ഇന്ത്യയുടേത് യാതൊരു വിവേചനവുമില്ലാത്ത പാരമ്പര്യം; മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും രാജ്യത്ത് പീഡന ഭയമില്ലാതെ ജീവിക്കുന്നു: മോഹന്‍ ഭാഗവത്
India
ഇന്ത്യയുടേത് യാതൊരു വിവേചനവുമില്ലാത്ത പാരമ്പര്യം; മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും രാജ്യത്ത് പീഡന ഭയമില്ലാതെ ജീവിക്കുന്നു: മോഹന്‍ ഭാഗവത്
നിഷാന. വി.വി
Tuesday, 1st September 2026, 10:21 am

ന്യൂദല്‍ഹി: വിദേശത്തേക്ക് യാത്ര ചെയ്ത ഇന്ത്യക്കാര്‍ ഒരിക്കലും പ്രാദേശിക ജനങ്ങളെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പകരം ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളായ വേദങ്ങള്‍, യോഗ, ആയുര്‍വേദം എന്നിവ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്ന് ഭാഗവത് പറഞ്ഞു.

മൂന്ന് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കാനഡയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ടൊറന്റോയില്‍ 175 സംഘടനകളില്‍ നിന്നുള്ള 2,000-ത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത ‘ഹിന്ദു വിശ്വബന്ധു: ലോകത്തെ സൗഹൃദത്തോടെ സ്വീകരിക്കുക’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാരീരിക രൂപത്തിലും നിറത്തിലും മറ്റ് ബാഹ്യ സവിശേഷതകളിലും വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മനുഷ്യകുലം അടിസ്ഥാനപരമായി ഒന്നാണെന്ന വിശ്വാസത്തിലാണ് ഇന്ത്യയുടെ കാഴ്ചപ്പാട് വേരൂന്നിയിരിക്കുന്നതെന്നും ഭാഗവത് പറഞ്ഞു.

‘മുഴുവന്‍ ഭൂമിയും ഒരു കുടുംബമാണ്, അടിസ്ഥാനപരമായി നമ്മളെല്ലാം ഒന്നാണ്,’ വിശാലമനസ്‌കരും അറിവുള്ളവരുമായ ആളുകള്‍ ‘വസുധൈവ കുടുംബകം’ തത്വം സ്വീകരിക്കുന്നുു,’ അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ സേവിക്കുക എന്നത് അടിസ്ഥാനപരമായ ഒരു കടമയാണെന്നും ഇന്ത്യ ഒരു വിശ്വ ഗുരുവായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും സഞ്ചരിച്ച ഇന്ത്യക്കാരുടെ പൂര്‍വ്വികര്‍ മറ്റ് ജനവിഭാഗങ്ങളെ കീഴടക്കാനോ സംഘടിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടാനോ ശ്രമിച്ചിട്ടില്ലെന്നും പകരം ഇന്ത്യയുടെ അറിവും തത്ത്വചിന്തയും പാരമ്പര്യങ്ങളും പങ്കുവെക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ പൂര്‍വ്വികര്‍ മെക്‌സിക്കോയില്‍ നിന്ന് സൈബീരിയയിലേക്ക് സഞ്ചരിച്ചു. അവര്‍ ഹിമാലയം കാല്‍നടയായി കടക്കുകയും ചെറിയ ബോട്ടുകളില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് പോകുകയും ചെയ്തു, എന്നാല്‍ അവര്‍ ഒരു രാജ്യവും കീഴടക്കിയില്ല. അവര്‍ അറിവും ജ്യോതിശാസ്ത്രവും ആയുര്‍വേദവും നല്‍കി, സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കി,’ അദ്ദേഹം പറഞ്ഞു.

യാതൊരു വിവേചനവുമില്ലാതെ മറ്റുള്ളവരെ സഹായിക്കുന്ന പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളതെന്നും മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, യഹൂദന്മാര്‍, പാഴ്‌സികള്‍ എന്നിവര്‍ക്ക് പീഡന ഭയമില്ലാതെ രാജ്യത്ത് സമാധാനപരമായ അഭയം ലഭിച്ചിട്ടുണ്ടെന്നും വാദിച്ചു.

‘ലോകത്തിന് എന്താണോ വേണ്ടത് അത് നമ്മള്‍ സൃഷ്ടിക്കുകയും പിന്നീട് നല്‍കുകയും വേണം. എന്നാല്‍ നമ്മള്‍ അത് എങ്ങനെ നല്‍കും? നമ്മള്‍ ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. നമ്മുടെ പൂര്‍വ്വികര്‍ എല്ലാ രാജ്യങ്ങളിലേക്കും പോയിട്ടുണ്ട്. അവര്‍ ഒരിക്കലും ഒന്നും നിര്‍ബന്ധപൂര്‍വ്വം ചെയ്യിച്ചില്ല. ഉള്ളില്‍ നിന്ന് നയിക്കുകയും സ്വന്തം മാതൃകയിലൂടെ വഴിനടത്തുകയും ചെയ്യുന്ന നേതാക്കളാണ് നമ്മള്‍,’ ഹിന്ദു സമൂഹത്തോടായി ഭാഗവത് പറഞ്ഞു.

Content Highlight: India has a tradition free from discrimination; Muslims and Christians live in the country without fear of persecution: Mohan Bhagwat.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.