനോഹരമായി പൂർത്തിയാക്കി. ഷൂട്ട് കഴിഞ്ഞപ്പോൾ ഷാരുഖ് ഖാൻ തന്നെ ചേർത്തുപിടിച്ചെന്നും പ്രകാശ് വർമ്മ പറഞ്ഞു. 2002ൽ തുടങ്ങിയ ആ ബന്ധം പിന്നീട് നിരവധി വലിയ പ്രോജക്ടുകളിലൂടെ ഇന്നും തുടരുന്നുണ്ടെന്ന് പ്രകാശ് വർമ പറഞ്ഞു.

‘ഞാൻ ചില പ്രോജക്ടുകൾ മനപൂർവം എടുക്കുന്നത് ഷാരുഖിനൊപ്പം സമയം ചെലവഴിക്കാൻ കൂടിയാണ്. അദ്ദേഹവുമായുള്ള ആത്മബന്ധത്തിന്റെ ആഴം അത്രത്തോളമുണ്ട്,’ പ്രകാശ് വർമ പറഞ്ഞു.

കുട്ടികൾ ഫ്രൂട്ടി കുടിക്കുന്നത് കൊതിയോടെ നോക്കിനിൽക്കുന്ന ഷാറുഖ് ഖാനെ പരസ്യത്തിൽ അവതരിപ്പിച്ചതിന് പിന്നിലെ ആശയവും അദ്ദേഹം പങ്കുവച്ചു. തന്റെ കുട്ടിക്കാലത്തെ ഒരു ഓർമയിൽ നിന്നാണ് ആ ദൃശ്യം മനസ്സിലേക്ക് വന്നതെന്ന് പ്രകാശ് വർമ പറഞ്ഞു.

പ്രകാശ് വർമ, Photo.Screen Grab/ Youtube

‘ഞാൻ പണ്ട് സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു ബേക്കറിയുണ്ടായിരുന്നു. അവിടെ എല്ലാ ദിവസവും വൈകിട്ടാണ് ഉള്ളിവട ഉണ്ടാക്കാറുള്ളത്. സ്‌കൂൾ വിട്ടുവരുന്ന കുട്ടികൾ കൊതിയോടെ അത് നോക്കിനിൽക്കും. ഫ്രൂട്ടിക്ക് വേണ്ടി പരസ്യം ചിത്രീകരിച്ചപ്പോൾ ആ ദൃശ്യമാണ് ആദ്യം മനസ്സിൽ ഓടിയെത്തിയത്,’ അദ്ദേഹം പറഞ്ഞു.

രഞ്ജിത്ത് സംവിധാനം ചെയ്ത് ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന മാസ് ആക്ഷൻ ത്രില്ലറാണ് ‘ലോ ആൻഡ് ഓർഡർ’. പ്രകാശ് വർമയും അഭിരാമിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒരു പൊലീസ് ഓഫീസറും അഞ്ച് യുവ റിക്രൂട്ട്‌മെന്റുകളും ക്രിമിനൽ ലോകത്തെ നേരിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തും.

Content Highlight: Prakash Varma opens up about his experience of working with Shah Rukh Khan