അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യ പോരാട്ടം സെപ്റ്റംബര്‍ 13നാണ് അരങ്ങേറുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 15നും അവസാന മത്സരം 17നുമാണ് നടക്കുക.
ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. സിംബാബ്‌വേക്കെതിരായ ടി-20 പരമ്പരയില്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം ഉണ്ടായിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്.
ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അഫ്ഗാന്‍ പരമ്പരയില്‍ ഇടം നേടി വമ്പന്‍ തിരിച്ചുവരവ് നടത്താനാണ് സഞ്ജു തയ്യാറെടുക്കുന്നത്.
ഈ പരമ്പരയില്‍ സഞ്ജുവിനെ കാത്തിരിക്കുന്ന ഒരു പുത്തന്‍ നാഴികക്കല്ലാണ്. അഫ്ഗാനെതിരെ ഏഴ് റണ്‍സ് കൂടി നേടിയാല്‍ ഇന്റര്‍നാഷണല്‍ ടി-20യില്‍ ഓപ്പണര്‍ എന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ മലയാളി താരത്തിന് സാധിക്കും.

ഇന്ത്യക്ക് വേണ്ടി 66 ടി-20യില്‍ കളത്തിലിറങ്ങിയ സഞ്ജു 1432 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ ഓപ്പണര്‍ എന്ന നിലയില്‍ 993 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. മൂന്ന് വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും സഞ്ജു ഓപ്പണറായി സ്വന്തമാക്കിയിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍. അഭിഷേക് ശര്‍മ തുടങ്ങിയ താരങ്ങളെല്ലാം ഈ നാഴികക്കല്ല് ഇതിന് മുമ്പ് പിന്നിട്ടവരാണ്. അതുകൊണ്ട് തന്നെ ഏഴ് റണ്‍സ് കൂടി നേടിയാല്‍ ഈ വമ്പന്‍ താരങ്ങള്‍ക്കൊപ്പം തന്റെ പേര് എഴുതിച്ചേര്‍ക്കാനും മലയാളി താരത്തിന് സാധിക്കും.
അതേസമയം അഫ്ഗാനെതിരായ സ്‌ക്വാഡില്‍ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങളും ഇടം നേടിയിട്ടുണ്ട്. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരകള്‍ ശ്രേയസിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
എന്നാല്‍ സിംബാബ്‌വേക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യ അയ്യരുടെ കീഴില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനെതിരെയും പരമ്പര വിജയം അവര്‍ത്തിക്കാനാവും ഇന്ത്യ കളത്തിലിറങ്ങുക.
Content Highlight: Sanju Samson need 7 runs to create a huge record in T20
