ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് ക്രോയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ച്. റൊണാൾഡോയുടെ ഗോൾ സ്കോറിങ് മികവിനെ പ്രശംസിച്ച മോഡ്രിച്ച് പോർച്ചുഗീസ് ഇതിഹാസത്തിന് 1000 ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്ക് നടന്നുകയറാൻ സാധിക്കുമെന്നും പറഞ്ഞു.

റൊണാൾഡോ 50 വയസ് വരെ കളിച്ചാലും ഗോളുകൾ നേടിക്കൊണ്ടിരിക്കുമെന്നും മോഡ്രിച്ച് പറഞ്ഞു.  എ.എസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റയൽ മാഡ്രിഡ് ഇതിഹാസം.

‘ക്രിസ്റ്റ്യാനോ അവിശ്വസനീയമായ താരമാണ്. അദ്ദേഹം ഒരു പ്രതിഭാസമാണ്. അദ്ദേഹം ആ സംഖ്യയിലെത്തുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല. ഇതുവരെ റൊണാൾഡോ നേടിയ കാര്യങ്ങളും ഇപ്പോഴും മികച്ച രീതിയിൽ കളിക്കുന്നതും വളരെ പ്രശംസനീയമാണ്. ഞങ്ങൾ ഒരുമിച്ച് സ്വന്തമാക്കിയ വിജയങ്ങൾ കാരണം അദ്ദേഹത്തോട് എനിക്ക് പ്രത്യേക സ്നേഹമുണ്ട്.

റൊണാൾഡോ എത്രയും വേഗം ആ സംഖ്യയിലെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് കുറഞ്ഞത് ഒരു വർഷം മുന്നിലുണ്ട്. തീർച്ചയായും ഞാൻ പറഞ്ഞത് പോലെ അദ്ദേഹം അവിടെയെത്തും. റൊണാൾഡോ എത്ര കാലം കൂടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. 50 വയസ് വരെ കളിച്ചാലും അദ്ദേഹം ഗോളുകൾ നേടിക്കൊണ്ടിരിക്കും. ഗോളുകൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവും ആത്മവിശ്വാസത്തോടെ കളിക്കുന്ന രീതിയും അവിശ്വസനീയമാണ്,’ ലൂക്ക മോഡ്രിച്ച് പറഞ്ഞു.

നിലവിൽ തന്റെ 41ാം വയസിലും പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. സൗദിയിൽ അൽ നസറിനൊപ്പം ഈ സീസണിലും റൊണാൾഡോ ഗോൾ വേട്ട തുടങ്ങിയിട്ടുണ്ട്.

നിലവിൽ ഇതുവരെ 978 ഗോളുകൾ എതിരാളികളുടെ വലയിൽ എത്തിച്ചാണ് റൊണാൾഡോ കുതിക്കുന്നത്. 22 ഗോളുകൾ കൂടി നേടാൻ റൊണാൾഡോക്ക് സാധിച്ചാൽ 1000 ഗോളുകളെന്ന മാന്ത്രിക സംഖ്യയിലേക്ക് നടന്നുകയറാൻ സാധിക്കും.

റൊണാൾഡോ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് റയൽ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണയാണ് റൊണാൾഡോ റയൽ മാഡ്രിഡിന് വേണ്ടി ലക്ഷ്യം കണ്ടത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി കളത്തിലിറങ്ങിയ റൊണാൾഡോ 145 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും സ്‌പോർട്ടിങ്ങിന് വേണ്ടി അഞ്ച് ഗോളുകളും റൊണാൾഡോ നേടി. പോർച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. സൗദി ക്ലബ്ബിന് വേണ്ടി 131 ഗോളുകളും നേടിയാണ് റൊണാൾഡോ കുതിക്കുന്നത്.

അടുത്തിടെ ഈ സീസണായിരിക്കും ഫുട്ബോളിലെ തന്റെ അവസാന വർഷമെന്ന് റൊണാൾഡോ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ അവസാന സീസണിൽ റൊണാൾഡോ ആയിരം ഗോളുകളെന്ന വലിയ നേട്ടം സ്വന്തമാക്കി മടങ്ങാനാകും റൊണാൾഡോ ലക്ഷ്യം വെക്കുക.

 

Content Highlight: Luka Modric praises Portugal legend Cristiano Ronaldo