2026-27 ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണും സൗത്ത് സോണും തമ്മിലാണ് പോരാടുന്നത്. ഇരു ടീമുകളും മികച്ച പ്രകടനത്തോടെയാണ് ഫൈനലില്‍ എത്തിയത്. നിലവിലെ ചാമ്പ്യന്മാരായ സെന്‍ട്രല്‍ സോണിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഈസ്റ്റ് സോണ്‍ ഫൈനല്‍ ടിക്കറ്റ് എടുത്തത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഈസ്റ്റ് സോണ്‍ 124ന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് സമ്മര്‍ദത്തിലായെങ്കിലും ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ പുറത്താകാതെ 39 റണ്‍സ് ടീമിന് നിര്‍ണായകമായി. മുഹമ്മദ് ഷമിയും മുകേഷ് കുമാറും ഉള്‍പ്പെട്ട ബൗളിങ് നിരയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മറുവശത്ത് നോര്‍ത്ത് സോണിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൗത്ത് സോണ്‍ ഫൈനലില്‍ പ്രവേശിച്ചത്. ക്യാപ്റ്റന്‍ തിലക് വര്‍മയുടെ മികച്ച ബാറ്റിങ് പ്രകടനമാണ് ടീമിന്റെ വിജയത്തിന് കരുത്തായത്. ആദ്യ ഇന്നിങ്‌സില്‍ പുറത്താകാതെ 116 റണ്‍സ് നേടിയ തിലക്, വിജയകരമായ രണ്ടാം ഇന്നിങ്സ് ചേസില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. 181 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് സോണ്‍ മറികടന്നു.

ദേവ്ദത്ത് പടിക്കല്‍
എന്നാല്‍ ഫൈനലിന് മുന്നോടിയായി സൗത്ത് സോണ്‍ ഇരട്ടി ശക്തി പ്രാപിച്ചിരിക്കുകയാണ്. സൗത്ത് സോണിന് വേണ്ടി ദുലീപ് ട്രോഫി ഫൈനലില്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലും മുഹമ്മദ് സിറാജും കളത്തിലിറങ്ങുമെന്നാണ് പുതിയ വിവരങ്ങള്‍. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ മിന്നും പ്രകടനം നടത്തിയാണ് പടിക്കല്‍ തിരിച്ചുവരുന്നത്. മൂന്ന് ഇന്നിങ്‌സില്‍ നിന്നും 328 റണ്‍സ് നേടിയാണ് പടിക്കല്‍ കരുത്ത് കാട്ടിയത്. രണ്ട് സെഞ്ച്വറിയടക്കം 109.33 എന്ന ശരാശരിയിലായിരുന്നു താരത്തിന്റെ റണ്‍ വേട്ട. അതേസമയം മൂന്ന് ഇന്നിങ്‌സില്‍ നിന്ന് നാല് വിക്കറ്റാണ് നേടിയതെങ്കിലും സിറാജ് പേസ് ബൗളിങ്ങിന് ഏറെ കരുത്ത് നല്‍കുമെന്ന് ഉറപ്പാണ്.

മുഹമ്മദ് സിറാജ്
ഇഷാന്‍ കിഷന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് സോണും തിലക് വര്‍മ നയിക്കുന്ന സൗത്ത് സോണും തമ്മിലുള്ള ഫൈനലില്‍ ആരായിരിക്കും വിജയിക്കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 55 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗത്ത് സോണിനെതിരെ പരാജയപ്പെട്ടതിന്റെ കണക്ക് തീര്‍ക്കാന്‍ ഈസ്റ്റ് സോണിന് സാധിക്കുമോ, അതോ ചരിത്രം ആവര്‍ത്തിക്കുമോ എന്നറിയാന്‍ ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
55 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണും സൗത്ത് സോണും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 1970-71 സീസണിലാണ് ഇരുടീമുകളും അവസാനമായി ദുലീപ് ട്രോഫിയുടെ കലാശപ്പോരില്‍ ഏറ്റുമുട്ടിയത്. അന്ന് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗത്ത് സോണ്‍ 10 വിക്കറ്റിന് വിജയിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.
Content Highlight: Devdutt Padikkal and Mohammed Siraj might play for East Zone in the Duleep Trophy final
