സംവിധാനത്തിലേക്കുള്ള തന്റെ സ്വപ്നം ഇപ്പോഴും മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് നടി പാർവതി തിരുവോത്ത്. കഴിഞ്ഞ അഞ്ച് വർഷമായി താൻ ഈ സിനിമ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണെന്നും സിനിമയുടെ എഴുത്ത് പൂർണമായും പൂർത്തിയായെന്നും പാർവതി പറഞ്ഞു. ഇനി ഏതാനും അന്തിമ തീരുമാനങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും അതുകഴിഞ്ഞാൽ ഉടൻ ചിത്രീകരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘എന്റെ നിർമാതാക്കൾക്കായി ഞാൻ കാത്തിരിക്കുകയാണ്. ഉടൻ തന്നെ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ അഞ്ച് വർഷമായി ഈ സിനിമ നടക്കാൻ വേണ്ടി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയ്ക്ക് വേണ്ടി എഴുതുന്നത് പൂർണമായും കഴിഞ്ഞിട്ടുണ്ട്. ഇനി കുറച്ച് അന്തിമ തീരുമാനങ്ങൾ എടുക്കാനുണ്ട്. അതുകഴിഞ്ഞാൽ ഉടൻ സിനിമ ചിത്രീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴും അതിന്റെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്,’ പാർവതി പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും മറ്റൊരു ജോലി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും പാർവതി പറയുന്നു. ഒരു നടിയെന്ന നിലയിൽ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾക്ക് പരിമിതിയുണ്ടെന്നും അതിനപ്പുറമുള്ള തന്റെ ഭാവനയെ പുറത്തുകൊണ്ടുവരാൻ സംവിധാനത്തിലൂടെ കഴിയുമെന്നും താരം വ്യക്തമാക്കി.
‘എനിക്ക് വേറെ ഒരു ജോലിയും അറിയില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ എനിക്ക് അറിയൂ. ഒരു ഘട്ടത്തിൽ ഇനി വേറെ എന്ത് ജോലി എടുക്കും എന്ന് നോക്കിയപ്പോഴാണ് എനിക്ക് വേറെ ഒന്നും അറിയില്ലെന്ന് മനസിലായത്. ഒരു നടിയെന്ന രീതിയിൽ എനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾക്ക് ഒരു പരിമിതിയുണ്ട്. അപ്പോൾ ചില കഥകൾ എന്റെ ഉള്ളിൽ കിടക്കുന്ന ഭാവനയെ പുറത്തുകൊണ്ടുവരാൻ എനിക്ക് സംവിധാനം ചെയ്യുകയോ എഴുതുകയോ മാത്രമേ അറിയൂ,’ പാർവതി പറഞ്ഞു.
എഴുത്തിൽ താൻ അത്ര ശക്തയല്ലെങ്കിലും സംവിധാനത്തെ ഒരു പരിഭാഷകന്റെ ജോലി പോലെയാണ് കാണുന്നതെന്നും പാർവതി പറയുന്നു. ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ തന്റെ മനസിലുള്ള കാഴ്ചപ്പാട് സിനിമയാക്കി മാറ്റാൻ കഴിയുന്നതാണ് സംവിധാനത്തിലേക്ക് തന്നെ ആകർഷിച്ചതെന്നും താരം വ്യക്തമാക്കി.
പാർവതി തിരുവോത്ത്. Photo: Screengrab/ Youtube.com
‘എഴുത്ത് എനിക്ക് അധികം അറിയില്ല. പക്ഷേ സംവിധാനം എന്ന് പറയുന്നത് ഒരു പരിഭാഷകന്റെ ജോലി പോലെയാണ്. ആ കൂട്ടായ പ്രവർത്തനം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചില സംവിധായകർ എനിക്ക് തന്ന സ്വാതന്ത്ര്യം കൊണ്ടാണ് എന്റെ ഉള്ളിലെ ഭാവന വളർന്നതും ഡയറക്ഷൻ ചെയ്യാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞതും എന്ന് തോനുന്നു ,’ താരം പറഞ്ഞു.
2019-2020 കാലഘട്ടം വരെ സിനിമയെ ഇത്തരത്തിൽ ഷോട്ടുകളായി കാണുന്ന ശീലം തനിക്കുണ്ടായിരുന്നില്ലെന്നും ഒരു ഘട്ടത്തിൽ സ്ക്രിപ്റ്റ് വായിക്കുന്നതിനിടെ തന്റെ കാഴ്ചപ്പാട് മാറിയെന്നും പാർവതി ഓർത്തെടുത്തു.
‘ഒരു സ്ക്രിപ്റ്റ് കിട്ടി വായിക്കുമ്പോൾ ഞാൻ അതിലെ ഓരോ രംഗവും എങ്ങനെ ചിത്രീകരിക്കണമെന്ന് ചിന്തിക്കാൻ തുടങ്ങി. ഞാൻ എന്തിനാണ് ഇങ്ങനെ ഓരോ രംഗവും വേർതിരിച്ച് ചിന്തിക്കുന്നത് എന്ന് എനിക്ക് തന്നെ തോന്നി. ഞാൻ വായിക്കേണ്ടത് കഥാപാത്രത്തെയായിരുന്നു. പക്ഷേ ഞാൻ അത് എന്റെ മനസിൽ ദൃശ്യവത്ക്കരിക്കാൻ തുടങ്ങി. അപ്പോഴാണ് എനിക്ക് അതിൽ വലിയ കൗതുകം തോന്നിയത്. അതിന് ശേഷം സ്ക്രിപ്റ്റ് വായിക്കുന്ന രീതി തന്നെ മാറി,’ പാർവതി പറഞ്ഞു.
ഒരു സംവിധായകയായി എത്തുമ്പോൾ തന്റെ കാഴ്ചപ്പാട് എങ്ങനെ മാറുമെന്ന് പഠിക്കാനും സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കാനുമാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി. ആദ്യ സംവിധാനത്തിൽ തെറ്റുകൾ സംഭവിച്ചേക്കാം. എന്നാൽ ഒരു സിനിമ പരാജയപ്പെട്ടതിന്റെ പേരിൽ ഒരു സംവിധായകന്റെ അവസരങ്ങൾ അവസാനിക്കരുതെന്നാണ് പാർവതിയുടെ നിലപാട്.
പാർവതി തിരുവോത്ത്. Photo: Screengrab/ Youtube.com
‘നമ്മൾ ഇപ്പോൾ സിനിമാ മേഖലയിൽ കാണുന്ന ഭൂരിഭാഗം സംവിധായകരും അഭിനേതാക്കളും ഒരുപാട് തവണ പരാജയപ്പെട്ടിട്ടുള്ളവരാണ്. പക്ഷേ നമ്മൾ അവർക്ക് വീണ്ടും അവസരം നൽകുന്നു. അവർക്ക് പിന്നെയും വലിയ സിനിമകൾ ലഭിക്കുന്നു. ഒരു പരാജയം കാരണം ഇനി അയാളെക്കൊണ്ട് സിനിമ ചെയ്യിപ്പിക്കില്ലെന്ന് ഒരു നിർമാതാവും പറയുന്നില്ല. പക്ഷേ നേരെ മറിച്ച് സ്ത്രീകൾക്ക് ആ തെറ്റ് ചെയ്യാൻ കഴിയില്ല. നമ്മൾ ചെയ്യുന്ന ഒരു സിനിമ പരാജയപ്പെട്ടാൽ പോലും അത് വലിയൊരു പ്രശ്നമായി മാറുകയാണ്,’ പാർവതി പറഞ്ഞു.
Content Highlight: Parvathy Thiruvothu opens up about directing alongside her acting career