ഭരണഘടനാപരമായ തുല്യതയെ റദ്ദ് ചെയ്യാന്‍ ആര്‍ക്കും ലൈസന്‍സില്ല; അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരം: റോജി. എം .ജോണ്‍
Kerala
ഭരണഘടനാപരമായ തുല്യതയെ റദ്ദ് ചെയ്യാന്‍ ആര്‍ക്കും ലൈസന്‍സില്ല; അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരം: റോജി. എം .ജോണ്‍
നിഷാന. വി.വി
Monday, 31st August 2026, 4:22 pm

തിരുവനന്തപുരം: സ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടരുതെന്ന സമസ്ത നേതാവ് കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി. എം ജോണ്‍.

അടുക്കളകളില്‍ നിന്ന് സ്ത്രീകള്‍ അരങ്ങുകളിലേക്കെത്തിയത് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആയിരുന്നില്ലെന്നും നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് അങ്ങിനെയൊരു സാമൂഹിക മുന്നേറ്റം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന പ്രതിലോമകരമായ ചിന്താഗതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവര്‍ത്തിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്,’ മന്ത്രി പറഞ്ഞു.

മാറ് മറക്കാനുള്ള അവകാശത്തിനായി ഉജ്വലമായ പോരാട്ടം നടന്ന നാടാണിതെന്നും ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വേദിയില്‍ കയറി പ്രസംഗിച്ച് കേളപ്പജിക്ക് ശേഷം നിരാഹാരം കിടക്കാമെന്ന് പ്രഖ്യാപിച്ച ആര്യ പള്ളത്തിന്റെ നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ പുലയടീച്ചര്‍ എന്ന വിളികേട്ട് തളര്‍ന്ന് വീഴാതെ വീണ്ടും പോരാടി ഇന്ത്യന്‍ ഭരണഘടനയില്‍ തന്റെ പ്രാതിനിധ്യം എഴുതിച്ചേര്‍ത്ത ദാക്ഷായണി വേലായുധന്റെ നാടാണ്. ”ഞാനാണ് നേതാവ്, ആദ്യം എനിക്ക് നേരെ വെടിവെക്ക്” എന്ന് പറയാന്‍ ഭയപ്പെടാത്ത അക്കാമ്മ ചെറിയാന്റെ നാടാണ്. ചരിത്രത്തില്‍ പേര് രേഖപ്പെടുത്തപ്പെട്ടവരും ഇല്ലാത്തവരുമായ അസംഖ്യം മനുഷ്യര്‍ വെട്ടിത്തെളിച്ച വിപ്ലവകരമായ നവോത്ഥാന വഴികളിലൂടെയാണ് സ്ത്രീസമൂഹം അവകാശങ്ങള്‍ നേടിയെടുത്തത്,’ റോജി. എം ജോണ്‍ പറഞ്ഞു.

ഇന്ത്യയൊട്ടാകെ നോക്കിയാല്‍ സാവിത്രിഭായ് ഫൂലയെ പോലുള്ളവര്‍ കൊളുത്തിവെച്ച വിദ്യാഭ്യാസത്തിന്റെ വെളിച്ചമാണ് കോടിക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് സ്വപ്നം കാണാന്‍ ധൈര്യം നല്‍കിയതെന്നും ഇവിടെ ഭൂമിയില്‍ മാത്രമല്ല, അങ്ങ് ശൂന്യാകാശത്തും ഇടം കണ്ടെത്തിയ സുനിത വില്യംസിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയെന്ന ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കിനെ നയിച്ചുകൊണ്ടിരിക്കുന്നത് ദ്രൗപതി മുര്‍മുവെന്ന വനിതയാണ്. ഈ രാജ്യം നിലനില്‍ക്കുന്നത് ഭരണഘടനാപരമായ തുല്യ നീതിയിലാണ്. ലിംഗ, ജാതി, മത ഭേദമന്യേ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് കൂടിയുള്ളതാണ്. ഭരണഘടനാപരമായ ആ തുല്യതയെ റദ്ദ് ചെയ്യാനുള്ള ലൈസന്‍സ് ഒരാള്‍ക്കുമില്ല. ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ്. അതിനെ പിന്നോട്ട് തിരിക്കാന്‍ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയും,’ റോജി. എം. ജോണ്‍ കുറിച്ചു.

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നടക്കം കൊച്ചിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ ഇന്നലെ കാന്തപുരം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പിന്നാലെയാണ് റോജി എം.ജോണിന്റെ പ്രതികരണം.

ഇത്തരത്തില്‍ സ്ത്രീകളെ പൊതുയിടങ്ങളില്‍ പ്രദര്‍ശിരപ്പിക്കരുതെന്ന് കാണിച്ച് കൊണ്ട് മദ്രസകള്‍ക്കും മഹല്ല് കമ്മിറ്റികള്‍ക്കും കാന്തപുരം വാര്‍ത്താ കുറിപ്പും അയച്ചിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമാവുന്നത്.

 

Content Highlight: No one has the license to nullify constitutional equality; the mindset that seeks to send women back from the public stage to the kitchen is regressive: Roji M. John.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.