മലയാള സിനിമയിൽ നിന്ന് മനസിലേറ്റ മുറിവുമായാണ് തെലുങ്കിലേക്ക് പോയതെന്ന് നടി അനുപമ പരമേശ്വരൻ. ‘പ്രേമം’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തിയ അനുപമയ്ക്ക് ചിത്രത്തിലെ മേരിയെന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. എന്നാൽ സിനിമയിൽ പ്രതീക്ഷിച്ചതിനേക്കാൾ ചെറിയ റോൾ ലഭിച്ചതും അതിന് പിന്നാലെയുണ്ടായ ട്രോളുകളും തന്നെ ഏറെ ബാധിച്ചിരുന്നുവെന്നും താരം പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
‘എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അപ്പുറത്തുള്ള ലോകമായിരുന്നു സിനിമ. അതുകൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിക്കുകയോ അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്തിരുന്നില്ല. ‘പ്രേമ’ത്തിന്റെ കാസ്റ്റിങ് കോൾ കണ്ട് സി.എം.എസ് കോളജിൽ എന്റെ ക്ലാസ്മേറ്റായിരുന്ന അർച്ചനയാണ് ഫോട്ടോകളെടുത്ത് അയച്ചത്. ഓഡിഷനിൽ പങ്കെടുത്തു. സിനിമയിലേക്ക് എൻട്രിയും കിട്ടി,’ അനുപമ പറഞ്ഞു.
സിനിമയിൽ അവസരം ലഭിച്ച കാര്യം പോലും അന്ന് കൂട്ടുകാരോട് പറഞ്ഞിരുന്നില്ല. സിനിമയിൽ അവസരം ലഭിച്ചാലും കഥാപാത്രത്തെ കട്ട് ചെയ്യാനുള്ള സാധ്യതയുണ്ടല്ലോ എന്നായിരുന്നു താൻ ചിന്തിച്ചിരുന്നതെന്നും താരം പറഞ്ഞു.
‘സിനിമയിൽ അവസരം കിട്ടിയാലും നമ്മുടെ റോൾ കട്ട് ചെയ്യാനും സാധ്യതയുണ്ടല്ലോ. വന്ന് കഴിഞ്ഞ് പറയാമെന്ന് കരുതിയത് അതുകൊണ്ടാണ്,’ താരം പറഞ്ഞു.
‘ആലുവാപ്പുഴയുടെ തീരത്ത്…’ എന്ന ഗാനം പുറത്തിറങ്ങിയതോടെ മേരിക്ക് സിനിമയിലും വലിയ പ്രാധാന്യമുണ്ടാകുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാൽ സിനിമയിൽ മൂന്ന് നായികമാരുണ്ടായിരുന്നെങ്കിലും തന്റെ കഥാപാത്രത്തിന് താരതമ്യേന ചെറിയ പ്രാധാന്യമാണ് ലഭിച്ചത്. അതിന് പിന്നാലെ വലിയ രീതിയിലുള്ള കളിയാക്കലുകളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘ആലുവാപ്പുഴയുടെ തീരത്ത്…’ പാട്ട് പുറത്തിറങ്ങിക്കഴിഞ്ഞ് എല്ലാവരും കരുതിയത് മേരിക്ക് സിനിമയിലും പാട്ടിലെപ്പോലെ തന്നെ വലിയ റോൾ ഉണ്ടാകുമെന്നാണ്. സിനിമയിൽ മൂന്ന് നായികമാരുണ്ടായിരുന്നല്ലോ. എന്റെ റോൾ വളരെ ചെറുതും. നല്ല കളിയാക്കൽ കിട്ടി. ട്രോൾ തുടങ്ങുന്ന സമയമായിരുന്നു അത്. ‘ഇതിനാണോ ഇവൾ ഇത്രയും തള്ളിയതും അഹങ്കരിച്ചതും’ എന്നുള്ള ആറ്റിറ്റ്യൂഡായിരുന്നു പലർക്കും. അതുപോരേ ആ പ്രായത്തിൽ തകർന്നുപോകാൻ,’ അനുപമ ഓർത്തെടുത്തു.
അന്ന് വീട്ടുകാർക്കും സിനിമാലോകവുമായി വലിയ പരിചയമുണ്ടായിരുന്നില്ല. അച്ഛനും അമ്മയും സിനിമാരംഗത്ത് തീരെ പരിചയമില്ലാത്തവരായിരുന്നതിനാൽ, ആ സമയത്ത് തന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അവർക്കും അറിയില്ലായിരുന്നുവെന്നും അനുപമ വ്യക്തമാക്കി.
ഈ അനുഭവങ്ങൾക്കുശേഷമാണ് നല്ലൊരു റോൾ വന്നാൽ മാത്രം ഇനി മലയാള സിനിമ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അതിനിടയിലാണ് തെലുങ്കിൽ നിന്ന് സംവിധായകൻ ത്രിവിക്രം ശ്രീനിവാസിന്റെ വിളിയെത്തുന്നത് എന്നും താരം പറഞ്ഞു.
‘നല്ല റോൾ വന്നാലേ ഇനി മലയാളം സിനിമ ചെയ്യൂ എന്ന് ചിന്തിച്ചപ്പോഴാണ് തെലുങ്കിൽ നിന്ന് ത്രിവിക്രം ശ്രീനിവാസ് വിളിക്കുന്നത്. നല്ല സംവിധായകനാണ് അദ്ദേഹം. അങ്ങനെ തെലുങ്കിൽ പോയി. ഭാഷ പഠിച്ചെടുത്തു നന്നായി പെർഫോം ചെയ്ത് പേരെടുത്തിട്ട് മലയാളത്തിൽ തിരികെ വരാം എന്ന് തീരുമാനിച്ചു,’ അനുപമ പറഞ്ഞു.
Content Highlight: Anupama Parameswaran opens up about the challenges she faced in the early stages of her film career