ലണ്ടൺ: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ യു.കെ സന്ദർശനത്തിനെതിരെ വിമർശനവുമായി ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ സംഘടനകൾ. മോഹൻ ഭാഗവതിനും മറ്റ് ആർ.എസ്.എസ്. നേതാക്കൾക്കും എതിരെ ഉപരോധം ചുമത്തുകയും അവരെ ബഹിഷ്‌കരിക്കുകയും അപലപിക്കുകയും ചെയ്യണമെന്ന് ബ്രിട്ടണിലെ 21 ഇന്ത്യൻ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാരിന്റെ മത വിശ്വാസ സ്വാതന്ത്ര്യ പ്രതിനിധിക്കും വിദേശകാര്യ ഓഫീസിനും സംഘടനകൾ കത്തയക്കുകയും ചെയ്തിരുന്നു.
സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, യു.കെ. ഇന്ത്യൻ മുസ് ലിം കൗൺസിൽ, ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, ഇന്ത്യ ലേബർ സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് ഈ കാര്യം ആവശ്യപ്പെട്ടത്. ബ്രിട്ടിഷ് എം.പിമാർ അടക്കം ഭാഗവതിന്റെ സന്ദർശനത്തെ ചോദ്യം ചെയ്തിരുന്നെന്ന് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗാന്ധി വധവും 2002ലെ ഗുജറാത്ത് വംശഹത്യയും അടക്കമുള്ള അതിക്രമങ്ങൾക്ക് ആർ.എസ്.എസ് ഉത്തരവാദിയാണെന്ന് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് പ്രതിനിധി മുക്തി ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ന് മുസ് ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന ആസൂത്രിതമായ വംശീയ ഉൻമൂലനത്തിനും ആർ.എസ്.എസ് ഉത്തരവാദിയാണെന്നും അവർ പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ ആർ.എസ്.എസിന്റെ പ്രതിച്ഛായ മറച്ചുവെക്കാനും ബ്രിട്ടനിലെ ദക്ഷിണേഷ്യക്കാർക്കിടയിൽ സംഘർഷം സൃഷ്ടിക്കാനും മോഹൻ ഭഗവതിനെ അനുവദിക്കരുതെന്നും ഷാ ആവശ്യപ്പെട്ടു.
ഭാഗവതിന്റെ യു.കെ. സന്ദർശനം ആശങ്കാജനകമാണെന്ന് യു.കെ ഇന്ത്യൻ മുസ് ലിം കൗൺസിലിന്റെ മുഹമ്മദ് ഒവൈസ് അഭിപ്രായപ്പെട്ടു. അത്തരം ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ സാധാരണവൽക്കരിക്കുന്നതിനുള്ള ഒരു വേദിയായി യു.കെ മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ആർ.എസ്.എസുമായി ബന്ധപ്പെട്ടതോ അതിന്റെ ഭാഗമായതോ ആയ സംഘടനകൾ യു.കെയിൽ സമൂഹങ്ങളുടെ ധ്രുവീകരണം വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ മിസ്റ്റർ ഭാഗവതിന്റെ യു.കെ സന്ദർശനം പ്രത്യേകിച്ചും ആശങ്കാജനകമാണ്.’ ഒവൈസ് പറഞ്ഞു.
ആർഎസ്എസും മോഹൻ ഭാഗവതും വിദേശത്ത് ‘സാർവത്രിക ഏകത്വം’, ‘നാനാത്വത്തിൽ ഏകത്വം’ എന്നിവയെക്കുറിച്ച് സംസാരിക്കുകയാണെങ്കിലും ഇന്ത്യയിൽ അവർ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ് അംഗം രാജീവ് സിൻഹ പറഞ്ഞു. ഭാഗവതിനെ യു.കെ സ്വാഗതം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇന്ത്യയിൽ മോഹൻ ഭാഗവത് വർഗീയ അക്രമത്തിന് പ്രേരിപ്പിക്കുന്നു, ഇസ് ലാമോഫോബിക്കായ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, 1000 വർഷമായി ഹിന്ദു സമൂഹം യുദ്ധത്തിലാണെന്ന് സംസാരിക്കുന്നു. എന്നിട്ട് വിദേശത്ത് അയാൾ സാർവത്രിക ഏകത്വം, നാനാത്വത്തിൽ ഏകത്വം എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. യു.കെയിലോ മറ്റെവിടെയെങ്കിലുമോ ആർഎസ്എസിനെ സ്വാഗതം ചെയ്യരുത്.’ സിൻഹ പറഞ്ഞു.
ആർ.എസ്.എസും മോഹൻ ഭാഗവതും എല്ലാ ഹിന്ദുക്കൾക്കും വേണ്ടി സംസാരിക്കുന്നില്ലെന്നും മനസാക്ഷിയുള്ള ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാൻ അവർക്ക് കഴിയില്ലെന്നും സിൻഹ അഭിപ്രായപ്പെട്ടു. ‘ആർ.എസ്.എസും മോഹൻ ഭാഗവതും എല്ലാ ഹിന്ദുക്കൾക്കും വേണ്ടി സംസാരിക്കുന്നില്ല, സംസാരിക്കാനും കഴിയില്ല. അവർ മനസാക്ഷിയുള്ള ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നില്ല.’ സിൻഹ പറഞ്ഞു.
