വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് ഉപരോധ മുന്നറിയിപ്പുമായി യു.എസ്. ഇന്ത്യയ്ക്ക് വിദേശനയം പിന്തുടരാനുള്ള അവകാശമുണ്ടെങ്കിലും യു.എസ് ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
കിര്‍ഗിസ്ഥാനിലെ ബിഷ്‌കകില്‍ നടന്ന 26ാമത് ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയില്‍ വെച്ചായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പിന്നാലെയാണ് റൂബിയോയുടെ മുന്നറിയിപ്പ്.
എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വ്യാപാരകരാറുകള്‍ക്ക് രൂപം നല്‍കുന്നുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.
‘ദി ബ്രയാന്‍ കില്‍മീഡ് ഷോ’ എന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ഓരോ രാജ്യത്തിനും അവരുടെതായ വിദേശനയമുണ്ട്. എന്നാല്‍ യു.എസ് ഉപരോധങ്ങളെ മറികടക്കാന്‍ ഇറാനെ ആരും സഹായിക്കരുത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനും ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനുമുള്ള വരുമാനം കണ്ടെത്തുന്നതിനുമാണത്. അവരെ ആരും സഹായിക്കരുതെന്ന് യു.എസ് പ്രസിഡന്റ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,’ റൂബിയോ പറഞ്ഞു.
ഇത്തരത്തില്‍ ഇറാനെ സഹായിക്കാനായി മുന്നോട്ട് വരുന്ന രാജ്യങ്ങള്‍ അമേരിക്കയുടെ ഉപരോധം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
ഉഭയകക്ഷി വ്യാപാരം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ യുദ്ധത്തിലൂടെയല്ല മറിച്ച് സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Sanctions if Iran is aided: US issues warning following Modi-Pezeshkian meeting.
