ഏറെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം. 2023ല്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്നു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ ചിത്രം അനൗണ്‍സ്മെന്റ് മുതല്‍ വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു. ആര്‍.ഡി.എക്സ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ വരവറിയിച്ച നഹാസ് ഹിദായത്തും ഐ ആം ഗെയിമിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു.

ഐ ആം ഗെയിം. Photo: X.com
ഷൂട്ടിങ് ആരംഭിച്ചത് മുതല്‍ 2026 ഓണത്തിനായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് വാര്‍ത്തകള്‍ പുറത്തുവരികയും ആഗസ്റ്റ് 20ന് ചിത്രം റിലീസ് ചെയ്യുമെന്ന് അനൗണ്‍സ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം ഓണം ക്ലാഷ് റിലീസില്‍ നിന്നും ഐ ആം ഗെയിം മാറ്റിവെക്കുകയായിരുന്നു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന സവിശേഷതയോടെയാണ് റിലീസിനെത്തിയത്.
ഇപ്പോഴിതാ പ്രതീക്ഷകളെയെല്ലാം ശരിവെക്കുന്ന വിധത്തിലാണ് ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെയുള്ള പ്രതികരണങ്ങള്‍. 3 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താരത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമായെന്നാണ് ചിത്രം കണ്ടിറങ്ങിയവരില്‍ പലരും അഭിപ്രായപ്പെടുന്നത്. മലയാളത്തില്‍ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ആശയമാണ് ചിത്രത്തിലേതെന്നും പ്രേക്ഷകര്‍ക്ക് കണക്ടാകുന്ന വിധത്തില്‍ സംവിധായകന്‍ നഹാസ് ചിത്രം ഒരുക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്.

ഐ ആം ഗെയിം. Photo: District
ചിത്രത്തിന്റെ ആദ്യ പകുതി അതിഗംഭീരമായെന്നാണ് കമന്റുകളില്‍ ഭൂരിഭാഗവും. ജേക്ക്‌സ് ബിജോയിയയുടെ ബി.ജി.എമ്മും ഗാനങ്ങളും ശരാശരിയിലും മികച്ചുനില്‍ക്കുന്നുവെന്നും ആന്റണി വര്‍ഗീസ് പെപെയുടെ പെര്‍ഫോമന്‍സ് ചിത്രത്തിന്റെ ഹൈലൈറ്റാണെന്നും പ്രതികരണമുണ്ട്. എന്നാല്‍ രണ്ടാം പകുതി പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഒരു ഫാന്റസി എലമെന്റ് സംവിധായകന്‍ ചിത്രത്തില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും ഇത് നന്നായി തന്നെ അവതരിപ്പിച്ചുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Content Highlight: Good Response for I’m Game movie starring Dulquer Salmaan
