ചെന്നൈ: കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ വി.എസ് ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി.

തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യാന്‍ സമര്‍പ്പിച്ച റിട്ട് ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടിയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊളത്തൂരില്‍ സ്റ്റാലിനെ 8,795 വോട്ടുകള്‍ക്കാണ് വി.എസ്. ബാബു പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ ഇ.വി.എം, വി.വി.പാറ്റ് പരിശോധനയില്‍ ക്രമക്കേടുകളും പൊരുത്തക്കേടുകളും ഉണ്ടായെന്നാരോപിച്ചായിരുന്നു സ്റ്റാലിന്റെ നിയമനടപടി.

മെയ് ഏഴിന് 286 പോളിങ് സ്റ്റേഷനുകളില്‍ 14 എണ്ണത്തിലെ ഇ.വി.എമ്മുകളും വിവിപാറ്റുകളും പരിശോധിക്കണമെന്ന് സ്റ്റാലിന്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ഏകദേശം മൂന്ന് മാസത്തിന് ശേഷം ജൂലൈ 29നാണ് പരിശോധന ആരംഭിച്ചതെന്ന് ഹരജിയില്‍ പറയുന്നു. പോളിങ് സ്റ്റേഷനുകള്‍ 1, 4, 17, 28, 32, 75, 78, 79, 84, 87, 112, 122, 157, 170 എന്നിവിടങ്ങളിലെ യന്ത്രങ്ങളാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്.

പരിശോധനയ്ക്കിടെ 28, 75 പോളിങ് സ്റ്റേഷനുകളിലെ ഓരോ വി.വി.പാറ്റ് വീതം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയെന്നും തകരാറിന്റെ കാരണം കൃത്യമായി വ്യക്തമാക്കിയില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു.

കൂടാതെ 14 പോളിങ് സ്റ്റേഷനുകളിലെ വി.വി.പാറ്റ് പ്രിന്റഡ് സ്ലിപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലം സംബന്ധിച്ച വിവരവും ലഭ്യമല്ലായിരുന്നെന്നാണ് ഹരജിയില്‍ പറഞ്ഞത്.

കൊളത്തൂര്‍ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്യാന്‍ റിട്ട് ഹരജി മതിയാകില്ലെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് ഹരജിയാണ് നല്‍കേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റാലിന്റെ ഹരജി തള്ളിയത്.

ഇതോടെയാണ് കൊളത്തൂരിലെ വി.എസ്. ബാബുവിന്റെ വിജയം ചോദ്യം ചെയ്ത സ്റ്റാലിന്റെ നിലവിലെ നിയമനടപടിക്ക് തിരിച്ചടിയായത്.

Content Highlights: Setback for Stalin in Kolathur; Madras High Court dismisses petition challenging TVK MLA’s victory.