മതന്യൂനപക്ഷങ്ങളെയും അടിച്ചമർത്തപ്പെട്ട ജാതികളെയും അധ്വാനിക്കുന്ന ജനങ്ങളെയും ഒരുപോലെ അടിച്ചമർത്തി നിർമിച്ച ഒരു പദ്ധതിയുടെ പ്രത്യയശാസ്ത്രപരമായ നട്ടെല്ലാണ് ആർ.എസ്.എസ് എന്ന് ഇന്ത്യ ലേബർ സോളിഡാരിറ്റി പ്രതിനിധി പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. ആർ.എസ്.എസിന് ഇവിടെ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന അവരുടെ നേതാവിനെ ബ്രിട്ടൺ സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിട്ടിഷ് എം.പിയായ ജെറമി കോർബിൻ ആർ.എസ്.എസ് നേതാവിന്റെ സന്ദർശനത്തിനെതിരെ നിലപാടെടുത്തിട്ടുണ്ടെന്നും സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഭാഗവതിന്റെ സന്ദർശനത്തിനെതിരെ എം.പി നാദിയ വിറ്റ്മോർ പാർലമെന്റിൽ ചോദ്യമുന്നയിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ആഭ്യന്തര വകുപ്പ് ശരിയായ വിലയിരുത്തൽ നടത്തിയിട്ടാണോ ഭാഗവതിന്റെ പരിപാടിക്ക് അനുമതി നൽകിയതെന്നാണ് നാദിയ വിറ്റ്മോർ ചോദിച്ചത്.
തീവ്ര വലതുപക്ഷ അക്രമങ്ങളുടെ ചരിത്രമുള്ള ഒരു വിദ്വേഷ ഗ്രൂപ്പിന്റെ നേതാവിന് ബ്രിട്ടൺ വേദി നൽകരുതെന്നാണ് ജെറമി കോർബിൻ അഭിപ്രായപ്പെട്ടത്. മതസ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയും ന്യൂനപക്ഷങ്ങൾക്കെതിരായ ഭീകരമായ ആക്രമണങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്ത സംഘടനയാണ് ആർ.എസ്.എസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വേച്ഛാധിപത്യവും വിവേചനവും പുറംതള്ളലുമാണ് ആർ.എസ്.എസിന്റെ ആശയങ്ങൾ. നമ്മുടെ നഗരത്തിൽ ഇത്തരത്തിലുള്ള വിദ്വേഷത്തിന് ഇടമുണ്ടാകരുത്. ഇത് മുന്നോട്ട് പോകുന്നത് ശരിക്കും ഭയാനകമാണെന്നും കോർബിൻ പറഞ്ഞു.
ഭാഗവതിന്റെ സന്ദർശനത്തിനെതിരെ ലണ്ടൻ മേയർ സാദിഖ് ഖാന് ബ്രിട്ടണിലെ ഇന്ത്യൻ പ്രവാസി സംഘടനകൾ കത്തയച്ചിരുന്നു. മേയറുടെയോ ഗ്രേറ്റർ ലണ്ടൻ അസംബ്ലിയുടെയോ സഹായം ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്ക് നൽകരുതെന്ന് കത്തിൽ പറയുന്നു. ഗ്രേറ്റർ ലണ്ടൻ അസംബ്ലിയുടെ സ്ഥലം ഇതിനായി വിട്ടുകൊടുക്കരുതെന്നും കത്തിൽ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെയാണ് (സെപ്റ്റംബർ രണ്ട്, ബുധൻ) ഭാഗവത് യു.കെയിലെത്തിയത്. ഈ മാസം ഏഴ് വരെ ഭാഗവതിന്റെ യു.കെ സന്ദർശനം തുടരും. ഇതിന്റെ ഭാഗമായി നോർത്ത് വെസ്റ്റ് ലണ്ടനിൽ സെപ്റ്റംബർ ആറിന് പ്രത്യേക സംവാദ പരിപാടിയിൽ മോഹൻ ഭാഗവത് പങ്കെടുക്കും.
സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, യു.കെ ഇന്ത്യൻ മുസ്‌ലിം കൗൺസിൽ, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് യു.കെ, പെരിയാർ അംബേദ്കർ സ്റ്റഡി സർക്കിൾ, ഇന്ത്യ ലേബർ സോളിഡാരിറ്റി (യു.കെ), സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പെയ്ൻ, ദളിത് സോളിഡാരിറ്റി നെറ്റ്വർക്ക് (ഡി.എസ്.എൻ-യു.കെ), മുസ്‌ലിം എൻഗേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് (എം.ഇ.എൻ.ഡി), ബർമിംഗ്ഹാം ബ്ലാക്ക് സിസ്റ്റേഴ്സ്, ഇന്റർനാഷനൽ സോളിഡാരിറ്റി ഫോർ അക്കാദമിക് ഫ്രീഡം ഇൻ ഇന്ത്യ (ഇൻസാഫ് ഇന്ത്യ), ജോയിന്റ് കമ്മിറ്റി ടു സ്റ്റോപ് റിപ്രഷൻ ഇൻ ഇന്ത്യ (ജെ.സി.എസ്.ആർ.ഐ), മൈനോരിറ്റി റൈറ്റ്‌സ് ഗ്രൂപ്പ്, ബ്ലാക്ക് ആന്റ് ബ്രൗൺ റെയിൻബോ, മില്ല്യൺ വിമൺ റൈസ്, സ്‌ട്രൈവ് യുകെ, ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ (ജി.ബി), നിജ്ജോർ മനുഷ്, സൗത്ത് ഏഷ്യൻ ലിബറേഷൻ മൂവ്‌മെന്റ്, ഡോയ്കായ്റ്റ് കളക്ടീവ്, പൊഴിൽ തമിഴ് വിമൺസ് ഓർഗനൈസേഷൻ, ഇൻഡസ് ലെഗസി എന്നിവയാണ് മോഹൻ ഭാഗവതിന്റെ സന്ദർശനത്തെ അപലപിക്കുന്ന പ്രവാസി സംഘടനകൾ.
Content Highlight: UK Diaspora Groups Comment On Mohan Bhagwat & Rss Leadership Visit
