2026 ഫിഫ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോര്‍ച്ചുഗലിനോട് തോറ്റ് ക്രോയേഷ്യ പുറത്തായതില്‍ കടുത്ത അമര്‍ഷവും നിരാശയും പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച്.

മത്സരത്തില്‍ ക്രോയേഷ്യയായിരുന്നു മികച്ച ടീമെന്നും എന്നാല്‍ വാര്‍ സാങ്കേതികവിദ്യയുടെ മോശം ഉപയോഗവും തെറ്റായ തീരുമാനങ്ങളുമാണ് ടീമിന് തിരിച്ചടിയായതെന്നും റയല്‍ മാഡ്രിഡ് ഇതിഹാസം കൂടിയായ മോഡ്രിച്ച് തുറന്നടിച്ചു.

ലൂക്കാ മോഡ്രിച്ച്.

എ.എസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരത്തിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിലാണ് ക്രോയേഷ്യയും പോര്‍ച്ചുഗലും ഏറ്റുമുട്ടിയത്. ഇവാന്‍ പെരിസിച്ചിലൂടെ 53ാം മിനിറ്റില്‍ ക്രോയേഷ്യ മുന്നിലെത്തിയെങ്കിലും പിന്നാലെ ലഭിച്ച വിവാദ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് (68′) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി.

തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ (90+4′) ഗോണ്‍സാലോ റാമോസിലൂടെ പോര്‍ച്ചുഗല്‍ വിജയഗോള്‍ നേടി. തൊട്ടുപിന്നാലെ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ ക്രോയേഷ്യയ്ക്കായി സമനില ഗോള്‍ കണ്ടെത്തിയെങ്കിലും പന്തിനുള്ളിലെ മൈക്രോചിപ്പ് സാങ്കേതികവിദ്യ പരിശോധിച്ച വാര്‍, പന്ത് ഇഗോര്‍ മറ്റാനോവിച്ചിന്റെ മുടിയില്‍ തട്ടിയെന്ന് കണ്ടെത്തി ഓഫ്‌സൈഡ് വിളിച്ച് ഗോള്‍ റദ്ദാക്കുകയായിരുന്നു.

‘അതെ, ഇത്തരത്തില്‍ ഒരു മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങള്‍ വളരെ മികച്ചൊരു മത്സരമാണ് പുറത്തെടുത്തതെന്ന് ഞാന്‍ കരുതുന്നു; പോര്‍ച്ചുഗലിനേക്കാള്‍ മികച്ച ടീം ഞങ്ങള്‍ തന്നെയായിരുന്നു, പ്രത്യേകിച്ച് രണ്ടാം പകുതിയില്‍.

അതിനുമുമ്പ് തന്നെ മത്സരം ഞങ്ങള്‍ക്ക് അനുകൂലമാക്കി അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നു. സാങ്കേതികവിദ്യയുടെ കാര്യത്തിലേക്ക് വന്നാല്‍, ഫുട്‌ബോളിന് അത് ഒരു പരിധിവരെ നല്ലതാണെന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ അവര്‍ അത് വളരെ മോശമായും, ടീമുകളുടെ വലിപ്പം നോക്കി വളരെ ലഘുവായ രീതിയിലുമാണ് ഉപയോഗിക്കുന്നത്,’ താരം പറഞ്ഞു.

‘ഇത്തരം കാര്യങ്ങളെക്കുറിച്ച് അധികം സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ആ മത്സരത്തില്‍ അവസാന ഗോളിന്റെ കാര്യം മാത്രമല്ല, ഒരു പെനാല്‍റ്റിയും ഉണ്ടായിരുന്നു.

ഇതുപോലൊരു പെനാല്‍റ്റിയാണ് നിങ്ങള്‍ വിളിക്കുന്നതെങ്കില്‍… ഇരു കളിക്കാരും പരസ്പരം പിടിവലി നടത്തുകയായിരുന്നുവെന്നും താന്‍ ഒന്നും കണ്ടില്ലെന്നുമാണ് കളിക്കളത്തില്‍ വെച്ച് റഫറി ഞങ്ങളോട് പറഞ്ഞത്.

രണ്ട് രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒരു ഗ്രേ ഏരിയയിലാണെങ്കില്‍ വാര്‍ ഇടപെടരുത്. നൂറു ശതമാനവും വ്യക്തമായ തെറ്റാണെങ്കില്‍ മാത്രമേ അവര്‍ ഇടപെടാവൂ, അല്ലാത്തപക്ഷം പാടില്ല,’ മോഡ്രിച്ച് പറഞ്ഞു.

‘അതുകൊണ്ടാണ് തീരുമാനങ്ങള്‍ എടുക്കാന്‍ നമുക്ക് റഫറിമാരുള്ളത്, അല്ലാത്തപക്ഷം റഫറിങ് നടത്താന്‍ റോബോട്ടുകളെ കൊണ്ടുവരേണ്ടിവരും. അവര്‍ ഇത് തെറ്റായാണ് ഉപയോഗിക്കുന്നതെന്നും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു.

ഓഫ്‌സൈഡുകള്‍ അല്ലെങ്കില്‍ ഗോള്‍ലൈന്‍ തീരുമാനങ്ങള്‍ എന്നിവയ്ക്ക് സഹായിക്കുന്നതിനാല്‍ ഒരു ഭാഗത്ത് ഇത് നല്ലതാണ്, എന്നാല്‍ അവര്‍ ഇത് തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നത്.

200% വരുന്ന വന്‍ പിഴവുകള്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കൂ എന്നാണ് ആദ്യം ഞങ്ങളോട് വിശദീകരിച്ചിരുന്നത്, എന്നാല്‍ അതല്ലെങ്കില്‍ തീരുമാനങ്ങള്‍ ഫുട്‌ബോളിന്റെ ഭാഗമായി തന്നെ നില്‍ക്കണം, ആ തീരുമാനം റഫറിമാര്‍ തന്നെയാണ് എടുക്കേണ്ടത്,’ മോഡ്രിച്ച് പറഞ്ഞു.

ക്രോയേഷ്യയെ റൗണ്ട് ഓഫ് 32ല്‍ മറികടന്ന് മുന്നേറിയെങ്കിലും, തൊട്ടടുത്ത റൗണ്ട് ഓഫ് 16ല്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.

 

Content highlight: Luka Modrić breaks his silence on the defeat against Portugal at the 2026 FIFA World Cup.