ചെന്നൈ: ഭര്‍ത്താവ് ജോലിക്കായി മാറി താമസിക്കുമ്പോള്‍ ഭാര്യയും കൂടെപ്പോകണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വോഡഫോണ്‍ പരസ്യത്തിലെ പഗ് നായയെ പോലെ ഭര്‍ത്താവ് പോവുന്നിടത്തെല്ലാം ഭാര്യയും പോവണമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ജി.ആര്‍ സ്വാമിനാഥന്‍, എം.ഡി സുമതി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. ദമ്പതികള്‍ തമ്മിലുള്ള ദീര്‍ഘകാല വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ശ്രദ്ധേയമായ ഈ നിരീക്ഷണം.

തൊഴില്‍ ആവശ്യത്തിനായി ഭാര്യയെ കൂടെ കൂട്ടാതെ മുംബൈയിലേക്ക് മാറിയ ഭര്‍ത്താവ് ദാമ്പത്യ കടമകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശിവഗംഗ കുടുംബ കോടതി ഭര്‍ത്താവിന്റെ വിവാഹമോചന ഹരജി തള്ളിയിരുന്നു. കോടതി ഈ ഉത്തരവ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാ സാഹചര്യങ്ങളിലും ഭാര്യയെ കൂടെ കൂട്ടാന്‍ ഭര്‍ത്താവിന് സാധിച്ചെന്നു വരില്ലെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവ് ഒരു സൈനികനാണെങ്കില്‍ ബാരക്കുകളില്‍ കുടുംബമായി താമസിക്കാന്‍ സാധിക്കില്ലെന്നും ഭാര്യക്ക് മറ്റെവിടെയെങ്കിലും ജോലിയുണ്ടാകാമെന്നും കോടതി ചൂണ്ടിക്കാട്ടി.

കുടുംബ കോടതിയുടെ വിപ്ലവാത്മക നിലപാടിനെ ഫെമിനിസ്റ്റുകള്‍ അഭിനന്ദിച്ചേക്കാമെങ്കിലും അതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. 1992-ല്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.

കഴിഞ്ഞ 16 വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഭര്‍ത്താവിനൊപ്പം വീണ്ടും ജീവിക്കാന്‍ ഭാര്യയുടെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, ദാമ്പത്യബന്ധം വീണ്ടെടുക്കാനാവാത്തവിധം തകര്‍ന്നിരിക്കുന്നുവെന്നും വിലയിരുത്തിയ ഹൈക്കോടതി, ദീര്‍ഘകാലമായുള്ള വേര്‍പിരിയല്‍ ഹിന്ദു വിവാഹ നിയമ പ്രകാരം ‘ക്രൂരത’യുടെ പരിധിയില്‍ വരുമെന്ന സുപ്രീം കോടതി വിധി മുന്‍നിര്‍ത്തി വിവാഹമോചനം അനുവദിച്ചു.

 

Content Highlight:A wife need not follow her husband like the pug in the Vodafone advertisement: Madras High Court.